Showing posts with label കേരളം. Show all posts
Showing posts with label കേരളം. Show all posts

Tuesday, September 9, 2014

മൂലക്കുരു, മൂലക്കുരു..നാടെങ്ങും മൂലക്കുരു !!



  ഗരങ്ങളില്‍ പോസ്റ്റര്‍ ഒട്ടിക്കലും, പത്രങ്ങളുടെ കൂടെ നോട്ടീസ് വിതരണം ചെയ്യലും ഒക്കെ ഒരു ചെറുകിട വ്യവസായമായി വളര്‍ന്നു വരികയാണ്. പത്രമുതലാളിമാര്‍ നല്‍കുന്ന നക്കാപിച്ച മൂക്കില്‍ വലിക്കാന്‍ പോലും തികയാതെ വരുമ്പോള്‍ പത്ര ഏജന്റുമാര്‍ക്ക് ആകെയുള്ള ആശ്വാസമാണ് ഈ നോട്ടീസുകള്‍. ഫോട്ടോ കോപ്പി എടുത്തു വിതരണം ചെയ്യാന്‍ മാത്രം വരിക്കാറുള്ള ചില പത്രങ്ങളുടെ വിതരണക്കാര്‍ക്ക് ഇതാണ് പ്രധാന വരുമാനം എന്നത് വേറെ കാര്യം . നന്നേ രാവിലെ പത്രം തുറക്കുമ്പോള്‍ തന്നെ ഓരോ പേജില്‍ നിന്നും അടര്‍ന്നു വീഴുന്ന നോട്ടീസുകള്‍ തന്നെ പത്രത്തെക്കാള്‍ തൂക്കം വരും. പുതുതായി ഓരോ പത്രങ്ങള്‍ തന്നെ നോട്ടീസ് കണക്കെ രംഗപ്രവേശം ചെയ്യുമ്പോള്‍ അത്തരം നോട്ടീസുകള്‍ വായിക്കാതെ മാറ്റി വെക്കാമെങ്കിലും അവഗണിക്കാന്‍ പറ്റാത്ത ഒന്നുണ്ട്. അത് പൊതു സ്ഥലങ്ങളില്‍ ഇടം പിടിച്ചിട്ടുള്ള പോസ്റ്റര്‍ പരസ്യങ്ങളാണ്. വീട്ടിനുള്ളിലെത്തുന്ന മൂലക്കുരു നോട്ടീസ് കാണുമ്പോഴേക്കും കണ്ണ് തിരിക്കുന്ന മലയാളിക്ക് അങ്ങാടികളില്‍ എത്തിയാല്‍ കണ്ണ് തിരിക്കാനാവില്ല. തിരിക്കുന്നിടത്തൊക്കെ കാണും മൂലക്കുരു, അര്‍ശസ്, ഭഗന്ദരം എന്നെഴുതിയ വെണ്ടക്കാക്ഷരങ്ങള്‍. ഇങ്ങനെ ഗതികേട് വായിപ്പിച്ചെടുത്ത ആ അക്ഷരങ്ങള്‍ അണ്ണാക്കിലൂടെ ഊര്‍ന്നിറങ്ങി 'ആസന'സ്തനായിട്ടുണ്ടോ എന്നറിയാന്‍ ആരും ഒന്ന് പരതി നോക്കും കുരു പൊട്ടിയിട്ടുണ്ടോ എന്ന്. ഇത് തന്നെയാണ് മൂലക്കുരു പോസ്റ്ററിന്റെ വിജയവും.


  മുപ്പത്തിമുക്കോടി സംഘടനകളും സ്ഥാപനങ്ങളും ഒക്കെ പോസ്റ്ററും നോട്ടീസും പതിക്കുന്ന കാര്യത്തില്‍ നമ്മളെ മൂലക്കുരു, അര്‍ശസ് പോസ്റ്റര്‍ ഒട്ടിക്കുന്നവരെ കണ്ടു പഠിക്കണം.ഏതു മൂലക്കുരു ഇല്ലാത്തവനും നേരം വെളുത്താല്‍ കുരു പൊട്ടുന്ന തരത്തില്‍ ഒരിഞ്ചും സ്ഥലം ബാക്കിയാക്കാതെ അവര്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതു മൂലക്കുരു പൊട്ടുന്നത് പോലെ ഒരു കലാവിരുത് തന്നെയാണ്.. കാണുന്ന ചുമരും, വൈദ്യുതി പോസ്റ്റുകളും എല്ലാം ഈ മൂലക്കുരു പോസ്റ്റര്‍ കൊണ്ട് നിറഞ്ഞ ഇക്കാലത്ത് മക്കളുമായി പുറത്തിറങ്ങിയ പലര്‍ക്കും പറ്റിയ അക്കിടി ചില്ലറയല്ല.


  ആദ്യമായി സ്കൂളില്‍ പോയി തുടങ്ങി അക്ഷരങ്ങളൊക്കെ വായിച്ചു പഠിച്ചു വരുന്ന കുട്ടികള്‍ക്ക് തങ്ങളുടെ മുമ്പില്‍ കാണുന്നതൊക്കെ വായിച്ചു നോക്കുന്ന ഒരേര്‍പ്പാടുണ്ടല്ലോ .. തങ്ങളുടെ രക്ഷിതാക്കളുടെ കൂടെ ബസ്സിലിരുന്നു ബസ് സ്റ്റാന്റിലെ ചുമരിലും നോക്കി കുട്ടികള്‍ തപ്പിയും തടഞ്ഞും മൂ ..മൂ ..ല ക്കു രു എന്ന് വായിക്കുന്നത് കേള്‍ക്കുമ്പോള്‍ ഊറിച്ചിരിച്ചു പോയിട്ടുണ്ട്. മൂലക്കുരുവിന് കൂടെയുള്ള, അര്‍ഷസും, വെള്ളപോക്കും, മറ്റു ലൈംഗീക രോഗങ്ങളും കുട്ടികള്‍ വായിക്കുന്നതിനു മുമ്പ് രക്ഷിതാക്കള്‍ (സത്യായിട്ടും ഞാനല്ല..ട്ടോ )കുട്ടികളുടെ വായ പൊത്തുന്നതും കണ്ടിട്ടുണ്ട്. ഇന്നാട്ടില്‍ മൊത്തം മൂലക്കുരു രോഗികളാണ് എന്ന് തോന്നിപ്പിക്കും വിധം പുലര്‍ച്ചെ എണീറ്റ്‌ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോകുന്ന പയ്യന്മാരെ നിങ്ങളെ സമ്മതിച്ചിരിക്കുന്നു.


  നാട്ടിലെ ഒരു പള്ളിക്ക് മുമ്പിലെ മതിലില്‍ ഇത് പോലെ ഒരു മൂലക്കുരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. രാത്രി ആരോ ഒട്ടിച്ചു പോയ ഒരു മതപ്രഭാഷണത്തിന്റെ പോസ്റ്റര്‍ ഉണ്ടായിരുന്നു പള്ളിച്ചുമരില്‍. പ്രഗല്‍ഭനായ ഡോക്ടരേറ്റ് നേടിയ ആളാണ് മതപ്രഭാഷകന്‍ (ആളുടെ പേര് കൊന്നാലും ഞാന്‍ പറയൂല) പക്ഷെ ആ പോസ്റ്ററിനു മുകളിലാണ് പുലര്‍ച്ചെ ആരോ മൂലക്കുരു പോസ്റ്റര്‍ ഒട്ടിച്ചു പോയത്. പള്ളിയില്‍ നിന്നും നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങിയ ഡോക്ടറുടെ അനുയായിക്ക്‌ ഇത് കണ്ട പാടെ കുരു പൊട്ടി., അടിയിലെ പോസ്റ്റര്‍ ലേശം തെളിഞ്ഞു കാണുന്നുണ്ട് എന്ന് കണ്ടതോടെ അയാള്‍ മുകളിലെ മൂലക്കുരു പോസ്റ്റര്‍ മെല്ലെ അടര്‍ത്താന്‍ തുടങ്ങി. പക്ഷെ പശ നന്നായി ഒട്ടിയതിനാല്‍ കുറച്ചു ഭാഗം മാത്രമേ അടര്‍ത്താനായുള്ളൂ. അപ്പോഴേക്കും പള്ളിയില്‍ നിന്നും ബാക്കി ആളുകള്‍ വരി വരിയായി പുറത്തേക്ക് വന്നു തുടങ്ങി. പിന്നെ എന്ത് ചെയ്യാന്‍!! പോസ്റ്റര്‍ കീറുന്നത് കണ്ടാല്‍ ആകെ പൊല്ലാപ്പാവും എന്ന് കണ്ടതോടെ പുള്ളി മുങ്ങി. മുക്കാല്‍ ഭാഗവും മൂലക്കുരു പോസ്റ്ററും കാല്‍ ഭാഗം മതപ്രഭാഷണപോസ്റ്ററും ചേര്‍ത്തു ആളുകള്‍ വായിക്കാന്‍ തുടങ്ങിയതോടെ മതപ്രഭാഷകനായ ഡോക്ടര്‍ പിന്നെ മൂലക്കുരു പരിശോധകനായി മാറി. ഠിം...


  സംഘടനകള്‍ ചിന്നഭിന്നമായി പോസ്റ്ററുകളും പരിപാടികളും വര്‍ദ്ധിച്ചതോടെ പലേടത്തും സംഘര്‍ഷങ്ങള്‍ക്ക് വരെ കാരണമായിരുന്നു. പക്ഷെ ഈ മൂലക്കുരു പോസ്റ്റര്‍ വന്നതോടെ പലേടത്തും ഈ സംഘര്‍ഷങ്ങള്‍ക്ക് ഒരളവു വരെ അയവ് വന്നിട്ടുണ്ട് എന്ന് 'പഠനങ്ങള്‍' (അവലംബം മുക്കിപീഡിയ) തെളിയിക്കുന്നു. എത്ര വലിയ സമ്മേളനത്തിന്റെയും പ്രഭാഷണത്തിന്റെയും പോസ്റ്ററിനു മുകളിലും മൂലക്കുരു പോസ്റ്റര്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ ആളുകള്‍ ക്ഷമാ ശീലരായി. മൂലക്കുരു പോസ്റ്റര്‍ കീറി വെറുതെ മേല്പറഞ്ഞ രീതിയിലുള്ള മാനഹാനി വരുത്തേണ്ട എന്ന നിലപാടിലാണ് ഇന്ന് എല്ലാ സംഘടനകളും. ഒരേ പേരുപയോഗിക്കുന്നതിനാല്‍ തിരിച്ചറിയാന്‍ വേണ്ടി മാത്രം പോസ്റ്ററിനു അടിയില്‍ തങ്ങളുടെ കാംപയിനുകളും മേല്‍വിലാസങ്ങളും നല്‍കുന്ന ചില സംഘടനകള്‍ക്ക്ചില പള്ളികള്‍ പൂട്ടേണ്ടി വന്നപ്പോളെങ്കിലും മൂലക്കുരുവിന് ലേശം അയവ് വന്നോ എന്നും സംശയമില്ലാതില്ല. എല്ലാ പള്ളിച്ചുമരുകളിലും നിറയെ മൂലക്കുരു പോസ്റ്റര്‍ നിറയുമ്പോള്‍ എല്ലാ ഗ്രൂപ്പുകളുടെയും വീറും വാശിയും താനേ അടങ്ങുമെന്നു ചുരുക്കം..


  സുന്നി സംഘടനാ തര്‍ക്കങ്ങള്‍ മൂത്ത് നില്‍ക്കുന്ന സമയത്താണ് ചെമ്മാട്ട്‌ പണ്ട് ഒരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. 'കാന്തപുരവും, പേരോടും ഇന്ന്ചെമ്മാട്ട്‌' എന്നായിരുന്നു പോസ്റ്റര്‍. പിറ്റെന്നതാ തൊട്ടടുത്തു തന്നെ മറ്റൊരു പോസ്റ്റര്‍ ' കൊണ്ടോട്ടിയും, മഞ്ചേരിയും നാളെ പരപ്പനങ്ങാടിയില്‍' ചിരിക്കാന്‍ വേറെ എവിടെയെങ്കിലും പോണോ.?  ഇത്തരം കുരു പൊട്ടുന്ന ഏർപ്പാട് പൊതു ചുമരുകളിൽ ഇല്ലാതായി . പകരം എല്ലാം പൊട്ടിതെറിക്കാൻ പറ്റിയ ചുമരായി  ഫെയ്സ് ബുക്ക്‌ വാൾ മാറി... അതെ പറ്റി നോ കമന്റ് .... അതെ പോലെ ചിരിപ്പിച്ച ഒന്നായിരുന്നു അയാളും ഞാനും തമ്മില്‍ എന്ന സിനിമാ പോസ്റ്ററും . ദിവസേന നാല് കളികള്‍ എന്ന പോസ്റ്റര്‍ എടുത്തു സ്ഥലം മാറ്റി ഒട്ടിച്ച വിദ്വാന്മാരെയും ഈ മൂലക്കുരു സ്മരണയില്‍ ഓര്‍ക്കാതെ തരമില്ല.    

  റിലീസ് സിനിമകളുടെ പോസ്റ്ററില്‍ താരങ്ങളുടെ തലകള്‍ വെട്ടി മാറ്റി ഒട്ടിക്കുന്ന വിദ്വാന്മാരുമുണ്ട്. തങ്ങള്‍ക്കിഷ്ടമുള്ള നടിമാരുടെ ചിത്രം ഷക്കീലതാത്തയുടെ ഉടലില്‍ ഒട്ടിച്ചു സായൂജ്യമടയുന്നവരുമുണ്ട്. മദ്യ ലഹരിയില്‍ ഇത്തരം പോസ്റ്ററുകളില്‍ പോലും രാസലീലകള്‍ നടത്തുന്ന ഞരമ്പ് രോഗികളെയും കണ്ടിട്ടുണ്ട്. ഷക്കീല താത്ത സാരിയുടുത്തു സ്ക്രീനില്‍ നിന്നും ഇറങ്ങിപ്പോയതോടെ തിയേറ്ററുകളില്‍ ഉച്ചപ്പടങ്ങള്‍ ഇല്ലാതായി.പൊതു സ്ഥലങ്ങളില്‍ അത്തരം അശ്ലീല സിനിമാ പോസ്റ്ററുകളും നന്നേ കുറഞ്ഞു. അത്തരം സിനിമാ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്ന സ്ഥലങ്ങളില്‍ ഒക്കെയും 'മൂലക്കുരു' പരന്നിരിക്കുന്നു. എങ്ങനെയായാലും അത്തരം സ്ഥലങ്ങളില്‍ എത്തുമ്പോള്‍ ഇപ്പോഴും മക്കളുടെ കണ്ണ് പൊത്താന്‍ തന്നെ വിധി.


  എന്തായാലും പോലീസ് സ്റ്റേഷന്റെ ബോഡിന്മേലും, റെയില്‍വേ സ്റ്റെഷനിലും വരെ പോസ്റ്റര്‍ ഒട്ടിക്കാനുള്ള 'സ്വാതന്ത്ര്യം' അത് മൂലക്കുരുവിനും, അര്‍ഷസിനും മാത്രം സ്വന്തം.നാളിതു വരെ ഒരു മൂലക്കുരു ഡോക്ടറേയും പോലീസ് ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്തതായി കേട്ടിട്ടില്ല. മാത്രമല്ല പോലീസൊക്കെ ഇപ്പോള്‍ ജനമൈത്രിയായി മാറി. തീവണ്ടിയൊക്കെ ഇപ്പോള്‍ സമയത്തിനു ഓടാന്‍ തുടങ്ങി. കുറച്ചു മൂലക്കുരു പോസ്റ്റര്‍ നമ്മുടെ ന്യൂസ് ചാനലുകളില്‍ കൂടി ഒട്ടിക്കാന്‍ ഏര്‍പ്പാടാക്കിയാല്‍ ഓപറേഷന്‍ കൂടാതെ അവരുടെ രോഗവും സുഖപ്പെടുത്താം എന്നാണു ആകെ മൊത്തം ഉരിത്തിരിഞ്ഞു വരുന്നത്.


നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഈ പോസ്റ്റ്‌ വായിച്ചു ആര്‍ക്കെങ്കിലും മൂലക്കുരു പൊട്ടുന്നുണ്ടെങ്കില്‍ കമ്പനി ഉത്തരവാദിയാകുന്നതല്ല..ഠിം

Saturday, June 16, 2012

അച്ചുതാനന്ദന്‍ എന്ന സേഫ്റ്റിവാള്‍വും, രാജഗോപാലിന്റെ തഴമ്പും

അങ്ങനെ ശെല്‍വരാജ് ദേ പോയി ദാ വന്നിരിക്കുന്നു.. മുമ്പൊരു വെള്ളിയാഴ്ച സൂര്യനുദിക്കും മുമ്പാണ് പാര്‍ട്ടിയെ തള്ളിപ്പറയാനും എം എല്‍ എ സ്ഥാനം വലിച്ചെറിയാനും  മൂപ്പര്‍ക്ക് ബുദ്ധിയുദിച്ചത്, സൂര്യനുദിക്കും മുമ്പ്‌ ബുദ്ധിയുദിച്ചാല്‍ പിന്നെ പീ സി ജോര്‍ജിന് വിളിക്കുക എന്നതാണല്ലോ കീഴ്വഴക്കം. എല്ലാവരെയും കയ്യഴിഞ്ഞു സഹായിക്കാറുള്ള പീ സി ജോര്‍ജു യൂ ഡി എഫിലേക്കുള്ള  വഴി പറഞ്ഞു കൊടുത്തപ്പോഴേക്കും എല്ലാവരും പറഞ്ഞു ജോര്‍ജ്‌ മാത്രമല്ല 'ജോര്‍ജ്കുട്ടി'യും സഹായിച്ചിട്ടുണ്ടെന്ന്. തോമസ്‌ ഐസക്‌ ഒന്നും കൂടി കൂട്ടിപ്പറഞ്ഞു, മന്ത്രി സഭയില്‍ അത്യാവശ്യം 'ജോര്‍ജ്കുട്ടി'യൊക്കെയുള്ള കുഞ്ഞാലിക്കുട്ടിയാണ് ഇതിന്റെ പിന്നിലെന്ന്... ആര് പിന്നിലായാലും ശെല്‍വരാജ് ഇപ്പോള്‍ മുന്നിലാണ്.  ആദ്യ ലാപ്പില്‍ അമ്പേ പിന്നിലേക്ക് 'ദേ പോയി ശെല്‍വരാജ്' എന്ന് അമ്പരന്നവര്‍ പലരും പിന്നീട് രണ്ടാം സ്ഥാനത്തേക്ക് ദാ വന്നു എന്ന് ശ്വാസം വിടുന്നുണ്ടായിരുന്നു... വീണ്ടും മൂന്നാം സ്ഥാനത്തേക്ക് ദേ പോയി എന്ന് തലയില്‍ കൈ വെച്ചെങ്കിലും ഒന്നാം സ്ഥാനത്തേക്ക് ദാ വന്നു എന്ന് ഫ്ലാഷ് ന്യുസ് വന്നപ്പോഴാണ് ഇന്ദിരാ ഭവനില്‍ പലരും വെള്ളം പോലും കുടിച്ചത്. മാറി മാറി മറിഞ്ഞ ഈ ത്രികോണ മത്സരത്തിന്‍റെ അവസാന ലാപ്പില്‍ ഗപ്പടിച്ച ശെല്‍വരാജ് ഇനി ദേ പോകാഞ്ഞാല്‍ മതിയായിരുന്നു എന്നാണു മലയാളികളുടെ ഉള്ളുരുകിയുള്ള  പ്രാര്‍ത്ഥനയും.


പാര്‍ട്ടിക്കുള്ളില്‍ അച്യുതാനന്ദന് വേണ്ടി അങ്കം വെട്ടിയ ഈ അങ്കക്കോഴി ഒരു നിലാവുള്ള രാത്രിയില്‍ കൂട് വിട്ടതായിരുന്നല്ലോ. വലത്തേ കൂട്ടില്‍ കയറുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണ് എന്ന് കരുതി അന്താളിച്ചതായിരുന്നു ഈ അങ്കക്കോഴി. പക്ഷെ അങ്കത്തിനിറക്കിയ സാക്ഷാല്‍ അച്ചുമ്മാമന്‍ വരമ്പത്ത് നിന്ന് (പോളിറ്റ്‌ ബ്യുറോയുടെ) കൂലി വാങ്ങുന്നതല്ലാതെ മെയ്യനങ്ങി ഒന്ന് സഹായിക്കുന്നു പോലുമില്ല. മൂപ്പരെ കാര്യം തന്നെ അവിടെ കട്ടപ്പൊകയെങ്കില്‍ മൂപ്പരെങ്ങനെ സഹായിക്കും. പാര്‍ട്ടി പോളിറ്റ്‌ ബ്യുറോയില്‍ നിന്നു പുറത്തായ ശേഷം  അച്ചുതാനന്ദന്‍  പാര്‍ട്ടിയില്‍ വെറും നേര്‍ച്ചക്കോഴി...പിന്നെ ബാക്കി കോഴികളുടെ കാര്യം പറയേണ്ടല്ലോ. മുഴവന്‍ സമയവും ആകാശത്തേക്ക് കൈയുയര്‍ത്തി ഉടയതമ്പുരാനോട് പ്രാര്‍ത്ഥിക്കുന്ന ജെ സി ബിയെ മനസ്സില്‍ ധ്യാനിച്ചിട്ടും അച്യുതാനന്ദന് ഇതാണ് യോഗമെങ്കില്‍ അച്ചുതാനന്ദന്റെ കൂടെ കൂടിയവരുടെ കാര്യവും കട്ടപ്പൊക...  ജീവിതകാലത്തില്‍ എപ്പോഴോ അച്ചുതാനന്ദന്റെ കൂടെക്കൂടി എന്ന തെറ്റ് ചെയ്തുവെന്നു കരുതി ജീവിതകാലം മുഴവന്‍ നരകിക്കണമെന്നുണ്ടോ..അങ്ങനെ അച്യുതാന്ദന്റെ മറ്റൊരു അങ്കക്കോഴി കൂടി പാര്‍ട്ടിയില്‍ നിന്നും പെരുവഴിയിലേക്ക് ചാടിയിറങ്ങി..അതായിരുന്നു ശെല്‍വരാജ്.


പെരുവഴിയില്‍ ആത്മഹത്യ വലിയകുറ്റമാണ്, യൂ ഡി എഫ് ഭരണത്തില്‍ പ്രത്യേകിച്ചും. അങ്ങനെ ആത്മഹത്യ ചെയ്യുന്നവരെ പ്രത്യേകം തൂക്കികൊല്ലാനാണ് ഉമ്മന്‍ചാണ്ടി സര്‍കാറിന്റെ പരിപാടി, ഗംഗയെന്ന പേര് മാറ്റി ഗ്രയ്സ്‌ ആകുമ്പോഴേക്കും ഭരണത്തില്‍ ഉരുത്തിരിഞ്ഞു വരുന്ന  'ഇസ്ലാമിക വല്‍കരണം'  അതിവേഗം ബഹുദൂരം മുന്നേറുന്ന സാഹചര്യത്തില്‍ ഒരു പ്രതിപക്ഷ എം എല്‍ എ യും പെരുവഴിയില്‍ ആത്മഹത്യ ചെയ്യാന്‍ പാടില്ല.. അവര്‍ക്ക് മുന്നണിക്കുള്ളില്‍ തന്നെ ആത്മഹത്യക്ക് സൗകര്യം ചെയ്തു കൊടുക്കുക എന്നതാണ് ഒരു മിനിമം പ്രതിപക്ഷ ബഹുമാനം. ബാപ്പാന്റെ അടുത്തു നിന്നും പോരുകയും ചെയ്തു, ഉമ്മാന്റെയടുത്ത് ഒട്ട് എത്തിയതുമില്ല എന്നസ്ഥിതിയില്‍ പെരുവഴിയിലായ ശെല്‍വരാജിന് പിന്നെ യൂ ഡി എഫല്ലാതെ ആര് ചെയ്തു കൊടുക്കും ഈ സൗകര്യങ്ങളൊക്കെയും. അങ്ങനെയാണ് ശെല്‍വരാജ് യൂ ഡി എഫിന്റെ ജനലഴിക്കുള്ളിലേക്ക്  എത്തി നോക്കിയതും.

പ്രതിപക്ഷ എം എല്‍ എ യുടെ മണ്ഡലത്തില്‍ പോലും കോടികളുടെ വികസനപ്രവര്‍ത്തികള്‍ക്ക് അംഗീകാരം നല്‍കുന്ന  അഭിനവ ഖലീഫയായ ഖലീഫ ഉമ്മനെ കണ്ട പാടെ ശെല്‍വരാജിന് കണ്ണ് നിറഞ്ഞു.  മുമ്പ്‌ ബാപ്പാനെ വിട്ട് ഉമ്മന്റെയടുത്തെക്ക് വന്ന പീ സി ജോര്‍ജിനെ കൂടി കണ്ടപ്പോള്‍ ഒന്നും നോക്കിയില്ല ആത്മഹത്യ തന്നെ, ന്തേ അതെന്നെ. അങ്ങനെ  അവസാനത്തെ ബസ്സിനു ശേഷം വരുന്ന കെ എസ് ആര്‍ ടി സിക്കായി അച്ചുതാനന്ദന്‍ നില്‍ക്കുന്നത് പോലെ  കാത്തു നില്‍ക്കാതെ ശെല്‍വരാജും ഈ  അതിവേഗവണ്ടി കയറി  ഇന്ദിരാ ഭവനിലേക്ക് ...

പാര്‍ട്ടിയാകുന്ന സാഗരത്തില്‍ നിന്നും ബക്കറ്റിലേക്ക് മുക്കിയ കുറച്ചു വെള്ളം മാത്രമായിരുന്നു മുമ്പ്‌ അച്ചുതാനന്ദന്‍. പാര്‍ട്ടിക്കുള്ളിലെ അവസാനത്തെ കുലംകുത്തിയും പുറത്തു പോകുന്നത് വരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ നില്‍ക്കുന്ന ഒരു സേഫ്റ്റി വാള്‍വാണ് ഇപ്പോള്‍ അച്ചുതാനന്ദന്‍. പാര്‍ട്ടി പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വത്തോട് വിയോജിപ്പുള്ളവരെ ഈ സേഫ്റ്റിവാള്‍വിലേക്ക് ആകര്‍ഷിപ്പിക്കും,  പാര്‍ട്ടിക്ക് പുറത്തുള്ള ഇരകളോടൊപ്പം നിലയുറപ്പിക്കുകയും ചെയ്യും. പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി അയയുമ്പോള്‍ ഈ സേഫ്റ്റി വാള്‍വ് തുറന്നു വിടുകയും ചെയ്യും. പിന്നെ പാര്‍ട്ടിയെന്ന വേട്ടപ്പട്ടിയോടൊപ്പം ഓടലാണ് അച്യുതാനന്ദന്റെയും സ്ഥിരം പണി.സഖാവ് അച്ചുതാനന്ദന്‍ ഈ സമ്മര്‍ദതന്ത്രം പയറ്റാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പാര്‍ട്ടി പ്രവര്‍ത്തകരെ തന്നിലേക്ക് ആകര്‍ഷിപ്പിക്കുന്നുവെങ്കിലും പാര്‍ട്ടി നിലനില്‍ക്കാന്‍  ഈ സേഫ്റ്റിവാള്‍വ് തന്നെ വേണം എന്ന് പോളിറ്റ് ബ്യുറോയിലെ ഏതാനും പരിപ്പുവട പ്രേമികള്‍ക്കെങ്കിലും അറിയാം. അവരാണ് റിസര്‍വ്‌ ബാങ്കിലെ ഖജനാവ്‌ പോലെ അച്യുതാനന്ദനെ താങ്ങി കൊണ്ട് നടക്കുന്നതും. അത്തരം ഒരു താങ്ങിക്കൊണ്ട് വരലാണ് അവസാനലാപ്പില്‍ നെയ്യാറ്റിന്‍കരയില്‍ കണ്ടതും. 

പ്രതിസന്ധികള്‍ ഒന്നുമില്ലാത്ത സമയത്ത് അനാവശ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുക, അതിനു വേണ്ടി മാത്രം കൂടുന്ന അവൈലബിള്‍ പി ബി പറയുന്നതെന്തും ചെയ്യുക. കേരളം കുറെ കാലമായി കണ്ടു കൊണ്ടിരിക്കുന്ന പി ബി - വീ എസ് പൊതുമിനിമം പരിപാടിയുടെ അവസാനത്തെ ഉദാഹരണമാണ് നെയ്യാറ്റിന്‍കരയിലേത്. പാര്‍ട്ടി തന്നെ ഒരു സെപ്ടിക് ടാങ്ക് പോലെ ചീഞ്ഞു നാറിയ വേളയില്‍ ആ ടാങ്കിലേക്കാണ് വീ എസ്സിനോട് ഇറങ്ങാന്‍ പറഞ്ഞത്. പതിവ് പോലെ അപ്പുറവും ഇപ്പുറവും നോക്കാതെ ബക്കറ്റും വെള്ളവുമെടുത്തു  മൂപ്പര് ഇറങ്ങുകയും ചെയ്തു. പക്ഷെ ഒരു ബക്കറ്റ് വെള്ളം കൊണ്ട് മാത്രം വൃത്തിയാക്കാന്‍ പറ്റുന്നതല്ലല്ലോ പാര്‍ട്ടിക്കുള്ളിലുള്ളത്.

കേരളത്തിലെ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ ചരിത്രം ടി പി വധത്തിനു മുമ്പും ശേഷവും എന്ന രീതിയില്‍ വിഭജിക്കപ്പെട്ടതായി  രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നതിനിടയിലാണ് അച്ചുതാനന്ദന്‍ നെയ്യാറ്റിന്‍കരയിലേക്ക് എഴുന്നള്ളുന്നത്.  മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങാ വീണു എന്ന് പറഞ്ഞത് പോലെയാണ് ഇടുക്കിയില്‍ നിന്നും അതിനിടയില്‍ മണി മുഴങ്ങിയത്. ഇതോടെ അച്ചുതാനന്ദന്റെ വരവ് ബദറില്‍ ഇബ്‌ലീസ് ഇറങ്ങിയത് പോലെയായി.യൂ ഡി എഫിന് തണലായി പുറത്തു ചാടിയ മണി അച്ചുതാനന്ദന്‍ എന്ന സേഫ്റ്റി വാള്‍വടക്കം അടിച്ചു തകര്‍ത്താണ് കലിയടക്കിയത്. പാര്‍ട്ടി പട്ടിക വെച്ച് നടത്തിയ കൊലകളും, പാര്‍ട്ടി ഒളിപ്പിച്ചു വെച്ച പ്രതികളും ദിനംപ്രതി പുറത്തു വരാന്‍ തുടങ്ങിയതോടെ പാര്‍ട്ടിക്ക്  പിന്നെ ഒന്നും മറച്ചു വെക്കാനില്ലാതായി, മണിയെ പോലും!! ഉയര്‍ന്ന ശമ്പളം പോകട്ടെ, സമൂഹത്തില്‍ മാന്യത നല്‍കുന്ന ഏതോ ഒരു  കാറ്ററിംഗ് കോളേജ്‌ മൂക്കിനു താഴെ മൂന്നാറിലുണ്ടായിട്ടും മണിക്ക് അവിടെ പോയെങ്കിലും  മാന്യത പഠിക്കാമായിരുന്നില്ലേ എന്നാണു എന്റെ വിനീതമായ ചോദ്യം..

ഇടുക്കിയിലെ ഉടുക്ക്കൊട്ടും, ഏറനാട്ടെ വെടിക്കെട്ടും, കുട്ടനാടന്‍ കലാശക്കൊട്ടും സമം ചേര്‍ത്തു കഴിച്ചാണ് നെയ്യാറ്റിന്‍കരക്കാര്‍ പാര്‍ട്ടി സെക്രട്ടറിയെ അനുസരിച്ചത്. പാര്‍ട്ടി സെക്രട്ടറി പ്രമോട്ട് ചെയ്ത എല്ലാ ചിരിമരുന്നുകളും ഒരുമിച്ചു വയറിളക്കിയപ്പോള്‍ അതിരാവിലെ മുതല്‍ നെയ്യാറ്റിന്‍കര കുലംകുത്തി ഒഴുകുകയായിരുന്നു. പാര്‍ട്ടിയെ വരിഞ്ഞു മുറുക്കിയ വൈറസുകള്‍ സംസ്ഥാനമൊട്ടാകെ വ്യാപിച്ചതോടെ ആ ഒഴുക്കിനിടയിലേക്ക് അള്ളു വെക്കാനായിരുന്നു   അച്ചുതാനന്ദന്‍റെ പരിപാടി. ബക്കറ്റും വെള്ളവുമായി മൂപ്പര് നേരെ തിരിച്ചു  ഒഞ്ചിയത്തേക്ക്.. ചര്‍ദിയും അതിസാരവും പടരുമ്പോള്‍ ഒരു ബക്കറ്റ്‌ വെള്ളം കൊണ്ട് എന്ത് ചെയ്യാനാ എന്റെ അച്ചുമ്മാമാ എന്ന് ചോദിക്കാന്‍ ഒരു കെ ഈ എന്നും നാവനക്കിയില്ലല്ലോ.

സീ പി എമ്മിന്റെ ക്വോട്ടെശന്‍, കൊലവെറി, കൊലപാതക രാഷ്ട്രീയത്തിനെതിരെ വോട്ടു ചെയ്യണം എന്ന ദൃഡനിശ്ചയം നെയ്യാറ്റിന്‍കരക്കാര്‍ക്കുണ്ടായിരുന്നു. കൂറ്മാറ്റത്തിനും, കാലുമാറ്റത്തിനുമെതിരെ ഉയര്ന്നതിനേക്കാള്‍ തീവ്രത  ആ വികാരത്തിനായിരുന്നു.  തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയില്‍ പലരും ശെല്‍വരാജിന് ആഞ്ഞു കുത്തിയെങ്കിലും   കടലിനും ചെകുത്താനുമിടയിലായവര്‍ക്ക് താമരയായിരുന്നു പിന്നെ അവസാന പിടിവള്ളി. 

യൂ ഡി എഫ് മണി(യെ) കാണിച്ച് വോട്ടു പിടിച്ചെങ്കില്‍  പണ്ടെന്നോ മന്ത്രിയായതില്‍ ചന്തിയിലുള്ള തഴമ്പ് കാട്ടിയാണ് ബി ജെ പിയുടെ വോട്ടു പിടുത്തം. അനന്തപദ്മനാഭന്‍റെ മൂക്കിനു താഴെ ഏതു മണ്ഡലത്തിലാണെങ്കിലും ബി ജെ പി ക്ക് നിര്‍ത്താനുള്ളത് ഈ രാജഗോപാലും, കാണിക്കാനുള്ളത് ചന്തിയിലെ തഴമ്പുമാണ്. പിന്നെ പറയാനുള്ളത് ലീഗിന്റെ ഇസ്ലാമിക ഭരണവും! ഹല്ലാ പിന്നെ...  

അഞ്ചാം മന്ത്രി വിവാദത്തിലൂടെ  മാര്‍ക്സിസ്റ്റ്‌പാര്‍ട്ടി ആഗ്രഹിച്ച  സാമുദായിക ധ്രുവീകരണം രാജഗോപാല്‍ നന്നായി മുതലെടുത്തു എന്നും വിലയിരുത്താവുന്നതാണ്.  പെരുന്നയില്‍ പോയി പെറ്റ് കിടന്ന സഖാക്കളും, ബി ജെ പി യും തമ്മില്‍ ഉരുത്തിരിഞ്ഞു വന്ന അടവുനയത്തിന്റെ ആദ്യ പരീക്ഷണശാല കൂടിയായിരുന്നു നെയ്യാറ്റിന്‍കര. കോ ലീ ബി സഖ്യം എന്ന് പരിഹസിച്ചു പാടി നടന്നവര്‍ പുതിയ ജെ സീ ബി (ജനതാ ദള്‍ , സീ പി എം, ബി ജെ പി) സഖ്യം രൂപപ്പെടുത്തിയത് അച്യുതാനന്ദനെ കൂടി കണക്കിലെടുത്താവും.  ഇടതു ഭൂരിപക്ഷ പ്രദേശങ്ങളിലെ വോട്ടു ചോര്‍ച്ചയും, രാജഗോപാലിന് ലഭിച്ച വോട്ടു വര്‍ധനയും ചേര്‍ത്തു വായിച്ചാല്‍ ജെ സീ ബി സഖ്യത്തിന്റെ നയം വ്യക്തവുമാണ്.  

തലയുള്ളിടത്തോളം  കാലം ചീരാപ്പ്‌ മാറില്ല എന്ന് പറഞ്ഞത് പോലെ നെയ്യാറ്റിന്‍കര എന്നും സീ പി എമ്മിനെ വേട്ടയാടികൊണ്ടിരിക്കും. യൂ ഡി എഫ്; ഭരണത്തിലിരുന്നു കൊണ്ട് നേരിട്ട ഉപതെരഞ്ഞെടുപ്പുകള്‍ മിക്കതും യൂ ഡി എഫ് പരാജയപ്പെട്ട ചരിത്രമാണ് കേരളത്തിലുള്ളത്. പിറവത്ത് സിറ്റിംഗ് സീറ്റ്‌ നിലനിര്‍ത്തുകയും, നെയ്യാറ്റിന്‍കരയില്‍ സീ പി എം സീറ്റ്‌ യൂ ഡി എഫ് പിടിച്ചെടുക്കുകയും ചെയ്തതോടെ  വവ്വാല്‍ ഊമ്പിയ അണ്ടിയുടെ പരുവത്തിലാണ് സീ പി എം. എത്രയും പെട്ടന്ന് പാര്‍ട്ടിയുടെ അവൈലബിള്‍ പി ബി കൂടി  പാര്‍ട്ടി ചാനലില്‍ നെയ്യിന്റെ പരസ്യവും, ആറ്റിന്‍കരയോരത്ത് എന്ന് തുടങ്ങുന്ന പാട്ടും നിരോധിച്ചാല്‍ പി ബി കൂടാനെങ്കിലും കേരളത്തില്‍ നിന്ന് ആളെ കിട്ടും. അല്ലെങ്കില്‍ പ്രകാശ്‌ കാരാട്ടിനും, സീതാറാം യെച്ചൂരിക്കും ഏതെന്കിലും ഹോട്ടലില്‍ കയറി സി. ബി കഴിച്ചു പിരിയേണ്ടി വരും, കാത്തിരുന്നു കാണാം..



പിന്‍  കുറി: അച്ചുതാനന്ദന്‍ എന്ന സേഫ്റ്റി വാള്‍വുപയോഗിച്ച് സീ പി എം അധികമായി നേടിയെടുത്ത മുഴുവന്‍ സീറ്റുകളും പലിശ സഹിതം യൂ ഡി എഫിനു തിരിച്ചു കൊടുക്കാന്‍ തുടങ്ങി.. വണ്‍ , ടൂ ത്രീ , ഫോര്‍ .....

Sunday, May 27, 2012

കോമഡി പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്‌)

അശ്ലീലച്ചുവയുള്ള അംഗവിക്ഷേപങ്ങള്‍ കൊണ്ടും, അര്‍ത്ഥഗര്‍ഭങ്ങളായ പരിഹാസങ്ങള്‍ കൊണ്ടും, പേരെടുത്തുള്ള ആക്ഷേപങ്ങള്‍ കൊണ്ടും പണ്ടേ പേര് കെട്ടവരാണ് നമ്മുടെ കമ്മ്യുണിസ്റ്റ്‌ കോമഡിസ്റ്റുകള്‍ .ഏറനാടനെന്നോ, മലനാടനെന്നോ, കുട്ടനാടനെന്നോ വ്യത്യാസമില്ലാതെ വായില്‍ തോന്നുന്നതെന്തും കോതക്ക് പാട്ട് എന്നത് പോലെ കേരളം എത്രയോ കേട്ട് തഴമ്പിച്ചതാണ് ഈ കമ്മ്യുണിസ്റ്റ്‌ 'തമാശകള്‍ ' , കൊലച്ചിരി മാത്രം പരിചയമുള്ള പാര്‍ട്ടി സഖാക്കള്‍ക്ക് ഇപ്പോഴാണ് ഇത്തരം ഇമ്മിണി ബല്ല്യ തമാശകളെ കുറിച്ച് വെളിപാടുണ്ടായത്. സക്രാത്തിന്റെ ഹാലില്‍ കിടക്കുന്ന പാര്‍ട്ടിയെ നയിക്കാന്‍ വീണ്ടും ഭാഗ്യം ലഭിച്ച പിണറായി വിജയന് ഇതൊരു ചരിത്രനിയോഗമായിരിക്കാം. പിണറായിയിലെ പാറപ്പുറത്തു നിന്നും തീപ്പന്തമായി ഉയര്‍ന്നു വന്ന പാര്‍ട്ടി, പിണറായിയോടെ തന്നെ ഒരു കരിന്തിരിയായി കെട്ടടങ്ങുമോയെന്ന ഭീതി പങ്കുവെക്കുന്നുണ്ട് പല കമ്മ്യുണിസ്റ്റ്‌ ചിന്തകരും.. പാര്‍ട്ടി തീപന്തമായതല്ല, തീപന്തം പാര്‍ട്ടിയായതാണ് എന്ന് കേരളം സംശയിച്ചു പോകുന്ന കൊലകളും, കൊലവെറികളുമാണ് ഇന്നത്തെ പാര്‍ട്ടിയുടെ ഊര്‍ജ്ജം. പാര്‍ട്ടി തന്നെ സ്റ്റേറ്റും, പാര്‍ട്ടി തന്നെ നിയമവും, പാര്‍ട്ടി തന്നെ കോടതിയും, പാര്‍ട്ടി തന്നെ ആരാച്ചാരുമാകുന്ന ഈ ആസുരകാലത്ത് കേട്ടതും, കണ്ടതുമെല്ലാം തമാശകളായി സെക്രെട്ടറിയുടെ പാര്‍ട്ടിക്ക്, അല്ലെങ്കില്‍ പാര്‍ട്ടിയുടെ സെക്രെട്ടറിക്ക് തോന്നുന്നുവെങ്കില്‍ നമ്മളും ചിരിക്കുക തന്നെ, അല്ലെങ്കില്‍ അരിവാള്‍ കഴുത്തില്‍ വെച്ച് ഇക്കിളിപ്പെടുത്തി ചിരിപ്പിക്കാന്‍ പാര്‍ട്ടിക്ക് ക്വട്ടേഷന്‍ കൊടുക്കേണ്ടി വരും..ങ്ങ് ഹാ ഹ ഹാ

പാര്‍ട്ടി ഗ്രാമങ്ങളിലെ പാര്‍ട്ടി നിയമങ്ങള്‍ക്ക് മുകളില്‍ പറന്ന രണ്ടു ശലഭങ്ങളെ അറുകൊല ചെയ്തതോടെ തുടങ്ങിയ ഈ ദുര്‍ഗതി പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയത്തിന്റെ കെട്ടുകാഴ്ചകളിലേക്ക് ഒരു ഫ്ലാഷ്ബാക്കായി പരിണമിക്കുകയാണിന്ന്, കണ്ണൂര്‍ അരിയിലെ ശുക്കൂര്‍ എന്ന ഇളംതളിരിനെ പാര്‍ട്ടിക്കോടതിയില്‍ വിചാരണ നടത്തി വധശിക്ഷ നടപ്പാക്കിയവര്‍ , ആ മുറിവുണങ്ങും മുമ്പാണ് ഒഞ്ചിയത്തിന്റെ വിപ്ലവമുഖം പോലും വികൃതമാക്കി, സഖാവ് ചന്ദ്രശേഖരനെ വെട്ടി നുറുക്കിയത്. ഗുജറാത്ത്‌ വംശഹത്യയുടെ ഭീതിപ്പെടുത്തുന്ന ചിത്രമായി കുത്തുബുധീന്‍ അന്‍സാരി ഇന്നും നമ്മുടെ മനസ്സുകളിലുണ്ട്. ജീവന് വേണ്ടി യാചിക്കുന്ന ആ മുസ്ലിം യുവാവിന്റെ  ചിത്രം കേരളത്തിലെ തെരുവോരങ്ങളില്‍ വോട്ടിനു വേണ്ടി ദുരുപയോഗം ചെയ്തവരാണ് ഈ നാട്ടിലെ കമ്മ്യുണിസ്റ്റുകള്‍ . കലാപകാരികള്‍ മരണം വിധിച്ചിടത്തു നിന്നും  കുത്ത്ബുധീന്‍ അന്‍സാരിക്ക്  രക്ഷപ്പെടാന്‍ പോലും സാധിച്ചത് ജീവന് വേണ്ടിയുള്ള ദൈന്യമായ ആ യാചനയിലൂടെയായിരുന്നു. മണിക്കൂറുകളോളം പാര്‍ട്ടി മാടമ്പികള്‍ക്ക് മുമ്പില്‍ ജീവന് വേണ്ടി യാചിച്ച അരിയില്‍ ശുക്കൂറിനോടും, സഖാവ് ചന്ദ്രശേഖരനോടും സംഘപരിവാരത്തിന്റെ ശത്രുദയപോലും കാണിക്കാത്ത ഈ നികൃഷ്ടജീവികള്‍ പ്രതിനിധീകരിക്കുന്നത് ഫ്യൂഡലിസത്തെയല്ലേ....
 
ശുക്കൂര്‍ , ചന്ദ്രശേഖരന്‍ വധങ്ങളോടെ കേരളീയ മനസ്സാക്ഷി ഈ ഫ്യൂഡലിസ്റ്റ്, പൈശാചിക പ്രതിരൂപങ്ങളെ തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.  ഈ അസഹ്യതയാണ് സഖാവ് ടി കെ ഹംസയെ ഏറനാടന്‍ തമാശക്ക് പ്രേരിപ്പിച്ചതും, പാര്‍ട്ടിയിലെ മുതിര്‍ന്ന സഖാവ് വീ എസ് അച്ചുതാനന്തന്‍, പാര്‍ട്ടി കുടുങ്ങുമ്പോഴൊക്കെ പിന്നില്‍ നിന്നും കോലിട്ടിളക്കുകയാണ് എന്ന ഹംസാക്കയുടെ  ദ്വയാര്‍ത്ഥത്തിലുള്ള പ്രയോഗം പാര്‍ടിയിലെ ക്രീമിലെയറുകളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. ഏറെ കാലമായി മുഖപ്രസന്നതയോടെ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ മുഖം വീര്‍പ്പിച്ചു നടക്കുന്ന സംസ്ഥാന നേതാക്കള്‍ക്ക് ഇത് തന്നെയല്ലേ ഏറ്റവും വലിയ തമാശ, ഹംസാക്കയുടെ അച്ചുതാനന്തവധം ആട്ടക്കഥ കണ്ടു പാര്‍ട്ടി നേതാക്കള്‍ കൂട്ടച്ചിരി ചിരിക്കുമ്പോള്‍  പാര്‍ട്ടി സക്രാത്തിന്റെ ഹാലിലാണ് എന്ന ഹംസാക്കയുടെ വാദം എല്ലാവരും കൂടി സമ്മതിക്കുകയല്ലേ?
 
പ്രതിപക്ഷ ബഹുമാനമില്ലാത്ത പദപ്രയോഗങ്ങള്‍ ആളുകളുടെ കയ്യടി കിട്ടാന്‍ വേണ്ടി സ്ഥാനത്തും, അസ്ഥാനത്തും പ്രയോഗിക്കുന്നയാളാണ് സഖാവ് ഹംസാക്ക. റജീനയുടെ ഒക്കത്തുള്ള കുട്ടിയെ ചൂണ്ടി, കുഞ്ഞാലിക്കുട്ടിയുടെ മുഖത്തേക്ക് നോക്കാന്‍ പറഞ്ഞ ഹംസാക്കയെ അന്നൊരു രാഷ്ട്രീയ നേതാവും വിമര്‍ശിച്ചില്ല. മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചു നാക്കും നീട്ടി നടന്ന ഈ സഖാവ് ഒന്നുകില്‍ കുഞ്ഞാലികുട്ടിക്കു അരയുടെ  താഴേക്ക് ഭ്രാന്ത്‌, അതല്ലെങ്കില്‍ റജീനക്ക് അരക്ക് മേലോട്ട് ഭ്രാന്ത്‌ എന്നൊക്കെ പ്രസംഗിച്ചാണ് മലപ്പുറം ചുവപ്പിക്കാന്‍ വേണ്ടി ഓടി നടന്നത്. മുസ്ലിം  ലീഗിന്റെ അര റാത്തല്‍ ഇറച്ചിക്ക് വേണ്ടി ഹംസാക്ക ദാഹിച്ചു നടന്ന ആ കാലം ആരും മറന്നു കാണില്ല. മഞ്ചേരിയെന്ന ലീഗിന്റെ മക്കയില്‍ വിജയക്കൊടി പാറിച്ചതോടെ പാര്‍ട്ടിയില്‍ വാഴ്ത്തപ്പെട്ടവനായ ഹംസ, പിന്നീട് കെ ടി ജലീലിനെ വീഴ്ത്തിയവനുമായി. യഹ്ജൂജും, മഹ്ജൂജും ഇറങ്ങിയത് പോലെ മലപ്പുറം മുഴുവന്‍ ചുവപ്പിക്കാന്‍ ഈ സഖാക്കള്‍ ഓടി നടക്കുമ്പോള്‍ ധാന്വന്തരം കുഴമ്പിട്ട് കാല്‍ തടവിക്കൊടുത്തവരില്‍ അന്ന് സഖാവ് വീ യെസ്സുമുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ്‌ മന്ത്രി ഗണേഷ്‌കുമാര്‍ സഖാവ് വീഎസ്സിനെ കാമഭ്രാന്തന്‍ എന്ന് വിളിച്ചു അധിക്ഷേപിച്ചപ്പോഴും ഹംസാക്ക അശ്ലീലച്ചുവയോടെ ഗണേഷിനെതിരെ സ്റ്റേജില്‍ കാട്ടിക്കൂട്ടിയ  കോപ്രായങ്ങള്‍ കണ്ടവരാണ് നമ്മള്‍ .
 
പട്ടുറുമാലില്‍ മാര്‍ക്കിടുക എന്നത് ഒരു ഗോമ്പറ്റീഷന്‍ ഐറ്റമല്ലെങ്കിലും  പാര്‍ട്ടിയില്‍ നിന്നും ഒരുപാട് ഗപ്പ് കിട്ടിയയാളാണ് ഹംസാക്ക. അത് സഖാവ് വീ യെസ്സിനെയെങ്കിലും ബോധ്യപ്പെടുത്താനായി എന്നത് ഇമ്മിണി ബല്ല്യ തമാശ തന്നെയാണ്. ഹംസാക്കയുടെ വാമൊഴികള്‍  ഏറനാടന്‍ തമാശയായി പാര്‍ട്ടി  സെക്രട്ടറി പ്രമോട്ട് ചെയ്തെങ്കിലും ഓണത്തിനിടക്കുള്ള പുട്ട് കച്ചവടം പോലെ പിന്നെ തമാശക്കാരുടെ ഒരു പൂരം തന്നെയായിരുന്നു പാര്‍ട്ടിയില്‍. അധികാര കേന്ദ്രങ്ങള്‍ക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന സഖാവ് ഹംസാക്കക്ക് ചാട്ടുളി പോലുള്ള മറുപടി നല്‍കി സഖാവ് വീ എസ് പറഞ്ഞത്  കുട്ടനാടന്‍ തമാശയായി പ്രമോട്ട് ചെയ്യാവുന്നതാണ്. അശ്ലീലച്ചുവയുള്ള അംഗവിക്ഷേപങ്ങളും, പേരെടുത്തുള്ള ആക്ഷേപങ്ങളും  വീ എസ്സിന്റെ പ്രസ്താവനകളെ പതിവ് ഹിറ്റാക്കുന്നതിനാല്‍ അത് മുഴുവന്‍ എഴുതി ചേര്‍ക്കാന്‍ ഒരു പോസ്റ്റ്‌ തന്നെ മതിയാവുകയില്ലല്ലോ... ഏതായാലും വീ എസ് ഉറഞ്ഞു തുള്ളി ഹംസവധം ആടിയെങ്കിലും  അതിനേക്കാള്‍ ബിഗ്‌ ഹിറ്റ്‌ കോമഡി ഇപ്പോള്‍ ഇടുക്കിയിലെ വെടിക്കെട്ടുകാരന്റെ ഉടുക്ക് കൊട്ട് തന്നെയാണ്. കോമഡിക്കാര്‍ ഇത്രയേറെ അരങ്ങു വാഴുന്ന ഈ പാര്‍ട്ടിയുടെ പേര് തന്നെ കോമഡി പാര്‍ട്ടി ഓഫ് ഇന്ത്യാ (മാര്‍ക്സിസ്റ്റ്‌) എന്നാക്കാന്‍ എത്രയും വേഗം അവൈലബിള്‍ പീ ബി ചേര്‍ന്നാല്‍ നന്നാവും.
 
പാര്‍ട്ടി ഒരുപാട് പേരെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ടെന്നും കൊല്ലേണ്ടവരെ, കൊല്ലുക തന്നെ ചെയ്യുമെന്നും, വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേയെന്നും മണിസഖാവ് മണിമണിയായി തന്നെ പറഞ്ഞു..സബാഷ്!! മണിസഖാവ് പറഞ്ഞതത്രെയും ചാനലുകളില്‍ നിന്നും വീണ്ടും വീണ്ടും, കണ്ടും കേട്ടും ആസ്വദിച്ചു..നാട്ടില്‍ വന്നതിനു ശേഷം കുടുംബത്തോടൊപ്പം ആസ്വദിച്ച നല്ലൊരു ഫാമിലി എന്റര്‍ടെയിനര്‍ ..ചിരിച്ചു ചിരിച്ചു കണ്ണില്‍ നിന്നും വെള്ളം വന്നു പോയി...അവസാനം കരയാന്‍ കണ്ണിലും വെള്ളല്ല്യാ, കുടിക്കാന്‍ കിണറ്റിലും വെള്ളല്ല്യായെന്ന അവസ്ഥയിലുമായി. 
 
വെള്ളം തീരെ കിട്ടാത്ത ഈ ചുടു വേനലില്‍ ഇത്തരം തമാശകള്‍ നിരോധിക്കാനാണ് ഉമ്മന്‍ചാണ്ടിസാര്‍ ഇന്നലെ തന്നെ വാളെടുത്തിരിക്കുന്നത്. എന്തോ, എന്തരോ പാര്‍ട്ടി സെക്രട്ടറി ഒരു സാദാ തമാശയായി പോലും പ്രമോട്ട് ചെയ്തു കണ്ടില്ല, പകരം മണി സഖാവിനെ തള്ളിപ്പറഞെങ്കിലും മണി പറഞ്ഞ കാര്യങ്ങളെ ചെമ്പട്ടില്‍ പൊതിഞ്ഞു മൂടാനാണ് പാര്‍ട്ടി സെക്രട്ടറിയുടെ ശ്രമം. ഏതായാലും മണിസഖാവ് പറഞ്ഞതിലെ വെടിക്കെട്ടുകാരനെ ഇതോടെ മനസ്സിലായി, പക്ഷെ വെടിക്കെട്ടുകാരന്റെ പട്ടിയെന്നു പറഞ്ഞത് ആരെപറ്റിയാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല, ഈ ഹൊറര്‍ കോമഡി ചിത്രം തീരുന്നതിനു മുമ്പ്‌ തന്നെ അത് മനസ്സിലാകുമെന്ന പ്രതീക്ഷയാണുള്ളത് , കണ്ട് കിട്ടുന്നവര്‍ സഹായിക്കണേ...
 
പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി, ഏരിയാ കമ്മിറ്റി സെക്രട്ടറിമാരും, അംഗങ്ങളും വരെ കൊലപാതകത്തിലെ ആസൂത്രകരായി പോലീസ്‌ പിടിയിലായതോടെ പാര്‍ട്ടി പ്രതിരോധത്തിലാണ്. വേണമെങ്കില്‍ ഒഴിവു വന്ന ലോക്കല്‍ , ഏരിയാ കമ്മിറ്റി സ്ഥാനങ്ങളിലേക്ക് ആളെ ആവശ്യമുണ്ട് എന്നൊരു പത്രപ്പരസ്യം കൊടുക്കാവുന്നതാണ്. ഗുണ്ടായിസവും, ക്വട്ടെഷന്‍ പരിചയവും, കൂടെ കൊലക്കേസ്‌ പ്രതികള്‍ക്ക് മുന്‍ഗണന എന്നും കൂടി നല്‍കാവുന്നതാണ്. സംസ്ഥാന കമ്മിറ്റിയിലേക്ക് ആളെയെടുക്കുന്നെങ്കില്‍  കോമഡിരംഗത്തെ മുന്‍പരിചയം എന്ന് പ്രത്യേകം പരാമര്‍ശിച്ചാല്‍ നന്നാവും..ഹല്ലാ പിന്നെ 
 
വേണമെങ്കില്‍ പോലീസ്‌സ്റ്റേഷനിലും ബോംബുണ്ടാക്കും എന്ന് പറഞ്ഞവരും, പോലീസ്‌ സ്റ്റേഷനില്‍ കയറിചെന്ന് തുടയുഴിഞ്ഞും, മസില്‍ കാണിച്ചും പാര്‍ട്ടി പ്രവര്‍ത്തകരെ ഇറക്കി കൊണ്ടുവന്നവരും ഒന്നും സീ എച്ച് അശോകനടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി സ്റ്റേഷന്‍ കയറികണ്ടില്ല.. ഇവരോക്കെയിപ്പോള്‍ നോണ്‍റീച്ചബ്ള്‍ ആയതോടെ കിനാലൂരിലെ കളിയിലെ പ്രധാന ഡിഫണ്ടര്‍ സഖാവ് എളമരം കരീം തന്നേ മൈതനത്തിറങ്ങി സെന്റര്‍ഫോര്‍വേര്‍ഡ്‌ കളിക്കുകയാണിപ്പോള്‍ . പന്ത് കാലു കൊണ്ട് തൊടാതെയും, ഫൌള്‍ ചെയ്യാതെയും വെറുതെ ഓടിനടക്കുന്ന കരീം സഖാവ് പോലീസ്‌ ടീമിന്റെ ഫൗള്‍ നന്നായി നോട്ട്  ചെയ്ത് അവസാനം സന്തോഷ്‌ ട്രോഫിയിലെ പോലെ സെല്‍ഫ്‌ ഗോള്‍ അടിച്ചു കളി തോല്പിക്കുമോ എന്നാണു എന്റെ പേടി..
 
ഒരഞ്ചുമിനിട്ട് പോലും അശോകനുമായി സംസാരിക്കാന്‍ പാര്‍ട്ടിയുടെ എം എല്‍ എ മാരെ പോലീസ്‌ അനുവദിച്ചില്ല എന്ന് വിലപിക്കുകയാണ് കരീം സഖാവ്. ഒരീച്ച കയ്യില്‍ വന്നിരുന്നാല്‍ പോലും അതിനെ കൊല്ലാതെ ഊതി പറപ്പിക്കുന്ന ആളാണത്രേ സഖാവ് അശോകന്‍. കരീം സഖാവ് ഈച്ചയെ കുറിച്ചു പറഞ്ഞപ്പോഴാണ് ചൈനയില്‍ ഈയിടെ നടപ്പാക്കിയ ഈച്ച നിയമം ഓര്‍മ്മയില്‍ വന്നത്. കമ്മ്യുണിസ്റ്റ്‌ ചൈനയിലെ പൊതുകക്കൂസുകളില്‍ ഇനിമുതല്‍ രണ്ടിലേറെ ഈച്ചകളെ കാണാന്‍ പാടില്ലത്രേ. ഈച്ചയെ കൊല്ലാന്‍ തോക്കെടുക്കാനാണ് കമ്മ്യുണിസ്റ്റ്‌ ചൈനയുടെ പുതിയ ആഹ്വാനം, വിപ്ലവം വരുന്നത് തോക്കിന്‍ കുഴലിലൂടെയാണല്ലോ... പാര്‍ട്ടിയറിയാതെ ഒരീച്ചയും പറക്കാന്‍ പാടില്ലെന്ന അലിഖിത നിയമങ്ങളും, പാര്‍ട്ടി ഗ്രാമങ്ങളും കണ്ട് ഈ കേരളീയ മാതൃക ചൈനീസ്‌ കമ്മ്യുണിസ്റ്റ്‌ സര്‍ക്കാര്‍ സ്വീകരിച്ചതാകാനേ തരമുള്ളൂ. പാര്‍ട്ടിയുടെ കോഴിക്കോട്‌ ജില്ലാ സെക്രട്ടറി ചൈനയില്‍ പോയതോടെയാണ് ഈ ഈച്ച നിയമം അവിടെ പ്രാബല്യത്തില്‍ വന്നതെന്ന് ആരും ചേര്‍ത്തു വായിക്കരുത്.


പിന്‍ വായന: ശുക്കൂര്‍ / ചന്ദ്രശേഖരന്‍ വധങ്ങളിലെ അന്വേഷണം പാര്‍ട്ടിക്ക് ഇടിത്തീയേറ്റ പോലെയായി, വീയെസ്സിന്റെ ഡാങ്കേ പരാമര്‍ശവും, അടിയുറച്ച നിലപാടുകളും പാര്‍ട്ടിയുടെ തലയില്‍ തേങ്ങാ വീണ പോലെയുമായി...നെയ്യാറ്റിന്‍കര കഴിയാതെ ഒന്ന് മോങ്ങാന്‍ പോലുമാവാത്ത പാര്‍ട്ടി പരുങ്ങി നില്‍ക്കുമ്പോഴാണ് ഇടുക്കി മലയിറങ്ങി വന്ന മണിയെന്ന പാമ്പും കടിച്ചിരിക്കുന്നത്..



 
 
 
 
 

 
 

Sunday, February 19, 2012

അബ്ദുറബ്ബിന്റെ കയ്യില്‍ അല്ഭുതവിളക്കുണ്ടോ ?

 മഴ നനയാതിരിക്കാന്‍ സ്കൂളിന്റെ ഇറയത്ത് കയറി നിന്ന പാരമ്പര്യമല്ല തനിക്കെന്നു വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ലീഗിന്റെ മന്ത്രിപ്പട്ടികയില്‍ വിദ്യാഭ്യാസ മന്ത്രിയായി ഈ നഹപുത്രന്റെ പേര് കണ്ടപ്പോള്‍ തന്നെ പലരും അന്ന് മൂക്കത്ത് കൈ വെച്ചതായിരുന്നു. കാട്ടാന കയറിയ കരിമ്പിന്‍ തോട്ടം പോലെ കുത്തഴിഞ്ഞു കിടക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഒരു പുതുമുഖത്തെ എല്പ്പിക്കുന്നതില്‍ പലേടത്തു നിന്നും അസ്വാരസ്യങ്ങള്‍ വരെ ഉയര്‍ന്നിരുന്നു. സംസ്ഥാന നിയമസഭയിലേക്ക് കന്നിയങ്കം നടത്തിയ  ചില അമുല്‍ ബേബികള്‍ പോലും വെറുതെ പുകഞ്ഞു കൊണ്ടിരുന്നു. എന്നിട്ടും അബ്ദുറബ്ബ് എന്ന പരപ്പനങ്ങാടിക്കാരന്‍, അവുക്കാദര്‍ കുട്ടി നഹയുടെ പൊന്നോമന പുത്രന്‍, വിദ്യാഭ്യാസ വകുപ്പിന്റെ അമരത്തേക്ക് കോണിപ്പടി കയറി. വിദ്യാഭ്യാസ മേഖലയെ കുരുതിക്കളമാക്കാന്‍ കുട്ടിസഖാക്കള്‍ കൊടിയെടുത്തു റോഡിലിറങ്ങി കലാപമുണ്ടാക്കുമ്പോഴും അബ്ദുറബ്ബ്‌ തന്റെ സ്വതസിദ്ധമായ മൌനം കൊണ്ടാണ് അവരെ നേരിട്ടത്. സമര മുഖങ്ങളെ അതിജീവിച്ചു, ചങ്കുറപ്പോടെ വകുപ്പിന്റെ സാരഥ്യം വഹിക്കുന്ന മന്ത്രി വിദ്യഭ്യാസ മേഖലയില്‍ നടപ്പാക്കുന്ന പുത്തന്‍ വിപ്ലവങ്ങളെ ആര്‍ക്കാണ് കാണാതിരിക്കാന്‍ കഴിയുക.

മന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്ത ശേഷം അബ്ദുറബ്ബിന്റെ വക ആദ്യ ലഡ്ഡു കിട്ടിയത് അദ്ധേഹത്തിന്റെ ജില്ലക്കാരന് തന്നെ. എന്‍ട്രന്‍സ്‌ ഒന്നാം റാങ്ക് ജേതാവ് വി ഇര്‍ഫാന് മലപ്പുറത്തെ വീട്ടിലെത്തി ലഡ്ഡു കൊടുത്ത് തുടങ്ങിയതാണ്  അബ്ദുറബ്ബിന്റെ തേരോട്ടം. പിന്നീടങ്ങോട്ട് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും വരുന്ന നടപടികളൊക്കെ മനസ്സില്‍ ലഡ്ഡു പൊട്ടുന്ന തരത്തിലായിരുന്നു. പ്രൊട്ടക്ഷന്‍ നഷ്ട്ടപെട്ട അധ്യാപക സമൂഹത്തിനു സംരക്ഷണം നല്‍കാന്‍ അധ്യാപക പാകേജ് കൊണ്ട് വന്ന അബ്ദുറബ്ബ്‌ അധ്യാപക സമൂഹത്തിനും ലഡ്ഡു നല്‍കി ആദരിച്ചു. ഇടതു അധ്യാപക സംഘടനകള്‍ കാലങ്ങളായി മുറവിളി കൂട്ടുന്ന സാമൂഹ്യ പ്രശ്നമായിരുന്നിട്ടും എം എ ബേബി പോലും വിഷയത്തില്‍ ഇടപെടാതെയാണ് കസേരയില്‍ നിന്നിറങ്ങി മൂടും തട്ടിപ്പോയത്. അധ്യാപകര്‍ക്ക് ജോലി സുരക്ഷയും, മികവുറ്റ വിദ്യാലയ അന്തരീക്ഷവും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ഒന്നാം  തരം മുതല്‍ നാലാം തരം വരെ അധ്യാപക -വിദ്യാര്‍ഥി അനുപാതം 1:30 ആക്കുകയും, അഞ്ചു മുതല്‍ പത്തു വരെ 1:35 എന്നാക്കുകയും ചെയ്തു.അധ്യാപക വിന്യാസതിനും ജോലി സുരക്ഷക്കും വേണ്ടി അധ്യാപക ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയതോടെ 1997  ജൂലൈ 14 നു ശേഷം പ്രൊട്ടക്ഷന്‍ ലഭിക്കാതെ പുറത്തു പോയ 1700  അധ്യാപകര്‍ക്ക് അംഗീകാരം ലഭിച്ചു, നീണ്ട പതിനാലു കൊല്ലത്തെ കാത്തിരിപ്പിനാണ് ഇതോടെ അറുതിയായത്.  വര്‍ഷങ്ങളായി ശമ്പളം കിട്ടാതെ ജോലി ചെയ്തു കൊണ്ടിരുന്ന 3500  ഓളം വരുന്ന അധ്യാപകര്‍ക്ക് ഈ നിയമത്തിലൂടെ നിയമനാംഗീകാരം ലഭിച്ചതും  ഈ പാകെജിന്റെ  പ്രധാന നേട്ടമാണ്. സംസ്ഥാനത്തെ ഇടതു അധ്യാപകര്‍ പോലും സ്കൂള്‍ ചുവരുകളില്‍  അബ്ദുറബ്ബിനു അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു പോസ്റ്ററുകള്‍ പതിക്കുകയും, പായസം വിതരണം ചെയ്യുകയും വരെയുണ്ടായി. 

തലയെണ്ണി  തസ്തിക നിര്‍ണ്ണയിക്കുന്ന അശാസ്ത്രീയ രീതി ഒഴിവാക്കുകയും, എയ്ഡഡ് സ്കൂള്‍ ഹെട്മാസ്ടര്‍മാരെ ശമ്പള ബില്ലുകള്‍ പാസാക്കുന്ന സെല്‍ഫ്‌ ഡ്രോയിംഗ് ഒഫീസര്മാരാക്കുകയും ചെയ്തതോടെ ഉപജില്ല, ജില്ല വിദ്യാഭ്യാസ ആപ്പീസുകളിലെ തിരക്ക് കുറയ്ക്കാനും, യഥാസമയം അധ്യാപകര്‍ക്കും, അനധ്യാപകര്‍ക്കും ശമ്പളം എഴുതി വാങ്ങാനും സാധ്യമായി. വിപുലമായ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് പാക്കേജ്‌ നടപ്പാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എയ്ഡഡ് മാനേജ്‌മന്റ്‌ സ്കൂളുകളിലെ നിയമനങ്ങള്‍ക്ക്‌ മുന്‍കൂട്ടി സര്‍ക്കാര്‍ അനുമതി വാങ്ങണമെന്നും, നിശ്ചിത യോഗ്യതാ പരീക്ഷ പാസാകണമെന്നും വ്യവസ്ഥയുണ്ടാക്കി. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ചുവടു പിടിച്ചു നടപ്പാക്കിയ അധ്യാപക പാക്കേജിന്റെ ഗുണ ഫലങ്ങള്‍ അധ്യാപക സമൂഹവും, വിദ്യാര്‍ഥികളും ഒരുപോലെ അനുഭവിച്ചു വരികയാണ്. പൊതുവിദ്യാഭ്യാസത്തിനു ഗുണമേന്മയുടെ പുതിയ മുഖം നല്‍കിയതിലൂടെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്‌ തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ ടീമിലെ മിന്നും താരം.

സംസ്ഥാനത്തെ  സ്കൂളുകളിലെ ഇംഗ്ലീഷ്‌ പഠന നിലവാരം ഉയര്‍ത്തുന്നതിനു ഇംഗ്ലണ്ടില്‍ നിന്നും അധ്യാപകരെ കൊണ്ട് വന്നു പരിശീലനം നല്‍കുന്ന പദ്ധതിയിലൂടെ മന്ത്രി വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ ചുവടു വെപ്പ് നടത്തി. ലണ്ടനിലെ പ്രശസ്തനായ കരിയര്‍ അഡ്വൈസര്‍ കാര്‍ല ഫ്ലാക്, സ്കൂള്‍ റിസോര്‍സ് ഓഫീസര്‍ എമല്‍ഡാ ഡേവ്ലിംഗ്, അധ്യാപകനായ ആന്ദ്ര്യു, ഇംഗ്ലീഷ് സാക്ഷരതാ പ്രവര്‍ത്തകനായ ബിവര്‍ലി ക ആല്പോര്റ്റ് തുടങ്ങിയ പ്രശസ്ത ഭാഷാ അധ്യാപകരാണ് ഇതിനായി കേരളത്തിലെത്തിയിരുന്നത്. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഇതിനായി ലണ്ടനില്‍ പോയി അഭിമുഖം വരെ നടത്തുകയുണ്ടായി. ലോകപ്രശസ്തമായ ട്രാവല്‍ മാഗസിന്‍ വണ്ടര്‍ ബെസ്റ്റില്‍ പരസ്യം വരെ കൊടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഈ പ്രമുഖ ഇംഗ്ലീഷ് അധ്യാപകരെ കേരളത്തില്‍ എത്തിച്ചത്. കേരളത്തിലെ ഇംഗ്ലീഷ് ഭാഷ പഠന നിലവാരം മനസ്സിലാക്കാന്‍ തൃശൂരിലെ ഇംഗ്ലീഷ് അക്കാദമിയില്‍ നിന്നും പരിശീലനം നേടിയാണ് ഈ വിദേശ സംഘം വിദ്യാര്‍ഥികളിലേക്കും, അധ്യാപകരിലേക്കും ഇറങ്ങിയത് തന്നെ.
ഒന്നാം തരം മുതല്‍ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്ന പദ്ധതിയും സംസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞു.സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ ഒരു കുട്ടിക്ക് ഒരു ലാപ്ടോപ്‌ എന്ന പദ്ധതിക്കും തുടക്കമായി. മന്ത്രിയുടെ മണ്ഡലമായ തിരൂരങ്ങാടി ഗവ. ഹയര്‍ സെകണ്ടറി സ്കൂളില്‍ പദ്ധതി യാതര്ത്യമായതിന്റെ ജീവിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ നെറ്റ് വര്‍ക്ക് ഗ്രൂപുകളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.  പത്രതാളുകളിലൂടെ പ്രഖ്യാപനകസര്‍ത്തുകള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന മന്ത്രിയല്ല താനെന്നു അബ്ദുറബ്ബ്‌ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.സ്കൂള്‍ അവധി ദിവസങ്ങളില്‍ സംസ്ഥാനത്തെ സ്കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബുകള്‍ രക്ഷിതാക്കള്‍ക്ക് കൂടി കമ്പ്യൂട്ടര്‍ പഠനത്തിനു പ്രയോജനം ചെയ്യുന്ന വിധത്തില്‍ മറ്റൊരു പദ്ധതിയും വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി  വരുന്നു.ഇതിനൊക്കെ പുറമേ സച്ചാര്‍ സമിതിയുടെ ശുപാര്‍ശ പ്രകാരം വിവിധ കേന്ദ്ര പദ്ധതികളും സംസ്ഥാനത്തേക്ക് കൊണ്ട് വരുന്നതില്‍ മന്ത്രിയുടെ ശ്രമങ്ങള്‍ വിജയം കണ്ടിട്ടുണ്ട്. പാലക്കാട്ട് ഐ ഐ ടി യും, മലപ്പുറത്ത് ഐ ഐ എസ് ടി യും, കോട്ടയത്ത് ഇന്സ്റ്റിട്യുട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ഗ്ലോബല്‍ എജുക്കേഷണല്‍ മീറ്റും ഈ വര്ഷം നടത്തുന്നുണ്ട്. ഇന്ത്യയിലെ തന്നെ മികച്ച എജുക്കേഷണല്‍ ഹബ്ബായി കേരളം മാറുമെന്ന് വിദ്യാഭ്യാസ നിരീക്ഷകര്‍ ഇപ്പോള്‍ വിലയിരുത്തുകയാണ്.
കഴിഞ്ഞ ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിയ മലയാളം സര്‍വ്വകലാശാല  തുഞ്ചന്റെ മണ്ണില്‍ തന്നെ സ്ഥാപിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം സാക്ഷര കേരളം ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. മഞ്ചേരിയില്‍ സ്പോര്‍ട്സ്‌ അക്കാദമിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കാന്‍ നടപടിയെടുത്ത മന്ത്രി  മലപ്പുറത്തിന്റെ കായിക വളര്‍ച്ചക്ക് കൂടി ധ്രുത വേഗം കൂട്ടുകയുമാണ്. മജീദിന്റെയും, റഹ്മാന്റെയും, കുഞ്ഞിപ്പയുടെയും ധീരരക്തസാക്ഷിത്വത്തിലൂടെ നേടിയെടുത്ത ഭാഷാ പഠനസംരക്ഷണം, ഭാഷധ്യാപകര്‍ക്ക് പ്രധാന അധ്യാപക തസ്തിക നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിലൂടെ ഇന്ന് പുതുവഴി തേടുകയാണ്.  സംസ്ഥാനത്ത് പൌരസ്ത്യ ഭാഷാ സര്‍വ്വകലാശാല രൂപീകരിക്കാന്‍ നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു മന്ത്രി അബ്ദുറബ്ബ്‌. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക്‌ കൈപിടിച്ച് നടത്തുന്നതില്‍ മഹാനായ സീ എച്ചിന്റെ പാത പിന്തുടരുകയാണ് ഈ നഹാ പുത്രന്‍.

അടുത്ത അധ്യയനവര്‍ഷം പരാതികളില്ലാതെ കുറ്റവിമുക്തമാക്കാന്‍ ഇപ്പോള്‍ തന്നെ നടപടികള്‍ എടുക്കുന്ന മന്ത്രി വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, രക്ഷിതാക്കള്‍ക്കും കൂടി പ്രിയങ്കരനാകുകയാണ്. പരീക്ഷാഫലം അറിഞ്ഞാലുടന്‍ അടുത്തവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ ലഭ്യമാകുന്ന ചരിതാര്ത്യത്തിലാണ് ഇക്കുറി വിദ്യാര്‍ഥികള്‍ . 2012-13 അദ്ധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്നു. ഫിബ്രവരി 15 മുതല്‍ ഏപ്രില്‍ 15 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തെ 12,000 സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യും. 42 ലക്ഷം കുട്ടികള്‍ക്കാണ് പാഠപുസ്തകങ്ങള്‍ നല്‍കുക. പാഠപുസ്തക വിതരണത്തില്‍ ആശങ്കയും പരാതികളുമില്ലാത്ത അദ്ധ്യയനവര്‍ഷമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്‌ഷ്യം.തപാല്‍ വകുപ്പിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
മെഡിക്കല്‍ , എന്ജിനീയറിംഗ് എന്‍ട്രന്‍സ്‌ പരീക്ഷകള്‍ നേരത്തെയാക്കി, ഫലം പ്രസിദ്ധീകരിച്ചു  കേരളത്തിലെ വിദ്യാര്‍ഥികള്‍ സംസ്ഥാനം വിട്ടുപോവുന്ന സാഹചര്യം ഒഴിവാക്കാനും മന്ത്രി ശ്രമം തുടങ്ങിക്കഴിഞ്ഞു. സ്വാശ്രയ മേഖലയിലെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോര്‍പ്പറേറ്റ്‌ ന്യുനപക്ഷ മാനേജ്മെന്റുകളുമായി ചര്‍ച്ചകള്‍ നടത്തി വരികയുമാണ്. ക്രിയാത്മകമായ നടപടികളിലൂടെ പ്രശ്നങ്ങളെ സമീപിക്കുന്നതില്‍ ഒരു പണത്തൂക്കം മുന്നിലാണ് അബ്ദുറബ്ബ്‌. അതുകൊണ്ട് തന്നെ  മുന്‍ വര്‍ഷങ്ങളിലെ പോലെ സ്വാശ്രയ മേഖല സമരമുഖരിതമാകില്ലെന്നു തന്നെയാണ് മലയാളിയുടെ പ്രതീക്ഷയും.
പരീക്ഷകള്‍ അടുക്കുന്ന സാഹചര്യത്തില്‍ രക്ഷിക്കളില്‍ കൂടി അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 'സ്നേഹസ്പര്‍ശം'എന്ന പരിപാടിയും തുടക്കം കുറിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ട് രക്ഷിതാക്കള്‍ക്ക് കത്തെഴുതുന്ന ഒരു ജനകീയ പദ്ധതിയായി ഇതിനെ കാണാം.
മലയാളത്തില്‍ സ്വന്തം കൈപ്പടയില്‍ മന്ത്രി എഴുതിയ കത്ത് www.education-kerala.gov.in എന്ന വെബ്‌സൈറ്റില്‍ 'സ്‌നേഹസ്പര്‍ശം' എന്ന ലിങ്കില്‍ ലഭിക്കും. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഹെഡ്മാസ്റ്റര്‍മാര്‍ പി.ടി.എ. പ്രസിഡന്റുമാര്‍ക്ക് നല്‍കണം. ഇത് പി.ടി.എ. യോഗത്തിലും സ്‌കൂള്‍ അസംബ്ലിയിലും വായിക്കണം. പി.ടി.എ. പ്രസിഡന്റിനും രക്ഷിതാക്കള്‍ക്കും മറുപടി അയയ്ക്കാമെന്നതും, മന്ത്രി ഇതിന് മറുപടി എഴുതുമെന്നതും ശ്ലാഘനീയം തന്നെയാണ്. വിദ്യഭ്യാസത്തെക്കുറിച്ച് ജനങ്ങളുടെ സമീപനമറിയാനും ഇതനുസരിച്ച് നിലപാടെടുക്കാനും ഇതിലൂടെ സര്‍ക്കാരിന് കഴിയും. മലയാളി മറന്നു പോയ കത്തെഴുത്ത് സംസ്കാരം പരിപോഷിക്കുക, മലയാള ഭാഷയുടെ എഴുത്തുപയോഗം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ വിശാലമായ ലക്ഷ്യവും പദ്ധതിക്കുണ്ട്. മന്ത്രിയുടെ ആദ്യ കത്തിന്റെ പ്രശസ്തമായ ഭാഗം താഴെ

>>അടച്ചിട്ടമുറിയില്‍ തനിച്ചുള്ള പഠിത്തം വേണ്ട ...

മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് കുട്ടികളെ ഒരുക്കാനുള്ള ആഹ്വാനമാണ് വിദ്യാഭ്യാസമന്ത്രി രക്ഷിതാക്കള്‍ക്കയച്ച് ആദ്യ കത്തില്‍. ഇതില്‍ മന്ത്രി ഇങ്ങനെ എഴുതുന്നു.

കുട്ടികളുടെ പരീക്ഷാമികവും കുടുംബ സാഹചര്യവുമായി ബന്ധമുണ്ട്. പഠനത്തെ ആലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ വീട്ടിലുണ്ടാകരുത്. നന്നേ പുലര്‍ച്ചെതന്നെ കുട്ടികളെ ഉണര്‍ത്തി പഠനത്തിന് പ്രേരിപ്പിക്കണം. ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ ഉപയോഗം പരിമിതപ്പെടുത്തണം. ആരോഗ്യകാര്യത്തിലും ശ്രദ്ധിക്കണം. ഉറക്കമിളയ്ക്കാന്‍ യാതൊരു മരുന്നുകളും ഉപയോഗിക്കരുത്.

അടച്ചുമൂടിയ മുറിയില്‍ തനിച്ചിരുന്നുള്ള പഠനം നിരുത്സാഹപ്പെടുത്തണം. പഴയ ചോദ്യപേപ്പറുകള്‍ ശേഖരിച്ച് ഉത്തരമെഴുതി ശീലിക്കുന്നത് പരീക്ഷ എളുപ്പമാക്കാന്‍ ഉപകരിക്കും.... തുടര്‍ന്നും എഴുതാം.

സ്‌നേഹപൂര്‍വ്വം പി.കെ. അബ്ദുറബ്.<<

അച്ചടക്കത്തോടെ, പരാതികളില്ലാതെ ഇക്കുറി സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം തൃശൂരില്‍ സംഘടിപ്പിച്ചു കൊണ്ടും മന്ത്രിയും സംഘവും പ്രശംസ നേടുകയുണ്ടായി. ഒരവാര്‍ഡിന്റെ പേരില്‍ ബൂലോകത്ത് പോലും അസ്വാരസ്യങ്ങള്‍ തുടരുമ്പോള്‍ പരാതികളില്ലാത്ത സ്കൂള്‍ കലോല്‍സവം നടത്തിയത് പ്രകീര്‍ത്തിക്കപ്പെടേണ്ടതു തന്നെയാണ്.തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ വന്ന മത്സരാര്‍ഥികളെ മധുരം നല്‍കി സ്വീകരിച്ചതിലൂടെ മന്ത്രി കുട്ടികളുടെ മനം കൂടി കവര്‍ന്നു. കലാതിലകം, കലാപ്രതിഭാ പട്ടങ്ങള്‍ പുനസ്ഥാപിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം വിദ്യാര്‍ഥികളും, രക്ഷിതാക്കളും ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. യുവജനോല്‍സവ മാന്വലില്‍ തന്നെ മാറ്റം വരുത്തി കൂടുതല്‍ മത്സരങ്ങളെ ഉള്‍പ്പെടുത്തുമെന്ന്  കൂടി മന്ത്രി ചടങ്ങില്‍ പ്രഖ്യാപിക്കുകയുണ്ടായി.
അഴിമതിക്ക് കൂട്ട് നില്‍ക്കാതെ നിസ്വാര്തമായി സേവനം ചെയ്യുന്ന മന്ത്രിയാണ് അബ്ദുറബ്ബ്‌ എന്ന് എംഈഎസ് അധ്യക്ഷന്‍ ഡോ.ഫസല്‍ ഗഫൂര്‍ വരെ അബ്ദുറബ്ബിന് സര്ട്ടിഫികറ്റ്‌ നല്‍കുകയുണ്ടായി. പൊതു വിദ്യാഭ്യാസ സെക്രട്ടറിയും മുന്‍പ്‌ മലപ്പുറംജില്ലാ കലക്ടറുമായിരുന്ന എം ശിവശങ്കറുമായി നല്ല വ്യക്തി ബന്ധമുള്ള അബ്ദുറബ്ബ്‌  ഒരു ടീം വര്‍ക്ക്‌ പോലെ കാര്യങ്ങള്‍ നടപ്പാകുമ്പോള്‍ ചലിക്കുന്നത് വകുപ്പ് മാത്രമല്ല, കേരളം മൊത്തമാണ്. വേറിട്ട ശൈലിയുമായി അബ്ദുറബ്ബ്‌ മുന്നില്‍ നിന്ന് നയിക്കുന്നത് കാണുമ്പോള്‍ ആരും അറിയാതെ ചോദിച്ചു പോകും അബ്ദുറബ്ബിന്റെ കയ്യില്‍ അലാവുദ്ധീന്റെ അത്ഭുതവിളക്കുണ്ടോ..എന്ന്