Showing posts with label P.K.ABDURABB. Show all posts
Showing posts with label P.K.ABDURABB. Show all posts

Sunday, February 19, 2012

അബ്ദുറബ്ബിന്റെ കയ്യില്‍ അല്ഭുതവിളക്കുണ്ടോ ?

 മഴ നനയാതിരിക്കാന്‍ സ്കൂളിന്റെ ഇറയത്ത് കയറി നിന്ന പാരമ്പര്യമല്ല തനിക്കെന്നു വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ലീഗിന്റെ മന്ത്രിപ്പട്ടികയില്‍ വിദ്യാഭ്യാസ മന്ത്രിയായി ഈ നഹപുത്രന്റെ പേര് കണ്ടപ്പോള്‍ തന്നെ പലരും അന്ന് മൂക്കത്ത് കൈ വെച്ചതായിരുന്നു. കാട്ടാന കയറിയ കരിമ്പിന്‍ തോട്ടം പോലെ കുത്തഴിഞ്ഞു കിടക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഒരു പുതുമുഖത്തെ എല്പ്പിക്കുന്നതില്‍ പലേടത്തു നിന്നും അസ്വാരസ്യങ്ങള്‍ വരെ ഉയര്‍ന്നിരുന്നു. സംസ്ഥാന നിയമസഭയിലേക്ക് കന്നിയങ്കം നടത്തിയ  ചില അമുല്‍ ബേബികള്‍ പോലും വെറുതെ പുകഞ്ഞു കൊണ്ടിരുന്നു. എന്നിട്ടും അബ്ദുറബ്ബ് എന്ന പരപ്പനങ്ങാടിക്കാരന്‍, അവുക്കാദര്‍ കുട്ടി നഹയുടെ പൊന്നോമന പുത്രന്‍, വിദ്യാഭ്യാസ വകുപ്പിന്റെ അമരത്തേക്ക് കോണിപ്പടി കയറി. വിദ്യാഭ്യാസ മേഖലയെ കുരുതിക്കളമാക്കാന്‍ കുട്ടിസഖാക്കള്‍ കൊടിയെടുത്തു റോഡിലിറങ്ങി കലാപമുണ്ടാക്കുമ്പോഴും അബ്ദുറബ്ബ്‌ തന്റെ സ്വതസിദ്ധമായ മൌനം കൊണ്ടാണ് അവരെ നേരിട്ടത്. സമര മുഖങ്ങളെ അതിജീവിച്ചു, ചങ്കുറപ്പോടെ വകുപ്പിന്റെ സാരഥ്യം വഹിക്കുന്ന മന്ത്രി വിദ്യഭ്യാസ മേഖലയില്‍ നടപ്പാക്കുന്ന പുത്തന്‍ വിപ്ലവങ്ങളെ ആര്‍ക്കാണ് കാണാതിരിക്കാന്‍ കഴിയുക.

മന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്ത ശേഷം അബ്ദുറബ്ബിന്റെ വക ആദ്യ ലഡ്ഡു കിട്ടിയത് അദ്ധേഹത്തിന്റെ ജില്ലക്കാരന് തന്നെ. എന്‍ട്രന്‍സ്‌ ഒന്നാം റാങ്ക് ജേതാവ് വി ഇര്‍ഫാന് മലപ്പുറത്തെ വീട്ടിലെത്തി ലഡ്ഡു കൊടുത്ത് തുടങ്ങിയതാണ്  അബ്ദുറബ്ബിന്റെ തേരോട്ടം. പിന്നീടങ്ങോട്ട് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും വരുന്ന നടപടികളൊക്കെ മനസ്സില്‍ ലഡ്ഡു പൊട്ടുന്ന തരത്തിലായിരുന്നു. പ്രൊട്ടക്ഷന്‍ നഷ്ട്ടപെട്ട അധ്യാപക സമൂഹത്തിനു സംരക്ഷണം നല്‍കാന്‍ അധ്യാപക പാകേജ് കൊണ്ട് വന്ന അബ്ദുറബ്ബ്‌ അധ്യാപക സമൂഹത്തിനും ലഡ്ഡു നല്‍കി ആദരിച്ചു. ഇടതു അധ്യാപക സംഘടനകള്‍ കാലങ്ങളായി മുറവിളി കൂട്ടുന്ന സാമൂഹ്യ പ്രശ്നമായിരുന്നിട്ടും എം എ ബേബി പോലും വിഷയത്തില്‍ ഇടപെടാതെയാണ് കസേരയില്‍ നിന്നിറങ്ങി മൂടും തട്ടിപ്പോയത്. അധ്യാപകര്‍ക്ക് ജോലി സുരക്ഷയും, മികവുറ്റ വിദ്യാലയ അന്തരീക്ഷവും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ഒന്നാം  തരം മുതല്‍ നാലാം തരം വരെ അധ്യാപക -വിദ്യാര്‍ഥി അനുപാതം 1:30 ആക്കുകയും, അഞ്ചു മുതല്‍ പത്തു വരെ 1:35 എന്നാക്കുകയും ചെയ്തു.അധ്യാപക വിന്യാസതിനും ജോലി സുരക്ഷക്കും വേണ്ടി അധ്യാപക ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയതോടെ 1997  ജൂലൈ 14 നു ശേഷം പ്രൊട്ടക്ഷന്‍ ലഭിക്കാതെ പുറത്തു പോയ 1700  അധ്യാപകര്‍ക്ക് അംഗീകാരം ലഭിച്ചു, നീണ്ട പതിനാലു കൊല്ലത്തെ കാത്തിരിപ്പിനാണ് ഇതോടെ അറുതിയായത്.  വര്‍ഷങ്ങളായി ശമ്പളം കിട്ടാതെ ജോലി ചെയ്തു കൊണ്ടിരുന്ന 3500  ഓളം വരുന്ന അധ്യാപകര്‍ക്ക് ഈ നിയമത്തിലൂടെ നിയമനാംഗീകാരം ലഭിച്ചതും  ഈ പാകെജിന്റെ  പ്രധാന നേട്ടമാണ്. സംസ്ഥാനത്തെ ഇടതു അധ്യാപകര്‍ പോലും സ്കൂള്‍ ചുവരുകളില്‍  അബ്ദുറബ്ബിനു അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു പോസ്റ്ററുകള്‍ പതിക്കുകയും, പായസം വിതരണം ചെയ്യുകയും വരെയുണ്ടായി. 

തലയെണ്ണി  തസ്തിക നിര്‍ണ്ണയിക്കുന്ന അശാസ്ത്രീയ രീതി ഒഴിവാക്കുകയും, എയ്ഡഡ് സ്കൂള്‍ ഹെട്മാസ്ടര്‍മാരെ ശമ്പള ബില്ലുകള്‍ പാസാക്കുന്ന സെല്‍ഫ്‌ ഡ്രോയിംഗ് ഒഫീസര്മാരാക്കുകയും ചെയ്തതോടെ ഉപജില്ല, ജില്ല വിദ്യാഭ്യാസ ആപ്പീസുകളിലെ തിരക്ക് കുറയ്ക്കാനും, യഥാസമയം അധ്യാപകര്‍ക്കും, അനധ്യാപകര്‍ക്കും ശമ്പളം എഴുതി വാങ്ങാനും സാധ്യമായി. വിപുലമായ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് പാക്കേജ്‌ നടപ്പാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എയ്ഡഡ് മാനേജ്‌മന്റ്‌ സ്കൂളുകളിലെ നിയമനങ്ങള്‍ക്ക്‌ മുന്‍കൂട്ടി സര്‍ക്കാര്‍ അനുമതി വാങ്ങണമെന്നും, നിശ്ചിത യോഗ്യതാ പരീക്ഷ പാസാകണമെന്നും വ്യവസ്ഥയുണ്ടാക്കി. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ചുവടു പിടിച്ചു നടപ്പാക്കിയ അധ്യാപക പാക്കേജിന്റെ ഗുണ ഫലങ്ങള്‍ അധ്യാപക സമൂഹവും, വിദ്യാര്‍ഥികളും ഒരുപോലെ അനുഭവിച്ചു വരികയാണ്. പൊതുവിദ്യാഭ്യാസത്തിനു ഗുണമേന്മയുടെ പുതിയ മുഖം നല്‍കിയതിലൂടെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്‌ തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ ടീമിലെ മിന്നും താരം.

സംസ്ഥാനത്തെ  സ്കൂളുകളിലെ ഇംഗ്ലീഷ്‌ പഠന നിലവാരം ഉയര്‍ത്തുന്നതിനു ഇംഗ്ലണ്ടില്‍ നിന്നും അധ്യാപകരെ കൊണ്ട് വന്നു പരിശീലനം നല്‍കുന്ന പദ്ധതിയിലൂടെ മന്ത്രി വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ ചുവടു വെപ്പ് നടത്തി. ലണ്ടനിലെ പ്രശസ്തനായ കരിയര്‍ അഡ്വൈസര്‍ കാര്‍ല ഫ്ലാക്, സ്കൂള്‍ റിസോര്‍സ് ഓഫീസര്‍ എമല്‍ഡാ ഡേവ്ലിംഗ്, അധ്യാപകനായ ആന്ദ്ര്യു, ഇംഗ്ലീഷ് സാക്ഷരതാ പ്രവര്‍ത്തകനായ ബിവര്‍ലി ക ആല്പോര്റ്റ് തുടങ്ങിയ പ്രശസ്ത ഭാഷാ അധ്യാപകരാണ് ഇതിനായി കേരളത്തിലെത്തിയിരുന്നത്. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഇതിനായി ലണ്ടനില്‍ പോയി അഭിമുഖം വരെ നടത്തുകയുണ്ടായി. ലോകപ്രശസ്തമായ ട്രാവല്‍ മാഗസിന്‍ വണ്ടര്‍ ബെസ്റ്റില്‍ പരസ്യം വരെ കൊടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഈ പ്രമുഖ ഇംഗ്ലീഷ് അധ്യാപകരെ കേരളത്തില്‍ എത്തിച്ചത്. കേരളത്തിലെ ഇംഗ്ലീഷ് ഭാഷ പഠന നിലവാരം മനസ്സിലാക്കാന്‍ തൃശൂരിലെ ഇംഗ്ലീഷ് അക്കാദമിയില്‍ നിന്നും പരിശീലനം നേടിയാണ് ഈ വിദേശ സംഘം വിദ്യാര്‍ഥികളിലേക്കും, അധ്യാപകരിലേക്കും ഇറങ്ങിയത് തന്നെ.
ഒന്നാം തരം മുതല്‍ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്ന പദ്ധതിയും സംസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞു.സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ ഒരു കുട്ടിക്ക് ഒരു ലാപ്ടോപ്‌ എന്ന പദ്ധതിക്കും തുടക്കമായി. മന്ത്രിയുടെ മണ്ഡലമായ തിരൂരങ്ങാടി ഗവ. ഹയര്‍ സെകണ്ടറി സ്കൂളില്‍ പദ്ധതി യാതര്ത്യമായതിന്റെ ജീവിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ നെറ്റ് വര്‍ക്ക് ഗ്രൂപുകളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.  പത്രതാളുകളിലൂടെ പ്രഖ്യാപനകസര്‍ത്തുകള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന മന്ത്രിയല്ല താനെന്നു അബ്ദുറബ്ബ്‌ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.സ്കൂള്‍ അവധി ദിവസങ്ങളില്‍ സംസ്ഥാനത്തെ സ്കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബുകള്‍ രക്ഷിതാക്കള്‍ക്ക് കൂടി കമ്പ്യൂട്ടര്‍ പഠനത്തിനു പ്രയോജനം ചെയ്യുന്ന വിധത്തില്‍ മറ്റൊരു പദ്ധതിയും വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി  വരുന്നു.ഇതിനൊക്കെ പുറമേ സച്ചാര്‍ സമിതിയുടെ ശുപാര്‍ശ പ്രകാരം വിവിധ കേന്ദ്ര പദ്ധതികളും സംസ്ഥാനത്തേക്ക് കൊണ്ട് വരുന്നതില്‍ മന്ത്രിയുടെ ശ്രമങ്ങള്‍ വിജയം കണ്ടിട്ടുണ്ട്. പാലക്കാട്ട് ഐ ഐ ടി യും, മലപ്പുറത്ത് ഐ ഐ എസ് ടി യും, കോട്ടയത്ത് ഇന്സ്റ്റിട്യുട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ഗ്ലോബല്‍ എജുക്കേഷണല്‍ മീറ്റും ഈ വര്ഷം നടത്തുന്നുണ്ട്. ഇന്ത്യയിലെ തന്നെ മികച്ച എജുക്കേഷണല്‍ ഹബ്ബായി കേരളം മാറുമെന്ന് വിദ്യാഭ്യാസ നിരീക്ഷകര്‍ ഇപ്പോള്‍ വിലയിരുത്തുകയാണ്.
കഴിഞ്ഞ ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിയ മലയാളം സര്‍വ്വകലാശാല  തുഞ്ചന്റെ മണ്ണില്‍ തന്നെ സ്ഥാപിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം സാക്ഷര കേരളം ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. മഞ്ചേരിയില്‍ സ്പോര്‍ട്സ്‌ അക്കാദമിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കാന്‍ നടപടിയെടുത്ത മന്ത്രി  മലപ്പുറത്തിന്റെ കായിക വളര്‍ച്ചക്ക് കൂടി ധ്രുത വേഗം കൂട്ടുകയുമാണ്. മജീദിന്റെയും, റഹ്മാന്റെയും, കുഞ്ഞിപ്പയുടെയും ധീരരക്തസാക്ഷിത്വത്തിലൂടെ നേടിയെടുത്ത ഭാഷാ പഠനസംരക്ഷണം, ഭാഷധ്യാപകര്‍ക്ക് പ്രധാന അധ്യാപക തസ്തിക നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിലൂടെ ഇന്ന് പുതുവഴി തേടുകയാണ്.  സംസ്ഥാനത്ത് പൌരസ്ത്യ ഭാഷാ സര്‍വ്വകലാശാല രൂപീകരിക്കാന്‍ നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു മന്ത്രി അബ്ദുറബ്ബ്‌. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക്‌ കൈപിടിച്ച് നടത്തുന്നതില്‍ മഹാനായ സീ എച്ചിന്റെ പാത പിന്തുടരുകയാണ് ഈ നഹാ പുത്രന്‍.

അടുത്ത അധ്യയനവര്‍ഷം പരാതികളില്ലാതെ കുറ്റവിമുക്തമാക്കാന്‍ ഇപ്പോള്‍ തന്നെ നടപടികള്‍ എടുക്കുന്ന മന്ത്രി വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, രക്ഷിതാക്കള്‍ക്കും കൂടി പ്രിയങ്കരനാകുകയാണ്. പരീക്ഷാഫലം അറിഞ്ഞാലുടന്‍ അടുത്തവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ ലഭ്യമാകുന്ന ചരിതാര്ത്യത്തിലാണ് ഇക്കുറി വിദ്യാര്‍ഥികള്‍ . 2012-13 അദ്ധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്നു. ഫിബ്രവരി 15 മുതല്‍ ഏപ്രില്‍ 15 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തെ 12,000 സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യും. 42 ലക്ഷം കുട്ടികള്‍ക്കാണ് പാഠപുസ്തകങ്ങള്‍ നല്‍കുക. പാഠപുസ്തക വിതരണത്തില്‍ ആശങ്കയും പരാതികളുമില്ലാത്ത അദ്ധ്യയനവര്‍ഷമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്‌ഷ്യം.തപാല്‍ വകുപ്പിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
മെഡിക്കല്‍ , എന്ജിനീയറിംഗ് എന്‍ട്രന്‍സ്‌ പരീക്ഷകള്‍ നേരത്തെയാക്കി, ഫലം പ്രസിദ്ധീകരിച്ചു  കേരളത്തിലെ വിദ്യാര്‍ഥികള്‍ സംസ്ഥാനം വിട്ടുപോവുന്ന സാഹചര്യം ഒഴിവാക്കാനും മന്ത്രി ശ്രമം തുടങ്ങിക്കഴിഞ്ഞു. സ്വാശ്രയ മേഖലയിലെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോര്‍പ്പറേറ്റ്‌ ന്യുനപക്ഷ മാനേജ്മെന്റുകളുമായി ചര്‍ച്ചകള്‍ നടത്തി വരികയുമാണ്. ക്രിയാത്മകമായ നടപടികളിലൂടെ പ്രശ്നങ്ങളെ സമീപിക്കുന്നതില്‍ ഒരു പണത്തൂക്കം മുന്നിലാണ് അബ്ദുറബ്ബ്‌. അതുകൊണ്ട് തന്നെ  മുന്‍ വര്‍ഷങ്ങളിലെ പോലെ സ്വാശ്രയ മേഖല സമരമുഖരിതമാകില്ലെന്നു തന്നെയാണ് മലയാളിയുടെ പ്രതീക്ഷയും.
പരീക്ഷകള്‍ അടുക്കുന്ന സാഹചര്യത്തില്‍ രക്ഷിക്കളില്‍ കൂടി അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 'സ്നേഹസ്പര്‍ശം'എന്ന പരിപാടിയും തുടക്കം കുറിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ട് രക്ഷിതാക്കള്‍ക്ക് കത്തെഴുതുന്ന ഒരു ജനകീയ പദ്ധതിയായി ഇതിനെ കാണാം.
മലയാളത്തില്‍ സ്വന്തം കൈപ്പടയില്‍ മന്ത്രി എഴുതിയ കത്ത് www.education-kerala.gov.in എന്ന വെബ്‌സൈറ്റില്‍ 'സ്‌നേഹസ്പര്‍ശം' എന്ന ലിങ്കില്‍ ലഭിക്കും. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഹെഡ്മാസ്റ്റര്‍മാര്‍ പി.ടി.എ. പ്രസിഡന്റുമാര്‍ക്ക് നല്‍കണം. ഇത് പി.ടി.എ. യോഗത്തിലും സ്‌കൂള്‍ അസംബ്ലിയിലും വായിക്കണം. പി.ടി.എ. പ്രസിഡന്റിനും രക്ഷിതാക്കള്‍ക്കും മറുപടി അയയ്ക്കാമെന്നതും, മന്ത്രി ഇതിന് മറുപടി എഴുതുമെന്നതും ശ്ലാഘനീയം തന്നെയാണ്. വിദ്യഭ്യാസത്തെക്കുറിച്ച് ജനങ്ങളുടെ സമീപനമറിയാനും ഇതനുസരിച്ച് നിലപാടെടുക്കാനും ഇതിലൂടെ സര്‍ക്കാരിന് കഴിയും. മലയാളി മറന്നു പോയ കത്തെഴുത്ത് സംസ്കാരം പരിപോഷിക്കുക, മലയാള ഭാഷയുടെ എഴുത്തുപയോഗം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ വിശാലമായ ലക്ഷ്യവും പദ്ധതിക്കുണ്ട്. മന്ത്രിയുടെ ആദ്യ കത്തിന്റെ പ്രശസ്തമായ ഭാഗം താഴെ

>>അടച്ചിട്ടമുറിയില്‍ തനിച്ചുള്ള പഠിത്തം വേണ്ട ...

മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് കുട്ടികളെ ഒരുക്കാനുള്ള ആഹ്വാനമാണ് വിദ്യാഭ്യാസമന്ത്രി രക്ഷിതാക്കള്‍ക്കയച്ച് ആദ്യ കത്തില്‍. ഇതില്‍ മന്ത്രി ഇങ്ങനെ എഴുതുന്നു.

കുട്ടികളുടെ പരീക്ഷാമികവും കുടുംബ സാഹചര്യവുമായി ബന്ധമുണ്ട്. പഠനത്തെ ആലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ വീട്ടിലുണ്ടാകരുത്. നന്നേ പുലര്‍ച്ചെതന്നെ കുട്ടികളെ ഉണര്‍ത്തി പഠനത്തിന് പ്രേരിപ്പിക്കണം. ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ ഉപയോഗം പരിമിതപ്പെടുത്തണം. ആരോഗ്യകാര്യത്തിലും ശ്രദ്ധിക്കണം. ഉറക്കമിളയ്ക്കാന്‍ യാതൊരു മരുന്നുകളും ഉപയോഗിക്കരുത്.

അടച്ചുമൂടിയ മുറിയില്‍ തനിച്ചിരുന്നുള്ള പഠനം നിരുത്സാഹപ്പെടുത്തണം. പഴയ ചോദ്യപേപ്പറുകള്‍ ശേഖരിച്ച് ഉത്തരമെഴുതി ശീലിക്കുന്നത് പരീക്ഷ എളുപ്പമാക്കാന്‍ ഉപകരിക്കും.... തുടര്‍ന്നും എഴുതാം.

സ്‌നേഹപൂര്‍വ്വം പി.കെ. അബ്ദുറബ്.<<

അച്ചടക്കത്തോടെ, പരാതികളില്ലാതെ ഇക്കുറി സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം തൃശൂരില്‍ സംഘടിപ്പിച്ചു കൊണ്ടും മന്ത്രിയും സംഘവും പ്രശംസ നേടുകയുണ്ടായി. ഒരവാര്‍ഡിന്റെ പേരില്‍ ബൂലോകത്ത് പോലും അസ്വാരസ്യങ്ങള്‍ തുടരുമ്പോള്‍ പരാതികളില്ലാത്ത സ്കൂള്‍ കലോല്‍സവം നടത്തിയത് പ്രകീര്‍ത്തിക്കപ്പെടേണ്ടതു തന്നെയാണ്.തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ വന്ന മത്സരാര്‍ഥികളെ മധുരം നല്‍കി സ്വീകരിച്ചതിലൂടെ മന്ത്രി കുട്ടികളുടെ മനം കൂടി കവര്‍ന്നു. കലാതിലകം, കലാപ്രതിഭാ പട്ടങ്ങള്‍ പുനസ്ഥാപിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം വിദ്യാര്‍ഥികളും, രക്ഷിതാക്കളും ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. യുവജനോല്‍സവ മാന്വലില്‍ തന്നെ മാറ്റം വരുത്തി കൂടുതല്‍ മത്സരങ്ങളെ ഉള്‍പ്പെടുത്തുമെന്ന്  കൂടി മന്ത്രി ചടങ്ങില്‍ പ്രഖ്യാപിക്കുകയുണ്ടായി.
അഴിമതിക്ക് കൂട്ട് നില്‍ക്കാതെ നിസ്വാര്തമായി സേവനം ചെയ്യുന്ന മന്ത്രിയാണ് അബ്ദുറബ്ബ്‌ എന്ന് എംഈഎസ് അധ്യക്ഷന്‍ ഡോ.ഫസല്‍ ഗഫൂര്‍ വരെ അബ്ദുറബ്ബിന് സര്ട്ടിഫികറ്റ്‌ നല്‍കുകയുണ്ടായി. പൊതു വിദ്യാഭ്യാസ സെക്രട്ടറിയും മുന്‍പ്‌ മലപ്പുറംജില്ലാ കലക്ടറുമായിരുന്ന എം ശിവശങ്കറുമായി നല്ല വ്യക്തി ബന്ധമുള്ള അബ്ദുറബ്ബ്‌  ഒരു ടീം വര്‍ക്ക്‌ പോലെ കാര്യങ്ങള്‍ നടപ്പാകുമ്പോള്‍ ചലിക്കുന്നത് വകുപ്പ് മാത്രമല്ല, കേരളം മൊത്തമാണ്. വേറിട്ട ശൈലിയുമായി അബ്ദുറബ്ബ്‌ മുന്നില്‍ നിന്ന് നയിക്കുന്നത് കാണുമ്പോള്‍ ആരും അറിയാതെ ചോദിച്ചു പോകും അബ്ദുറബ്ബിന്റെ കയ്യില്‍ അലാവുദ്ധീന്റെ അത്ഭുതവിളക്കുണ്ടോ..എന്ന്