Tuesday, September 9, 2014

മൂലക്കുരു, മൂലക്കുരു..നാടെങ്ങും മൂലക്കുരു !!



  ഗരങ്ങളില്‍ പോസ്റ്റര്‍ ഒട്ടിക്കലും, പത്രങ്ങളുടെ കൂടെ നോട്ടീസ് വിതരണം ചെയ്യലും ഒക്കെ ഒരു ചെറുകിട വ്യവസായമായി വളര്‍ന്നു വരികയാണ്. പത്രമുതലാളിമാര്‍ നല്‍കുന്ന നക്കാപിച്ച മൂക്കില്‍ വലിക്കാന്‍ പോലും തികയാതെ വരുമ്പോള്‍ പത്ര ഏജന്റുമാര്‍ക്ക് ആകെയുള്ള ആശ്വാസമാണ് ഈ നോട്ടീസുകള്‍. ഫോട്ടോ കോപ്പി എടുത്തു വിതരണം ചെയ്യാന്‍ മാത്രം വരിക്കാറുള്ള ചില പത്രങ്ങളുടെ വിതരണക്കാര്‍ക്ക് ഇതാണ് പ്രധാന വരുമാനം എന്നത് വേറെ കാര്യം . നന്നേ രാവിലെ പത്രം തുറക്കുമ്പോള്‍ തന്നെ ഓരോ പേജില്‍ നിന്നും അടര്‍ന്നു വീഴുന്ന നോട്ടീസുകള്‍ തന്നെ പത്രത്തെക്കാള്‍ തൂക്കം വരും. പുതുതായി ഓരോ പത്രങ്ങള്‍ തന്നെ നോട്ടീസ് കണക്കെ രംഗപ്രവേശം ചെയ്യുമ്പോള്‍ അത്തരം നോട്ടീസുകള്‍ വായിക്കാതെ മാറ്റി വെക്കാമെങ്കിലും അവഗണിക്കാന്‍ പറ്റാത്ത ഒന്നുണ്ട്. അത് പൊതു സ്ഥലങ്ങളില്‍ ഇടം പിടിച്ചിട്ടുള്ള പോസ്റ്റര്‍ പരസ്യങ്ങളാണ്. വീട്ടിനുള്ളിലെത്തുന്ന മൂലക്കുരു നോട്ടീസ് കാണുമ്പോഴേക്കും കണ്ണ് തിരിക്കുന്ന മലയാളിക്ക് അങ്ങാടികളില്‍ എത്തിയാല്‍ കണ്ണ് തിരിക്കാനാവില്ല. തിരിക്കുന്നിടത്തൊക്കെ കാണും മൂലക്കുരു, അര്‍ശസ്, ഭഗന്ദരം എന്നെഴുതിയ വെണ്ടക്കാക്ഷരങ്ങള്‍. ഇങ്ങനെ ഗതികേട് വായിപ്പിച്ചെടുത്ത ആ അക്ഷരങ്ങള്‍ അണ്ണാക്കിലൂടെ ഊര്‍ന്നിറങ്ങി 'ആസന'സ്തനായിട്ടുണ്ടോ എന്നറിയാന്‍ ആരും ഒന്ന് പരതി നോക്കും കുരു പൊട്ടിയിട്ടുണ്ടോ എന്ന്. ഇത് തന്നെയാണ് മൂലക്കുരു പോസ്റ്ററിന്റെ വിജയവും.


  മുപ്പത്തിമുക്കോടി സംഘടനകളും സ്ഥാപനങ്ങളും ഒക്കെ പോസ്റ്ററും നോട്ടീസും പതിക്കുന്ന കാര്യത്തില്‍ നമ്മളെ മൂലക്കുരു, അര്‍ശസ് പോസ്റ്റര്‍ ഒട്ടിക്കുന്നവരെ കണ്ടു പഠിക്കണം.ഏതു മൂലക്കുരു ഇല്ലാത്തവനും നേരം വെളുത്താല്‍ കുരു പൊട്ടുന്ന തരത്തില്‍ ഒരിഞ്ചും സ്ഥലം ബാക്കിയാക്കാതെ അവര്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതു മൂലക്കുരു പൊട്ടുന്നത് പോലെ ഒരു കലാവിരുത് തന്നെയാണ്.. കാണുന്ന ചുമരും, വൈദ്യുതി പോസ്റ്റുകളും എല്ലാം ഈ മൂലക്കുരു പോസ്റ്റര്‍ കൊണ്ട് നിറഞ്ഞ ഇക്കാലത്ത് മക്കളുമായി പുറത്തിറങ്ങിയ പലര്‍ക്കും പറ്റിയ അക്കിടി ചില്ലറയല്ല.


  ആദ്യമായി സ്കൂളില്‍ പോയി തുടങ്ങി അക്ഷരങ്ങളൊക്കെ വായിച്ചു പഠിച്ചു വരുന്ന കുട്ടികള്‍ക്ക് തങ്ങളുടെ മുമ്പില്‍ കാണുന്നതൊക്കെ വായിച്ചു നോക്കുന്ന ഒരേര്‍പ്പാടുണ്ടല്ലോ .. തങ്ങളുടെ രക്ഷിതാക്കളുടെ കൂടെ ബസ്സിലിരുന്നു ബസ് സ്റ്റാന്റിലെ ചുമരിലും നോക്കി കുട്ടികള്‍ തപ്പിയും തടഞ്ഞും മൂ ..മൂ ..ല ക്കു രു എന്ന് വായിക്കുന്നത് കേള്‍ക്കുമ്പോള്‍ ഊറിച്ചിരിച്ചു പോയിട്ടുണ്ട്. മൂലക്കുരുവിന് കൂടെയുള്ള, അര്‍ഷസും, വെള്ളപോക്കും, മറ്റു ലൈംഗീക രോഗങ്ങളും കുട്ടികള്‍ വായിക്കുന്നതിനു മുമ്പ് രക്ഷിതാക്കള്‍ (സത്യായിട്ടും ഞാനല്ല..ട്ടോ )കുട്ടികളുടെ വായ പൊത്തുന്നതും കണ്ടിട്ടുണ്ട്. ഇന്നാട്ടില്‍ മൊത്തം മൂലക്കുരു രോഗികളാണ് എന്ന് തോന്നിപ്പിക്കും വിധം പുലര്‍ച്ചെ എണീറ്റ്‌ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോകുന്ന പയ്യന്മാരെ നിങ്ങളെ സമ്മതിച്ചിരിക്കുന്നു.


  നാട്ടിലെ ഒരു പള്ളിക്ക് മുമ്പിലെ മതിലില്‍ ഇത് പോലെ ഒരു മൂലക്കുരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. രാത്രി ആരോ ഒട്ടിച്ചു പോയ ഒരു മതപ്രഭാഷണത്തിന്റെ പോസ്റ്റര്‍ ഉണ്ടായിരുന്നു പള്ളിച്ചുമരില്‍. പ്രഗല്‍ഭനായ ഡോക്ടരേറ്റ് നേടിയ ആളാണ് മതപ്രഭാഷകന്‍ (ആളുടെ പേര് കൊന്നാലും ഞാന്‍ പറയൂല) പക്ഷെ ആ പോസ്റ്ററിനു മുകളിലാണ് പുലര്‍ച്ചെ ആരോ മൂലക്കുരു പോസ്റ്റര്‍ ഒട്ടിച്ചു പോയത്. പള്ളിയില്‍ നിന്നും നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങിയ ഡോക്ടറുടെ അനുയായിക്ക്‌ ഇത് കണ്ട പാടെ കുരു പൊട്ടി., അടിയിലെ പോസ്റ്റര്‍ ലേശം തെളിഞ്ഞു കാണുന്നുണ്ട് എന്ന് കണ്ടതോടെ അയാള്‍ മുകളിലെ മൂലക്കുരു പോസ്റ്റര്‍ മെല്ലെ അടര്‍ത്താന്‍ തുടങ്ങി. പക്ഷെ പശ നന്നായി ഒട്ടിയതിനാല്‍ കുറച്ചു ഭാഗം മാത്രമേ അടര്‍ത്താനായുള്ളൂ. അപ്പോഴേക്കും പള്ളിയില്‍ നിന്നും ബാക്കി ആളുകള്‍ വരി വരിയായി പുറത്തേക്ക് വന്നു തുടങ്ങി. പിന്നെ എന്ത് ചെയ്യാന്‍!! പോസ്റ്റര്‍ കീറുന്നത് കണ്ടാല്‍ ആകെ പൊല്ലാപ്പാവും എന്ന് കണ്ടതോടെ പുള്ളി മുങ്ങി. മുക്കാല്‍ ഭാഗവും മൂലക്കുരു പോസ്റ്ററും കാല്‍ ഭാഗം മതപ്രഭാഷണപോസ്റ്ററും ചേര്‍ത്തു ആളുകള്‍ വായിക്കാന്‍ തുടങ്ങിയതോടെ മതപ്രഭാഷകനായ ഡോക്ടര്‍ പിന്നെ മൂലക്കുരു പരിശോധകനായി മാറി. ഠിം...


  സംഘടനകള്‍ ചിന്നഭിന്നമായി പോസ്റ്ററുകളും പരിപാടികളും വര്‍ദ്ധിച്ചതോടെ പലേടത്തും സംഘര്‍ഷങ്ങള്‍ക്ക് വരെ കാരണമായിരുന്നു. പക്ഷെ ഈ മൂലക്കുരു പോസ്റ്റര്‍ വന്നതോടെ പലേടത്തും ഈ സംഘര്‍ഷങ്ങള്‍ക്ക് ഒരളവു വരെ അയവ് വന്നിട്ടുണ്ട് എന്ന് 'പഠനങ്ങള്‍' (അവലംബം മുക്കിപീഡിയ) തെളിയിക്കുന്നു. എത്ര വലിയ സമ്മേളനത്തിന്റെയും പ്രഭാഷണത്തിന്റെയും പോസ്റ്ററിനു മുകളിലും മൂലക്കുരു പോസ്റ്റര്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ ആളുകള്‍ ക്ഷമാ ശീലരായി. മൂലക്കുരു പോസ്റ്റര്‍ കീറി വെറുതെ മേല്പറഞ്ഞ രീതിയിലുള്ള മാനഹാനി വരുത്തേണ്ട എന്ന നിലപാടിലാണ് ഇന്ന് എല്ലാ സംഘടനകളും. ഒരേ പേരുപയോഗിക്കുന്നതിനാല്‍ തിരിച്ചറിയാന്‍ വേണ്ടി മാത്രം പോസ്റ്ററിനു അടിയില്‍ തങ്ങളുടെ കാംപയിനുകളും മേല്‍വിലാസങ്ങളും നല്‍കുന്ന ചില സംഘടനകള്‍ക്ക്ചില പള്ളികള്‍ പൂട്ടേണ്ടി വന്നപ്പോളെങ്കിലും മൂലക്കുരുവിന് ലേശം അയവ് വന്നോ എന്നും സംശയമില്ലാതില്ല. എല്ലാ പള്ളിച്ചുമരുകളിലും നിറയെ മൂലക്കുരു പോസ്റ്റര്‍ നിറയുമ്പോള്‍ എല്ലാ ഗ്രൂപ്പുകളുടെയും വീറും വാശിയും താനേ അടങ്ങുമെന്നു ചുരുക്കം..


  സുന്നി സംഘടനാ തര്‍ക്കങ്ങള്‍ മൂത്ത് നില്‍ക്കുന്ന സമയത്താണ് ചെമ്മാട്ട്‌ പണ്ട് ഒരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. 'കാന്തപുരവും, പേരോടും ഇന്ന്ചെമ്മാട്ട്‌' എന്നായിരുന്നു പോസ്റ്റര്‍. പിറ്റെന്നതാ തൊട്ടടുത്തു തന്നെ മറ്റൊരു പോസ്റ്റര്‍ ' കൊണ്ടോട്ടിയും, മഞ്ചേരിയും നാളെ പരപ്പനങ്ങാടിയില്‍' ചിരിക്കാന്‍ വേറെ എവിടെയെങ്കിലും പോണോ.?  ഇത്തരം കുരു പൊട്ടുന്ന ഏർപ്പാട് പൊതു ചുമരുകളിൽ ഇല്ലാതായി . പകരം എല്ലാം പൊട്ടിതെറിക്കാൻ പറ്റിയ ചുമരായി  ഫെയ്സ് ബുക്ക്‌ വാൾ മാറി... അതെ പറ്റി നോ കമന്റ് .... അതെ പോലെ ചിരിപ്പിച്ച ഒന്നായിരുന്നു അയാളും ഞാനും തമ്മില്‍ എന്ന സിനിമാ പോസ്റ്ററും . ദിവസേന നാല് കളികള്‍ എന്ന പോസ്റ്റര്‍ എടുത്തു സ്ഥലം മാറ്റി ഒട്ടിച്ച വിദ്വാന്മാരെയും ഈ മൂലക്കുരു സ്മരണയില്‍ ഓര്‍ക്കാതെ തരമില്ല.    

  റിലീസ് സിനിമകളുടെ പോസ്റ്ററില്‍ താരങ്ങളുടെ തലകള്‍ വെട്ടി മാറ്റി ഒട്ടിക്കുന്ന വിദ്വാന്മാരുമുണ്ട്. തങ്ങള്‍ക്കിഷ്ടമുള്ള നടിമാരുടെ ചിത്രം ഷക്കീലതാത്തയുടെ ഉടലില്‍ ഒട്ടിച്ചു സായൂജ്യമടയുന്നവരുമുണ്ട്. മദ്യ ലഹരിയില്‍ ഇത്തരം പോസ്റ്ററുകളില്‍ പോലും രാസലീലകള്‍ നടത്തുന്ന ഞരമ്പ് രോഗികളെയും കണ്ടിട്ടുണ്ട്. ഷക്കീല താത്ത സാരിയുടുത്തു സ്ക്രീനില്‍ നിന്നും ഇറങ്ങിപ്പോയതോടെ തിയേറ്ററുകളില്‍ ഉച്ചപ്പടങ്ങള്‍ ഇല്ലാതായി.പൊതു സ്ഥലങ്ങളില്‍ അത്തരം അശ്ലീല സിനിമാ പോസ്റ്ററുകളും നന്നേ കുറഞ്ഞു. അത്തരം സിനിമാ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്ന സ്ഥലങ്ങളില്‍ ഒക്കെയും 'മൂലക്കുരു' പരന്നിരിക്കുന്നു. എങ്ങനെയായാലും അത്തരം സ്ഥലങ്ങളില്‍ എത്തുമ്പോള്‍ ഇപ്പോഴും മക്കളുടെ കണ്ണ് പൊത്താന്‍ തന്നെ വിധി.


  എന്തായാലും പോലീസ് സ്റ്റേഷന്റെ ബോഡിന്മേലും, റെയില്‍വേ സ്റ്റെഷനിലും വരെ പോസ്റ്റര്‍ ഒട്ടിക്കാനുള്ള 'സ്വാതന്ത്ര്യം' അത് മൂലക്കുരുവിനും, അര്‍ഷസിനും മാത്രം സ്വന്തം.നാളിതു വരെ ഒരു മൂലക്കുരു ഡോക്ടറേയും പോലീസ് ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്തതായി കേട്ടിട്ടില്ല. മാത്രമല്ല പോലീസൊക്കെ ഇപ്പോള്‍ ജനമൈത്രിയായി മാറി. തീവണ്ടിയൊക്കെ ഇപ്പോള്‍ സമയത്തിനു ഓടാന്‍ തുടങ്ങി. കുറച്ചു മൂലക്കുരു പോസ്റ്റര്‍ നമ്മുടെ ന്യൂസ് ചാനലുകളില്‍ കൂടി ഒട്ടിക്കാന്‍ ഏര്‍പ്പാടാക്കിയാല്‍ ഓപറേഷന്‍ കൂടാതെ അവരുടെ രോഗവും സുഖപ്പെടുത്താം എന്നാണു ആകെ മൊത്തം ഉരിത്തിരിഞ്ഞു വരുന്നത്.


നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഈ പോസ്റ്റ്‌ വായിച്ചു ആര്‍ക്കെങ്കിലും മൂലക്കുരു പൊട്ടുന്നുണ്ടെങ്കില്‍ കമ്പനി ഉത്തരവാദിയാകുന്നതല്ല..ഠിം

2 comments:

കമന്റ് കോളത്തില്‍ നിങ്ങള്‍ക്കും അഭിപ്രായം പറയാം. sign in ചെയ്യാന്‍ കഴിയാത്തവര്‍ക്ക് Name/URL ഓപ്ഷന്‍ വഴി നിങ്ങളുടെ പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്താം...ഹാ വേഗമാവട്ടെ