Tuesday, September 9, 2014

മൂലക്കുരു, മൂലക്കുരു..നാടെങ്ങും മൂലക്കുരു !!



  ഗരങ്ങളില്‍ പോസ്റ്റര്‍ ഒട്ടിക്കലും, പത്രങ്ങളുടെ കൂടെ നോട്ടീസ് വിതരണം ചെയ്യലും ഒക്കെ ഒരു ചെറുകിട വ്യവസായമായി വളര്‍ന്നു വരികയാണ്. പത്രമുതലാളിമാര്‍ നല്‍കുന്ന നക്കാപിച്ച മൂക്കില്‍ വലിക്കാന്‍ പോലും തികയാതെ വരുമ്പോള്‍ പത്ര ഏജന്റുമാര്‍ക്ക് ആകെയുള്ള ആശ്വാസമാണ് ഈ നോട്ടീസുകള്‍. ഫോട്ടോ കോപ്പി എടുത്തു വിതരണം ചെയ്യാന്‍ മാത്രം വരിക്കാറുള്ള ചില പത്രങ്ങളുടെ വിതരണക്കാര്‍ക്ക് ഇതാണ് പ്രധാന വരുമാനം എന്നത് വേറെ കാര്യം . നന്നേ രാവിലെ പത്രം തുറക്കുമ്പോള്‍ തന്നെ ഓരോ പേജില്‍ നിന്നും അടര്‍ന്നു വീഴുന്ന നോട്ടീസുകള്‍ തന്നെ പത്രത്തെക്കാള്‍ തൂക്കം വരും. പുതുതായി ഓരോ പത്രങ്ങള്‍ തന്നെ നോട്ടീസ് കണക്കെ രംഗപ്രവേശം ചെയ്യുമ്പോള്‍ അത്തരം നോട്ടീസുകള്‍ വായിക്കാതെ മാറ്റി വെക്കാമെങ്കിലും അവഗണിക്കാന്‍ പറ്റാത്ത ഒന്നുണ്ട്. അത് പൊതു സ്ഥലങ്ങളില്‍ ഇടം പിടിച്ചിട്ടുള്ള പോസ്റ്റര്‍ പരസ്യങ്ങളാണ്. വീട്ടിനുള്ളിലെത്തുന്ന മൂലക്കുരു നോട്ടീസ് കാണുമ്പോഴേക്കും കണ്ണ് തിരിക്കുന്ന മലയാളിക്ക് അങ്ങാടികളില്‍ എത്തിയാല്‍ കണ്ണ് തിരിക്കാനാവില്ല. തിരിക്കുന്നിടത്തൊക്കെ കാണും മൂലക്കുരു, അര്‍ശസ്, ഭഗന്ദരം എന്നെഴുതിയ വെണ്ടക്കാക്ഷരങ്ങള്‍. ഇങ്ങനെ ഗതികേട് വായിപ്പിച്ചെടുത്ത ആ അക്ഷരങ്ങള്‍ അണ്ണാക്കിലൂടെ ഊര്‍ന്നിറങ്ങി 'ആസന'സ്തനായിട്ടുണ്ടോ എന്നറിയാന്‍ ആരും ഒന്ന് പരതി നോക്കും കുരു പൊട്ടിയിട്ടുണ്ടോ എന്ന്. ഇത് തന്നെയാണ് മൂലക്കുരു പോസ്റ്ററിന്റെ വിജയവും.


  മുപ്പത്തിമുക്കോടി സംഘടനകളും സ്ഥാപനങ്ങളും ഒക്കെ പോസ്റ്ററും നോട്ടീസും പതിക്കുന്ന കാര്യത്തില്‍ നമ്മളെ മൂലക്കുരു, അര്‍ശസ് പോസ്റ്റര്‍ ഒട്ടിക്കുന്നവരെ കണ്ടു പഠിക്കണം.ഏതു മൂലക്കുരു ഇല്ലാത്തവനും നേരം വെളുത്താല്‍ കുരു പൊട്ടുന്ന തരത്തില്‍ ഒരിഞ്ചും സ്ഥലം ബാക്കിയാക്കാതെ അവര്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതു മൂലക്കുരു പൊട്ടുന്നത് പോലെ ഒരു കലാവിരുത് തന്നെയാണ്.. കാണുന്ന ചുമരും, വൈദ്യുതി പോസ്റ്റുകളും എല്ലാം ഈ മൂലക്കുരു പോസ്റ്റര്‍ കൊണ്ട് നിറഞ്ഞ ഇക്കാലത്ത് മക്കളുമായി പുറത്തിറങ്ങിയ പലര്‍ക്കും പറ്റിയ അക്കിടി ചില്ലറയല്ല.


  ആദ്യമായി സ്കൂളില്‍ പോയി തുടങ്ങി അക്ഷരങ്ങളൊക്കെ വായിച്ചു പഠിച്ചു വരുന്ന കുട്ടികള്‍ക്ക് തങ്ങളുടെ മുമ്പില്‍ കാണുന്നതൊക്കെ വായിച്ചു നോക്കുന്ന ഒരേര്‍പ്പാടുണ്ടല്ലോ .. തങ്ങളുടെ രക്ഷിതാക്കളുടെ കൂടെ ബസ്സിലിരുന്നു ബസ് സ്റ്റാന്റിലെ ചുമരിലും നോക്കി കുട്ടികള്‍ തപ്പിയും തടഞ്ഞും മൂ ..മൂ ..ല ക്കു രു എന്ന് വായിക്കുന്നത് കേള്‍ക്കുമ്പോള്‍ ഊറിച്ചിരിച്ചു പോയിട്ടുണ്ട്. മൂലക്കുരുവിന് കൂടെയുള്ള, അര്‍ഷസും, വെള്ളപോക്കും, മറ്റു ലൈംഗീക രോഗങ്ങളും കുട്ടികള്‍ വായിക്കുന്നതിനു മുമ്പ് രക്ഷിതാക്കള്‍ (സത്യായിട്ടും ഞാനല്ല..ട്ടോ )കുട്ടികളുടെ വായ പൊത്തുന്നതും കണ്ടിട്ടുണ്ട്. ഇന്നാട്ടില്‍ മൊത്തം മൂലക്കുരു രോഗികളാണ് എന്ന് തോന്നിപ്പിക്കും വിധം പുലര്‍ച്ചെ എണീറ്റ്‌ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോകുന്ന പയ്യന്മാരെ നിങ്ങളെ സമ്മതിച്ചിരിക്കുന്നു.


  നാട്ടിലെ ഒരു പള്ളിക്ക് മുമ്പിലെ മതിലില്‍ ഇത് പോലെ ഒരു മൂലക്കുരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. രാത്രി ആരോ ഒട്ടിച്ചു പോയ ഒരു മതപ്രഭാഷണത്തിന്റെ പോസ്റ്റര്‍ ഉണ്ടായിരുന്നു പള്ളിച്ചുമരില്‍. പ്രഗല്‍ഭനായ ഡോക്ടരേറ്റ് നേടിയ ആളാണ് മതപ്രഭാഷകന്‍ (ആളുടെ പേര് കൊന്നാലും ഞാന്‍ പറയൂല) പക്ഷെ ആ പോസ്റ്ററിനു മുകളിലാണ് പുലര്‍ച്ചെ ആരോ മൂലക്കുരു പോസ്റ്റര്‍ ഒട്ടിച്ചു പോയത്. പള്ളിയില്‍ നിന്നും നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങിയ ഡോക്ടറുടെ അനുയായിക്ക്‌ ഇത് കണ്ട പാടെ കുരു പൊട്ടി., അടിയിലെ പോസ്റ്റര്‍ ലേശം തെളിഞ്ഞു കാണുന്നുണ്ട് എന്ന് കണ്ടതോടെ അയാള്‍ മുകളിലെ മൂലക്കുരു പോസ്റ്റര്‍ മെല്ലെ അടര്‍ത്താന്‍ തുടങ്ങി. പക്ഷെ പശ നന്നായി ഒട്ടിയതിനാല്‍ കുറച്ചു ഭാഗം മാത്രമേ അടര്‍ത്താനായുള്ളൂ. അപ്പോഴേക്കും പള്ളിയില്‍ നിന്നും ബാക്കി ആളുകള്‍ വരി വരിയായി പുറത്തേക്ക് വന്നു തുടങ്ങി. പിന്നെ എന്ത് ചെയ്യാന്‍!! പോസ്റ്റര്‍ കീറുന്നത് കണ്ടാല്‍ ആകെ പൊല്ലാപ്പാവും എന്ന് കണ്ടതോടെ പുള്ളി മുങ്ങി. മുക്കാല്‍ ഭാഗവും മൂലക്കുരു പോസ്റ്ററും കാല്‍ ഭാഗം മതപ്രഭാഷണപോസ്റ്ററും ചേര്‍ത്തു ആളുകള്‍ വായിക്കാന്‍ തുടങ്ങിയതോടെ മതപ്രഭാഷകനായ ഡോക്ടര്‍ പിന്നെ മൂലക്കുരു പരിശോധകനായി മാറി. ഠിം...


  സംഘടനകള്‍ ചിന്നഭിന്നമായി പോസ്റ്ററുകളും പരിപാടികളും വര്‍ദ്ധിച്ചതോടെ പലേടത്തും സംഘര്‍ഷങ്ങള്‍ക്ക് വരെ കാരണമായിരുന്നു. പക്ഷെ ഈ മൂലക്കുരു പോസ്റ്റര്‍ വന്നതോടെ പലേടത്തും ഈ സംഘര്‍ഷങ്ങള്‍ക്ക് ഒരളവു വരെ അയവ് വന്നിട്ടുണ്ട് എന്ന് 'പഠനങ്ങള്‍' (അവലംബം മുക്കിപീഡിയ) തെളിയിക്കുന്നു. എത്ര വലിയ സമ്മേളനത്തിന്റെയും പ്രഭാഷണത്തിന്റെയും പോസ്റ്ററിനു മുകളിലും മൂലക്കുരു പോസ്റ്റര്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ ആളുകള്‍ ക്ഷമാ ശീലരായി. മൂലക്കുരു പോസ്റ്റര്‍ കീറി വെറുതെ മേല്പറഞ്ഞ രീതിയിലുള്ള മാനഹാനി വരുത്തേണ്ട എന്ന നിലപാടിലാണ് ഇന്ന് എല്ലാ സംഘടനകളും. ഒരേ പേരുപയോഗിക്കുന്നതിനാല്‍ തിരിച്ചറിയാന്‍ വേണ്ടി മാത്രം പോസ്റ്ററിനു അടിയില്‍ തങ്ങളുടെ കാംപയിനുകളും മേല്‍വിലാസങ്ങളും നല്‍കുന്ന ചില സംഘടനകള്‍ക്ക്ചില പള്ളികള്‍ പൂട്ടേണ്ടി വന്നപ്പോളെങ്കിലും മൂലക്കുരുവിന് ലേശം അയവ് വന്നോ എന്നും സംശയമില്ലാതില്ല. എല്ലാ പള്ളിച്ചുമരുകളിലും നിറയെ മൂലക്കുരു പോസ്റ്റര്‍ നിറയുമ്പോള്‍ എല്ലാ ഗ്രൂപ്പുകളുടെയും വീറും വാശിയും താനേ അടങ്ങുമെന്നു ചുരുക്കം..


  സുന്നി സംഘടനാ തര്‍ക്കങ്ങള്‍ മൂത്ത് നില്‍ക്കുന്ന സമയത്താണ് ചെമ്മാട്ട്‌ പണ്ട് ഒരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. 'കാന്തപുരവും, പേരോടും ഇന്ന്ചെമ്മാട്ട്‌' എന്നായിരുന്നു പോസ്റ്റര്‍. പിറ്റെന്നതാ തൊട്ടടുത്തു തന്നെ മറ്റൊരു പോസ്റ്റര്‍ ' കൊണ്ടോട്ടിയും, മഞ്ചേരിയും നാളെ പരപ്പനങ്ങാടിയില്‍' ചിരിക്കാന്‍ വേറെ എവിടെയെങ്കിലും പോണോ.?  ഇത്തരം കുരു പൊട്ടുന്ന ഏർപ്പാട് പൊതു ചുമരുകളിൽ ഇല്ലാതായി . പകരം എല്ലാം പൊട്ടിതെറിക്കാൻ പറ്റിയ ചുമരായി  ഫെയ്സ് ബുക്ക്‌ വാൾ മാറി... അതെ പറ്റി നോ കമന്റ് .... അതെ പോലെ ചിരിപ്പിച്ച ഒന്നായിരുന്നു അയാളും ഞാനും തമ്മില്‍ എന്ന സിനിമാ പോസ്റ്ററും . ദിവസേന നാല് കളികള്‍ എന്ന പോസ്റ്റര്‍ എടുത്തു സ്ഥലം മാറ്റി ഒട്ടിച്ച വിദ്വാന്മാരെയും ഈ മൂലക്കുരു സ്മരണയില്‍ ഓര്‍ക്കാതെ തരമില്ല.    

  റിലീസ് സിനിമകളുടെ പോസ്റ്ററില്‍ താരങ്ങളുടെ തലകള്‍ വെട്ടി മാറ്റി ഒട്ടിക്കുന്ന വിദ്വാന്മാരുമുണ്ട്. തങ്ങള്‍ക്കിഷ്ടമുള്ള നടിമാരുടെ ചിത്രം ഷക്കീലതാത്തയുടെ ഉടലില്‍ ഒട്ടിച്ചു സായൂജ്യമടയുന്നവരുമുണ്ട്. മദ്യ ലഹരിയില്‍ ഇത്തരം പോസ്റ്ററുകളില്‍ പോലും രാസലീലകള്‍ നടത്തുന്ന ഞരമ്പ് രോഗികളെയും കണ്ടിട്ടുണ്ട്. ഷക്കീല താത്ത സാരിയുടുത്തു സ്ക്രീനില്‍ നിന്നും ഇറങ്ങിപ്പോയതോടെ തിയേറ്ററുകളില്‍ ഉച്ചപ്പടങ്ങള്‍ ഇല്ലാതായി.പൊതു സ്ഥലങ്ങളില്‍ അത്തരം അശ്ലീല സിനിമാ പോസ്റ്ററുകളും നന്നേ കുറഞ്ഞു. അത്തരം സിനിമാ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്ന സ്ഥലങ്ങളില്‍ ഒക്കെയും 'മൂലക്കുരു' പരന്നിരിക്കുന്നു. എങ്ങനെയായാലും അത്തരം സ്ഥലങ്ങളില്‍ എത്തുമ്പോള്‍ ഇപ്പോഴും മക്കളുടെ കണ്ണ് പൊത്താന്‍ തന്നെ വിധി.


  എന്തായാലും പോലീസ് സ്റ്റേഷന്റെ ബോഡിന്മേലും, റെയില്‍വേ സ്റ്റെഷനിലും വരെ പോസ്റ്റര്‍ ഒട്ടിക്കാനുള്ള 'സ്വാതന്ത്ര്യം' അത് മൂലക്കുരുവിനും, അര്‍ഷസിനും മാത്രം സ്വന്തം.നാളിതു വരെ ഒരു മൂലക്കുരു ഡോക്ടറേയും പോലീസ് ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്തതായി കേട്ടിട്ടില്ല. മാത്രമല്ല പോലീസൊക്കെ ഇപ്പോള്‍ ജനമൈത്രിയായി മാറി. തീവണ്ടിയൊക്കെ ഇപ്പോള്‍ സമയത്തിനു ഓടാന്‍ തുടങ്ങി. കുറച്ചു മൂലക്കുരു പോസ്റ്റര്‍ നമ്മുടെ ന്യൂസ് ചാനലുകളില്‍ കൂടി ഒട്ടിക്കാന്‍ ഏര്‍പ്പാടാക്കിയാല്‍ ഓപറേഷന്‍ കൂടാതെ അവരുടെ രോഗവും സുഖപ്പെടുത്താം എന്നാണു ആകെ മൊത്തം ഉരിത്തിരിഞ്ഞു വരുന്നത്.


നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഈ പോസ്റ്റ്‌ വായിച്ചു ആര്‍ക്കെങ്കിലും മൂലക്കുരു പൊട്ടുന്നുണ്ടെങ്കില്‍ കമ്പനി ഉത്തരവാദിയാകുന്നതല്ല..ഠിം

Wednesday, August 20, 2014

ലൈക്കേറ്റ്, ലൈക്കേറ്റ് ശൈഖുന ക്ഷീണിതനാണ്


















ഫെയ്സ്ബുക്കാകുന്ന കടലിനുള്ളിക്ക്
ബലയെറിയുന്ന ശൈഖുനാ..
പേജില്‍ ബന്നൊരു ലൈക്കടിക്കുമ്പം
ഒരു നറുക്കിനു ചേര്‍ക്കണേ...

വേറെയാണ് വിചാരമെങ്കില്
വേഗം തിരുമുടി പോസ്റ്റണേ...പിന്നെ
നേരെ കാലത്തെ ണീറ്റു ഞമ്മളാ
മുടിയും ലൈക്കി തുടങ്ങണേ..
                                                  (ഫെയ്സ്ബുക്കാകുന്ന ...)

ചട്ടി , പ്ലേറ്റതിലേറെ കൌതുകമുള്ള
തെല്ലാം കാക്കുവാന്‍..
പള്ളി പണിയാനെരിയും വെയിലത്ത്
കൈലും കുത്തി നടക്കണോ..
                                                    (ഫെയ്സ്ബുക്കാകുന്ന ...)

സുക്കറണ്ണന്റെ കനിവിനാല്‍
ഞമ്മ ശൈഖിന്‍ പേജ് നിറക്കണേ ...
മുടികലക്കിയ ബെള്ളം കൊണ്ടൊരു
കവറ് കൊടുത്തത് കാക്കണേ..
                                                  (ഫെയ്സ്ബുക്കാകുന്ന ...)

ലൈക്കടിച്ചവരൊക്കെയും വരി
ചേര്‍ന്ന് നേരെ നടക്കണേ..
സ്വര്‍ഗം കേറേണ്ട  കൌണ്ടറില്‍ ശൈഖ്‌
ടിക്കറ്റും കാത്തു നില്‍ക്കുമേ...
                                                  (ഫെയ്സ്ബുക്കാകുന്ന ...)

ലൈക്കടിക്കാതെ മാറി നിക്കണ
പുത്തന്‍ വാദികളൊക്കെയും
ഉഗ്ര ജാതിയില്‍ വൈറസേറ്റതാ
പേജും പൂട്ടി നടക്ക്ണ്...
                                                  (ഫെയ്സ്ബുക്കാകുന്ന ...)

ബെക്കം ബന്നവര്‍ ലൈക്കടി
ച്ചെന്റെ പേജ് തിക്കുമ്പം സുക്കറെ...
ബേറെ ശൈക്കിന്റെം പേജ് കാണിച്ചു
ലൈക്ക് നല്ലോണം കാക്കണേ ...
                                                 (ഫെയ്സ്ബുക്കാകുന്ന ...)



ഓര്‍മ്മ : ശൈഖുന ക്ഷീണിതനാണ്, ശൈഖുന ക്ഷീണിതനാണ്...പകരം പേരോടിനെ മുത്തിക്കോളൂ ....


Saturday, June 16, 2012

അച്ചുതാനന്ദന്‍ എന്ന സേഫ്റ്റിവാള്‍വും, രാജഗോപാലിന്റെ തഴമ്പും

അങ്ങനെ ശെല്‍വരാജ് ദേ പോയി ദാ വന്നിരിക്കുന്നു.. മുമ്പൊരു വെള്ളിയാഴ്ച സൂര്യനുദിക്കും മുമ്പാണ് പാര്‍ട്ടിയെ തള്ളിപ്പറയാനും എം എല്‍ എ സ്ഥാനം വലിച്ചെറിയാനും  മൂപ്പര്‍ക്ക് ബുദ്ധിയുദിച്ചത്, സൂര്യനുദിക്കും മുമ്പ്‌ ബുദ്ധിയുദിച്ചാല്‍ പിന്നെ പീ സി ജോര്‍ജിന് വിളിക്കുക എന്നതാണല്ലോ കീഴ്വഴക്കം. എല്ലാവരെയും കയ്യഴിഞ്ഞു സഹായിക്കാറുള്ള പീ സി ജോര്‍ജു യൂ ഡി എഫിലേക്കുള്ള  വഴി പറഞ്ഞു കൊടുത്തപ്പോഴേക്കും എല്ലാവരും പറഞ്ഞു ജോര്‍ജ്‌ മാത്രമല്ല 'ജോര്‍ജ്കുട്ടി'യും സഹായിച്ചിട്ടുണ്ടെന്ന്. തോമസ്‌ ഐസക്‌ ഒന്നും കൂടി കൂട്ടിപ്പറഞ്ഞു, മന്ത്രി സഭയില്‍ അത്യാവശ്യം 'ജോര്‍ജ്കുട്ടി'യൊക്കെയുള്ള കുഞ്ഞാലിക്കുട്ടിയാണ് ഇതിന്റെ പിന്നിലെന്ന്... ആര് പിന്നിലായാലും ശെല്‍വരാജ് ഇപ്പോള്‍ മുന്നിലാണ്.  ആദ്യ ലാപ്പില്‍ അമ്പേ പിന്നിലേക്ക് 'ദേ പോയി ശെല്‍വരാജ്' എന്ന് അമ്പരന്നവര്‍ പലരും പിന്നീട് രണ്ടാം സ്ഥാനത്തേക്ക് ദാ വന്നു എന്ന് ശ്വാസം വിടുന്നുണ്ടായിരുന്നു... വീണ്ടും മൂന്നാം സ്ഥാനത്തേക്ക് ദേ പോയി എന്ന് തലയില്‍ കൈ വെച്ചെങ്കിലും ഒന്നാം സ്ഥാനത്തേക്ക് ദാ വന്നു എന്ന് ഫ്ലാഷ് ന്യുസ് വന്നപ്പോഴാണ് ഇന്ദിരാ ഭവനില്‍ പലരും വെള്ളം പോലും കുടിച്ചത്. മാറി മാറി മറിഞ്ഞ ഈ ത്രികോണ മത്സരത്തിന്‍റെ അവസാന ലാപ്പില്‍ ഗപ്പടിച്ച ശെല്‍വരാജ് ഇനി ദേ പോകാഞ്ഞാല്‍ മതിയായിരുന്നു എന്നാണു മലയാളികളുടെ ഉള്ളുരുകിയുള്ള  പ്രാര്‍ത്ഥനയും.


പാര്‍ട്ടിക്കുള്ളില്‍ അച്യുതാനന്ദന് വേണ്ടി അങ്കം വെട്ടിയ ഈ അങ്കക്കോഴി ഒരു നിലാവുള്ള രാത്രിയില്‍ കൂട് വിട്ടതായിരുന്നല്ലോ. വലത്തേ കൂട്ടില്‍ കയറുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണ് എന്ന് കരുതി അന്താളിച്ചതായിരുന്നു ഈ അങ്കക്കോഴി. പക്ഷെ അങ്കത്തിനിറക്കിയ സാക്ഷാല്‍ അച്ചുമ്മാമന്‍ വരമ്പത്ത് നിന്ന് (പോളിറ്റ്‌ ബ്യുറോയുടെ) കൂലി വാങ്ങുന്നതല്ലാതെ മെയ്യനങ്ങി ഒന്ന് സഹായിക്കുന്നു പോലുമില്ല. മൂപ്പരെ കാര്യം തന്നെ അവിടെ കട്ടപ്പൊകയെങ്കില്‍ മൂപ്പരെങ്ങനെ സഹായിക്കും. പാര്‍ട്ടി പോളിറ്റ്‌ ബ്യുറോയില്‍ നിന്നു പുറത്തായ ശേഷം  അച്ചുതാനന്ദന്‍  പാര്‍ട്ടിയില്‍ വെറും നേര്‍ച്ചക്കോഴി...പിന്നെ ബാക്കി കോഴികളുടെ കാര്യം പറയേണ്ടല്ലോ. മുഴവന്‍ സമയവും ആകാശത്തേക്ക് കൈയുയര്‍ത്തി ഉടയതമ്പുരാനോട് പ്രാര്‍ത്ഥിക്കുന്ന ജെ സി ബിയെ മനസ്സില്‍ ധ്യാനിച്ചിട്ടും അച്യുതാനന്ദന് ഇതാണ് യോഗമെങ്കില്‍ അച്ചുതാനന്ദന്റെ കൂടെ കൂടിയവരുടെ കാര്യവും കട്ടപ്പൊക...  ജീവിതകാലത്തില്‍ എപ്പോഴോ അച്ചുതാനന്ദന്റെ കൂടെക്കൂടി എന്ന തെറ്റ് ചെയ്തുവെന്നു കരുതി ജീവിതകാലം മുഴവന്‍ നരകിക്കണമെന്നുണ്ടോ..അങ്ങനെ അച്യുതാന്ദന്റെ മറ്റൊരു അങ്കക്കോഴി കൂടി പാര്‍ട്ടിയില്‍ നിന്നും പെരുവഴിയിലേക്ക് ചാടിയിറങ്ങി..അതായിരുന്നു ശെല്‍വരാജ്.


പെരുവഴിയില്‍ ആത്മഹത്യ വലിയകുറ്റമാണ്, യൂ ഡി എഫ് ഭരണത്തില്‍ പ്രത്യേകിച്ചും. അങ്ങനെ ആത്മഹത്യ ചെയ്യുന്നവരെ പ്രത്യേകം തൂക്കികൊല്ലാനാണ് ഉമ്മന്‍ചാണ്ടി സര്‍കാറിന്റെ പരിപാടി, ഗംഗയെന്ന പേര് മാറ്റി ഗ്രയ്സ്‌ ആകുമ്പോഴേക്കും ഭരണത്തില്‍ ഉരുത്തിരിഞ്ഞു വരുന്ന  'ഇസ്ലാമിക വല്‍കരണം'  അതിവേഗം ബഹുദൂരം മുന്നേറുന്ന സാഹചര്യത്തില്‍ ഒരു പ്രതിപക്ഷ എം എല്‍ എ യും പെരുവഴിയില്‍ ആത്മഹത്യ ചെയ്യാന്‍ പാടില്ല.. അവര്‍ക്ക് മുന്നണിക്കുള്ളില്‍ തന്നെ ആത്മഹത്യക്ക് സൗകര്യം ചെയ്തു കൊടുക്കുക എന്നതാണ് ഒരു മിനിമം പ്രതിപക്ഷ ബഹുമാനം. ബാപ്പാന്റെ അടുത്തു നിന്നും പോരുകയും ചെയ്തു, ഉമ്മാന്റെയടുത്ത് ഒട്ട് എത്തിയതുമില്ല എന്നസ്ഥിതിയില്‍ പെരുവഴിയിലായ ശെല്‍വരാജിന് പിന്നെ യൂ ഡി എഫല്ലാതെ ആര് ചെയ്തു കൊടുക്കും ഈ സൗകര്യങ്ങളൊക്കെയും. അങ്ങനെയാണ് ശെല്‍വരാജ് യൂ ഡി എഫിന്റെ ജനലഴിക്കുള്ളിലേക്ക്  എത്തി നോക്കിയതും.

പ്രതിപക്ഷ എം എല്‍ എ യുടെ മണ്ഡലത്തില്‍ പോലും കോടികളുടെ വികസനപ്രവര്‍ത്തികള്‍ക്ക് അംഗീകാരം നല്‍കുന്ന  അഭിനവ ഖലീഫയായ ഖലീഫ ഉമ്മനെ കണ്ട പാടെ ശെല്‍വരാജിന് കണ്ണ് നിറഞ്ഞു.  മുമ്പ്‌ ബാപ്പാനെ വിട്ട് ഉമ്മന്റെയടുത്തെക്ക് വന്ന പീ സി ജോര്‍ജിനെ കൂടി കണ്ടപ്പോള്‍ ഒന്നും നോക്കിയില്ല ആത്മഹത്യ തന്നെ, ന്തേ അതെന്നെ. അങ്ങനെ  അവസാനത്തെ ബസ്സിനു ശേഷം വരുന്ന കെ എസ് ആര്‍ ടി സിക്കായി അച്ചുതാനന്ദന്‍ നില്‍ക്കുന്നത് പോലെ  കാത്തു നില്‍ക്കാതെ ശെല്‍വരാജും ഈ  അതിവേഗവണ്ടി കയറി  ഇന്ദിരാ ഭവനിലേക്ക് ...

പാര്‍ട്ടിയാകുന്ന സാഗരത്തില്‍ നിന്നും ബക്കറ്റിലേക്ക് മുക്കിയ കുറച്ചു വെള്ളം മാത്രമായിരുന്നു മുമ്പ്‌ അച്ചുതാനന്ദന്‍. പാര്‍ട്ടിക്കുള്ളിലെ അവസാനത്തെ കുലംകുത്തിയും പുറത്തു പോകുന്നത് വരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ നില്‍ക്കുന്ന ഒരു സേഫ്റ്റി വാള്‍വാണ് ഇപ്പോള്‍ അച്ചുതാനന്ദന്‍. പാര്‍ട്ടി പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വത്തോട് വിയോജിപ്പുള്ളവരെ ഈ സേഫ്റ്റിവാള്‍വിലേക്ക് ആകര്‍ഷിപ്പിക്കും,  പാര്‍ട്ടിക്ക് പുറത്തുള്ള ഇരകളോടൊപ്പം നിലയുറപ്പിക്കുകയും ചെയ്യും. പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി അയയുമ്പോള്‍ ഈ സേഫ്റ്റി വാള്‍വ് തുറന്നു വിടുകയും ചെയ്യും. പിന്നെ പാര്‍ട്ടിയെന്ന വേട്ടപ്പട്ടിയോടൊപ്പം ഓടലാണ് അച്യുതാനന്ദന്റെയും സ്ഥിരം പണി.സഖാവ് അച്ചുതാനന്ദന്‍ ഈ സമ്മര്‍ദതന്ത്രം പയറ്റാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പാര്‍ട്ടി പ്രവര്‍ത്തകരെ തന്നിലേക്ക് ആകര്‍ഷിപ്പിക്കുന്നുവെങ്കിലും പാര്‍ട്ടി നിലനില്‍ക്കാന്‍  ഈ സേഫ്റ്റിവാള്‍വ് തന്നെ വേണം എന്ന് പോളിറ്റ് ബ്യുറോയിലെ ഏതാനും പരിപ്പുവട പ്രേമികള്‍ക്കെങ്കിലും അറിയാം. അവരാണ് റിസര്‍വ്‌ ബാങ്കിലെ ഖജനാവ്‌ പോലെ അച്യുതാനന്ദനെ താങ്ങി കൊണ്ട് നടക്കുന്നതും. അത്തരം ഒരു താങ്ങിക്കൊണ്ട് വരലാണ് അവസാനലാപ്പില്‍ നെയ്യാറ്റിന്‍കരയില്‍ കണ്ടതും. 

പ്രതിസന്ധികള്‍ ഒന്നുമില്ലാത്ത സമയത്ത് അനാവശ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുക, അതിനു വേണ്ടി മാത്രം കൂടുന്ന അവൈലബിള്‍ പി ബി പറയുന്നതെന്തും ചെയ്യുക. കേരളം കുറെ കാലമായി കണ്ടു കൊണ്ടിരിക്കുന്ന പി ബി - വീ എസ് പൊതുമിനിമം പരിപാടിയുടെ അവസാനത്തെ ഉദാഹരണമാണ് നെയ്യാറ്റിന്‍കരയിലേത്. പാര്‍ട്ടി തന്നെ ഒരു സെപ്ടിക് ടാങ്ക് പോലെ ചീഞ്ഞു നാറിയ വേളയില്‍ ആ ടാങ്കിലേക്കാണ് വീ എസ്സിനോട് ഇറങ്ങാന്‍ പറഞ്ഞത്. പതിവ് പോലെ അപ്പുറവും ഇപ്പുറവും നോക്കാതെ ബക്കറ്റും വെള്ളവുമെടുത്തു  മൂപ്പര് ഇറങ്ങുകയും ചെയ്തു. പക്ഷെ ഒരു ബക്കറ്റ് വെള്ളം കൊണ്ട് മാത്രം വൃത്തിയാക്കാന്‍ പറ്റുന്നതല്ലല്ലോ പാര്‍ട്ടിക്കുള്ളിലുള്ളത്.

കേരളത്തിലെ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ ചരിത്രം ടി പി വധത്തിനു മുമ്പും ശേഷവും എന്ന രീതിയില്‍ വിഭജിക്കപ്പെട്ടതായി  രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നതിനിടയിലാണ് അച്ചുതാനന്ദന്‍ നെയ്യാറ്റിന്‍കരയിലേക്ക് എഴുന്നള്ളുന്നത്.  മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങാ വീണു എന്ന് പറഞ്ഞത് പോലെയാണ് ഇടുക്കിയില്‍ നിന്നും അതിനിടയില്‍ മണി മുഴങ്ങിയത്. ഇതോടെ അച്ചുതാനന്ദന്റെ വരവ് ബദറില്‍ ഇബ്‌ലീസ് ഇറങ്ങിയത് പോലെയായി.യൂ ഡി എഫിന് തണലായി പുറത്തു ചാടിയ മണി അച്ചുതാനന്ദന്‍ എന്ന സേഫ്റ്റി വാള്‍വടക്കം അടിച്ചു തകര്‍ത്താണ് കലിയടക്കിയത്. പാര്‍ട്ടി പട്ടിക വെച്ച് നടത്തിയ കൊലകളും, പാര്‍ട്ടി ഒളിപ്പിച്ചു വെച്ച പ്രതികളും ദിനംപ്രതി പുറത്തു വരാന്‍ തുടങ്ങിയതോടെ പാര്‍ട്ടിക്ക്  പിന്നെ ഒന്നും മറച്ചു വെക്കാനില്ലാതായി, മണിയെ പോലും!! ഉയര്‍ന്ന ശമ്പളം പോകട്ടെ, സമൂഹത്തില്‍ മാന്യത നല്‍കുന്ന ഏതോ ഒരു  കാറ്ററിംഗ് കോളേജ്‌ മൂക്കിനു താഴെ മൂന്നാറിലുണ്ടായിട്ടും മണിക്ക് അവിടെ പോയെങ്കിലും  മാന്യത പഠിക്കാമായിരുന്നില്ലേ എന്നാണു എന്റെ വിനീതമായ ചോദ്യം..

ഇടുക്കിയിലെ ഉടുക്ക്കൊട്ടും, ഏറനാട്ടെ വെടിക്കെട്ടും, കുട്ടനാടന്‍ കലാശക്കൊട്ടും സമം ചേര്‍ത്തു കഴിച്ചാണ് നെയ്യാറ്റിന്‍കരക്കാര്‍ പാര്‍ട്ടി സെക്രട്ടറിയെ അനുസരിച്ചത്. പാര്‍ട്ടി സെക്രട്ടറി പ്രമോട്ട് ചെയ്ത എല്ലാ ചിരിമരുന്നുകളും ഒരുമിച്ചു വയറിളക്കിയപ്പോള്‍ അതിരാവിലെ മുതല്‍ നെയ്യാറ്റിന്‍കര കുലംകുത്തി ഒഴുകുകയായിരുന്നു. പാര്‍ട്ടിയെ വരിഞ്ഞു മുറുക്കിയ വൈറസുകള്‍ സംസ്ഥാനമൊട്ടാകെ വ്യാപിച്ചതോടെ ആ ഒഴുക്കിനിടയിലേക്ക് അള്ളു വെക്കാനായിരുന്നു   അച്ചുതാനന്ദന്‍റെ പരിപാടി. ബക്കറ്റും വെള്ളവുമായി മൂപ്പര് നേരെ തിരിച്ചു  ഒഞ്ചിയത്തേക്ക്.. ചര്‍ദിയും അതിസാരവും പടരുമ്പോള്‍ ഒരു ബക്കറ്റ്‌ വെള്ളം കൊണ്ട് എന്ത് ചെയ്യാനാ എന്റെ അച്ചുമ്മാമാ എന്ന് ചോദിക്കാന്‍ ഒരു കെ ഈ എന്നും നാവനക്കിയില്ലല്ലോ.

സീ പി എമ്മിന്റെ ക്വോട്ടെശന്‍, കൊലവെറി, കൊലപാതക രാഷ്ട്രീയത്തിനെതിരെ വോട്ടു ചെയ്യണം എന്ന ദൃഡനിശ്ചയം നെയ്യാറ്റിന്‍കരക്കാര്‍ക്കുണ്ടായിരുന്നു. കൂറ്മാറ്റത്തിനും, കാലുമാറ്റത്തിനുമെതിരെ ഉയര്ന്നതിനേക്കാള്‍ തീവ്രത  ആ വികാരത്തിനായിരുന്നു.  തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയില്‍ പലരും ശെല്‍വരാജിന് ആഞ്ഞു കുത്തിയെങ്കിലും   കടലിനും ചെകുത്താനുമിടയിലായവര്‍ക്ക് താമരയായിരുന്നു പിന്നെ അവസാന പിടിവള്ളി. 

യൂ ഡി എഫ് മണി(യെ) കാണിച്ച് വോട്ടു പിടിച്ചെങ്കില്‍  പണ്ടെന്നോ മന്ത്രിയായതില്‍ ചന്തിയിലുള്ള തഴമ്പ് കാട്ടിയാണ് ബി ജെ പിയുടെ വോട്ടു പിടുത്തം. അനന്തപദ്മനാഭന്‍റെ മൂക്കിനു താഴെ ഏതു മണ്ഡലത്തിലാണെങ്കിലും ബി ജെ പി ക്ക് നിര്‍ത്താനുള്ളത് ഈ രാജഗോപാലും, കാണിക്കാനുള്ളത് ചന്തിയിലെ തഴമ്പുമാണ്. പിന്നെ പറയാനുള്ളത് ലീഗിന്റെ ഇസ്ലാമിക ഭരണവും! ഹല്ലാ പിന്നെ...  

അഞ്ചാം മന്ത്രി വിവാദത്തിലൂടെ  മാര്‍ക്സിസ്റ്റ്‌പാര്‍ട്ടി ആഗ്രഹിച്ച  സാമുദായിക ധ്രുവീകരണം രാജഗോപാല്‍ നന്നായി മുതലെടുത്തു എന്നും വിലയിരുത്താവുന്നതാണ്.  പെരുന്നയില്‍ പോയി പെറ്റ് കിടന്ന സഖാക്കളും, ബി ജെ പി യും തമ്മില്‍ ഉരുത്തിരിഞ്ഞു വന്ന അടവുനയത്തിന്റെ ആദ്യ പരീക്ഷണശാല കൂടിയായിരുന്നു നെയ്യാറ്റിന്‍കര. കോ ലീ ബി സഖ്യം എന്ന് പരിഹസിച്ചു പാടി നടന്നവര്‍ പുതിയ ജെ സീ ബി (ജനതാ ദള്‍ , സീ പി എം, ബി ജെ പി) സഖ്യം രൂപപ്പെടുത്തിയത് അച്യുതാനന്ദനെ കൂടി കണക്കിലെടുത്താവും.  ഇടതു ഭൂരിപക്ഷ പ്രദേശങ്ങളിലെ വോട്ടു ചോര്‍ച്ചയും, രാജഗോപാലിന് ലഭിച്ച വോട്ടു വര്‍ധനയും ചേര്‍ത്തു വായിച്ചാല്‍ ജെ സീ ബി സഖ്യത്തിന്റെ നയം വ്യക്തവുമാണ്.  

തലയുള്ളിടത്തോളം  കാലം ചീരാപ്പ്‌ മാറില്ല എന്ന് പറഞ്ഞത് പോലെ നെയ്യാറ്റിന്‍കര എന്നും സീ പി എമ്മിനെ വേട്ടയാടികൊണ്ടിരിക്കും. യൂ ഡി എഫ്; ഭരണത്തിലിരുന്നു കൊണ്ട് നേരിട്ട ഉപതെരഞ്ഞെടുപ്പുകള്‍ മിക്കതും യൂ ഡി എഫ് പരാജയപ്പെട്ട ചരിത്രമാണ് കേരളത്തിലുള്ളത്. പിറവത്ത് സിറ്റിംഗ് സീറ്റ്‌ നിലനിര്‍ത്തുകയും, നെയ്യാറ്റിന്‍കരയില്‍ സീ പി എം സീറ്റ്‌ യൂ ഡി എഫ് പിടിച്ചെടുക്കുകയും ചെയ്തതോടെ  വവ്വാല്‍ ഊമ്പിയ അണ്ടിയുടെ പരുവത്തിലാണ് സീ പി എം. എത്രയും പെട്ടന്ന് പാര്‍ട്ടിയുടെ അവൈലബിള്‍ പി ബി കൂടി  പാര്‍ട്ടി ചാനലില്‍ നെയ്യിന്റെ പരസ്യവും, ആറ്റിന്‍കരയോരത്ത് എന്ന് തുടങ്ങുന്ന പാട്ടും നിരോധിച്ചാല്‍ പി ബി കൂടാനെങ്കിലും കേരളത്തില്‍ നിന്ന് ആളെ കിട്ടും. അല്ലെങ്കില്‍ പ്രകാശ്‌ കാരാട്ടിനും, സീതാറാം യെച്ചൂരിക്കും ഏതെന്കിലും ഹോട്ടലില്‍ കയറി സി. ബി കഴിച്ചു പിരിയേണ്ടി വരും, കാത്തിരുന്നു കാണാം..



പിന്‍  കുറി: അച്ചുതാനന്ദന്‍ എന്ന സേഫ്റ്റി വാള്‍വുപയോഗിച്ച് സീ പി എം അധികമായി നേടിയെടുത്ത മുഴുവന്‍ സീറ്റുകളും പലിശ സഹിതം യൂ ഡി എഫിനു തിരിച്ചു കൊടുക്കാന്‍ തുടങ്ങി.. വണ്‍ , ടൂ ത്രീ , ഫോര്‍ .....