'ബുദ്ധന്‍റെ ചിരി' പോലെ പ്രശസ്തമാണ് നമ്മുടെ അച്യുതാനന്തന്റെ ചിരിയും. പൊക്രാനില്‍ വല്ല പൊട്ടിത്തെറിയുമുണ്ടായാലാണ് 'ബുദ്ധന്‍ ചിരി'ക്കാറുള്ളതെങ്കില്‍ ,പാര്‍ട്ടി പൊട്ടി പാളീസാകുമ്പോഴാണ് അച്ചുതാനന്തന്റെ ചിരി. പലപ്പോഴും ഈ ചിരി കൊലച്ചിരിയായി രൂപം പ്രാപിക്കാറുമുണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഈ കൊലച്ചിരി കേരളം കണ്ടതുമാണ്. പിറവം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും അച്ചുതാനന്തന്‍ ചിരിക്കാന്‍ മറന്നിട്ടില്ല, പക്ഷെ കാപിറ്റലിനോടും, പണിഷ്മെന്റിനോടുമുള്ള അടങ്ങാത്ത പക കാരണം ചിരി ഉള്ളിലാണെന്ന് മാത്രം....
പണ്ടത്തെ കമ്മ്യുണിസ്റ്റ് സഖാക്കള്‍ക്ക് കാപിറ്റല്‍ എന്ന് കേട്ടാലായിരുന്നു പേടി. ഇന്ന് കാപിറ്റല്‍ പണിഷ്മെന്റ് എന്ന് കേട്ടാലാണ് പേടി. പണ്ട് എല്ലാ സഖാക്കളുടെയും കയ്യില്‍ ദാസ്‌കാപിറ്റല്‍ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഇന്ന് എല്ലാ സഖാക്കളും കാപിറ്റല്‍ ദാസന്‍മാരായി വളര്‍ന്നു. ദാസനെന്നോ, വിജയനെന്നോ വ്യത്യാസമില്ലാതെ കാപിറ്റല്‍ വളരുമ്പോള്‍ സ്വയം മാറി നിന്ന് കുളിമുറിയിലേക്ക് നോക്കുന്നവനല്ലേ വിഡ്ഢി.. ആ ഒരുള്‍വിളിയാണ് അച്ചുമ്മാമന്‍റെ മകനുമുണ്ടായത്. എല്ലാവരും കാപിറ്റലിന് പിന്നാലെ ഓടുമ്പോള്‍ താനായിട്ടു എന്തിനു മാറി നില്‍ക്കണം..ഹല്ലാ പിന്നെ. പാര്‍ട്ടിയും ആദര്‍ശവും തീവ്രപരിചരണവിഭാഗത്തില്‍ വെന്റിലേറ്ററിലാണെങ്കിലും അച്ചുതാനന്തനും, അപസര്‍പ്പക കഥകളും, ഐസ്ക്രീമുമൊക്കെയായിരുന്നല്ലോ ഇടക്കൊരു ഓക്സിജന്‍. ഈ ഓക്സിജന്റെ അഭാവമാണ് പിറവത്ത് പാര്‍ട്ടിക്ക് ശ്വാസം മുട്ടിയതും.
സാധാരണ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അച്ചുതാനന്തന്‍ നടത്താറുള്ള ഗിമ്മിക്കുകള്‍ പലവുരു കണ്ടതാണ് നമ്മള്‍ . ഒന്നുകില്‍ ഒരു വ്യഭിചാരക്കേസ്, അതല്ലെങ്കില്‍ ഏതെന്കിലും വ്യവഹാരിക്കേസ്..ഈ രണ്ടുമാണ് ഈ മാമന്റെ മാസ്റ്റര്‍ പീസും. പിറവത്തെ യൂ ഡി എഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേകബ് രാഷ്ട്രീയത്തില്‍ പിച്ച വെക്കുന്നല്ലെയുള്ളൂ.. ഏതെങ്കിലും പെണ്ണ്കേസോ, അഴിമതിക്കേസോ ഈ ചെറുക്കനെ കുറിച്ച് പറഞ്ഞു ചെന്നാല്‍ ജനം 'സുനാപ്ലി'യില്‍ പിടിച്ചു ഞൊരണ്ടി വിടുമെന്ന് മാമന് നന്നായറിയാം. അത് കൊണ്ട് തന്നെ മാമന്റെ പതിവു ഗൂഗ്ലി പിറവത്തെ പിച്ചില്‍ ഏശിയില്ല.. ഈ ധര്‍മ്മസങ്കടം അലട്ടികൊണ്ടിരിക്കുമ്പോഴാണ് സ്വന്തം ട്രൌസറിനടിയില്‍ നിന്നും ശെല്‍വരാജ് പുറത്തു ചാടുന്നത്.
തിരുവനന്തപുരത്തു കാപിറ്റല്‍ പണിഷ്മെന്റ് പറഞ്ഞു തന്റെ ട്രൌസറിന് തീയിടാന്‍ ശ്രമിച്ചവര്‍ ശെല്‍വരാജിനെ പുകച്ചു പുറത്തു ചാടിച്ചതാണെന്ന് അച്ചുമ്മാമന് നന്നായറിയാം. പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെയും, തന്റെ കൂടെയുള്ളവര്‍ക്കെതിരെയും നടക്കുന്ന അപ്രഖ്യാപിത യുദ്ധം ട്രൌസറിന് തന്നെ തീ പിടിക്കുന്ന അതീവ ഗുരുതരാവസ്ഥയില്‍ എത്തി നില്‍ക്കുമ്പോഴാണ് അച്ചുതാനന്തന് ഒരു അഭിസാരികയെ കുറിച്ച് ഉള്വിളിയുണ്ടാകുന്നത്. പിറവത്ത് വ്യഭിചാരവും, വ്യവഹാരവും പറയാന്‍ കഴിയാതെ നാവു തരിച്ചു നില്‍ക്കുന്ന അച്ചുമ്മാമന്‍ മുമ്പും പിമ്പും നോക്കാതെ വെച്ച് കാച്ചി..അഭിസാരിക. അവസാനം അഭിസാരികയെന്നാല്‍ കറിവേപ്പില എന്നാണെന്ന് മലയാളിക്ക് വാമൊഴി വഴക്കം പഠിപ്പിക്കാനും ഈ മലയാളി മാമന്‍ മറന്നില്ല. കറിവേപ്പിലയുടെ ഈ ചാരിത്ര്യ പ്രസംഗം കേട്ട് ശീലിച്ച, കാതു തഴമ്പിച്ച മലയാളി ഇപ്പോള്‍ ഒത്തൊരുമിച്ച് പറയുന്നു മലയാളി മാമാ വണക്കം... കറിവേപ്പില കൊടുത്താല്‍ പിറവത്തും കിട്ടും..
സീ പി എമ്മില്‍ നിന്ന് പുറത്തു പോയ സിന്ധു ജോയിയെ 'അഭിസാരിക' എന്ന് വിളിച്ചു ആക്ഷേപിച്ചതിലൂടെ അച്ചുതാനന്തന്‍ നേടിയതാവട്ടെ ഒരു വെടിക്ക് രണ്ടു പക്ഷിയും. ശെല്‍വരാജിന്റെ രാജിക്ക് പിന്നില്‍ തനിക്ക് പങ്കില്ലെന്ന് തെളിയിക്കാനും, പിറവത്ത് പാര്‍ട്ടിയെ കുരിശില്‍ കയറ്റാനും ഇതോടു കൂടി അച്ചുതാനന്തന് കഴിഞ്ഞു. പിറവം എന്ന യൂ ഡി എഫിന്റെ പരമ്പരാഗത സീറ്റ് പിടിച്ചെടുത്ത് പ്രതിപക്ഷത്തു എണ്ണം വര്‍ദ്ധിപ്പിക്കാനും, യൂ ഡി എഫിലെ ചെറുമീനുകളെ കൂട്ട് പിടിച്ചു എങ്ങനെയെങ്കിലും ഭരണത്തിലേക്ക് രണ്ടടി മുന്നോട്ടു വെക്കാനും പാര്‍ട്ടി നടത്തിയ ചരടുവലികള്‍ അച്ചുമ്മാമന് നന്നായറിയാം. ഇനി ഒരിക്കല്‍ കൂടി മുഖ്യ മന്ത്രി കസേരയില്‍ കയറിയിരിക്കാന്‍ പോളിറ്റ് ബ്യുറോ എന്നല്ല സാക്ഷാല്‍ കാറല്‍ മാര്‍ക്സ് തന്നെ വന്നു പറഞ്ഞാലും അവസരം ലഭിക്കില്ലെന്നും അച്ചുതാനന്തനറിയാം.
മുഖ്യമന്ത്രി കസേരയില്‍ ഇരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷവും കേസും കോടതിയുമായി കയറിയിറങ്ങി ചെരുപ്പ് തേഞ്ഞതു മിച്ചം...കേസുകള്‍ക്കും, വ്യവഹാരങ്ങള്‍ക്കും എവിടുന്നു പണം കിട്ടിയെന്നു പാര്‍ട്ടിക്ക് പോലും സംശയം. അഞ്ചു കൊല്ലത്തെ ഈ വ്യവഹാരക്കസര്‍ത്തുകള്‍ക്കിടയില്‍ വീ എസ് ഭരിക്കാന്‍ മറന്നുവെന്നും പറയുന്നത് പാര്‍ട്ടി തന്നെ. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും നടപ്പാക്കിയില്ല എന്ന് മാത്രമല്ല, മുന്‍ സര്‍ക്കാരിന്റെ പദ്ധതികളെ തുരങ്കം വെക്കുക കൂടി ചെയ്തു. ഇതോടെ വീ എസ് എന്ന രണ്ടക്ഷരം 'വികസനത്തിന്റെ ശത്രു' എന്ന പൂര്‍ണ്ണ രൂപം പ്രാപിക്കുകയുമുണ്ടായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നേട്ടമുണ്ടായില്ലെന്നു ഞാന്‍ പറയില്ല. ഒരാള്‍ക്ക് നേട്ടമുണ്ടായിട്ടുണ്ട്.. അത് മറ്റാര്‍ക്കുമല്ല, വീ എസ്സിന്റെ പൊന്നോമന മകന്‍ അരുണ്‍ കുമാറിന് തന്നെ.. അച്ഛനും, മകനും കൂടി നടത്തിയ പല കൂട്ടുകൃഷികളും പൊടി തട്ടിയെടുത്തു പൊതുജനസമക്ഷം കൊണ്ട് വരുന്ന കുഞ്ഞൂഞ്ഞ്, കുഞ്ഞാപ്പ, കുഞ്ഞുമാണി കൂട്ടുകെട്ട് അച്ചുതാനന്തനെ മാളത്തില്‍ നിന്നും പുറത്തു വരാന്‍ പോലും അനുവദിക്കുന്നില്ല. നീണ്ടു നിവര്‍ന്നു പാമ്പിനെ പോലെ മാളത്തിലേക്ക് തന്നെ ഉള്‍വലിയുന്നുവെങ്കിലും, ബിരിയാണി കൊടുക്കുന്നുണ്ടോ എന്നു നോക്കാന്‍ ഇടയ്ക്കിടയ്ക്ക് തല പുറത്തേക്കിടുകയാണ് മാമന്‍. പുറത്തു വടിയുമായി നില്‍ക്കുന്ന പിണറായി സഖാവിനെ കാണുമ്പോള്‍ വീണ്ടും തല തിരിച്ചു മാളത്തിലേക്ക് തന്നെ ചുരുണ്ടു കൂടുന്നു. അപ്പൊ പിന്നെ എല്ലാം തനിക്കാക്കി ബെടക്കാക്കുക തന്നെ.
പിറവത്ത് പാര്‍ട്ടിയെ ജയിപ്പിക്കാന്‍ ഓടുന്ന ജേക്കബിനു ഒരു മുഴം മുമ്പേ ഇറങ്ങിയതായിരുന്നു പാര്‍ട്ടി. ഇതിനിടയിലാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെ പലര്‍ക്കും യേശുവിന്റെ 'വിളി' വന്നത്. പിറവത്തെ ഓര്‍ത്തഡോക്സ്, യാക്കോബായ തുടങ്ങിയ സഭാ ആസ്ഥാനങ്ങളില്‍ ഈ സഖാക്കള്‍ കോഴിപ്പേനുകളെ പോലെ അരിച്ചു നടന്നു, അത്താഴം വരെ ഉണ്ടതായിരുന്നു...പക്ഷെ മാര്‍ക്സ്-യേശു സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ അവസാനത്തെ അത്താഴം പുത്തരിയിലെന്ന പോലെ കല്ലുകടിയായി. 'യേശു' വന്നു വിളിച്ചാല്‍ ഓര്‍ത്തഡോക്സ്, യാക്കോബായ തുടങ്ങിയ പിറവകൃസ്ത്യാനികള്‍ ഓടി വരുമെന്നാണ് പിണറായി സഖാവ് ധരിച്ചത്. പക്ഷെ ഓടി വന്നത് കണ്ണൂരില്‍ നിന്നും പിണറായി സഖാവിന്റെ അപ്പോസ്തലന്‍ ജയരാജന്‍ സഖാവാണ്. കണ്ണൂരില്‍ നിന്നും വന്ന ജയരാജന്‍ സഖാവിന്റെ ചെരുപ്പ് തേഞ്ഞതല്ലാതെ പിറവത്ത് എട്ടുനിലയിലും പൊട്ടാനായിരുന്നു പാര്‍ട്ടിക്ക് യോഗം.
അതിരാവിലെ ആര്‍ക്കൊക്കെ വിളിക്കണം, ഏതു സോപ്പ് തേക്കണം എന്നൊക്കെ ഇന്ത്യാ വിഷനിലേക്ക് വിളിച്ചു ചോദിക്കേണ്ട ഗതികേടിലായിരുന്നു നമ്മുടെ ചീഫ് വിപ്പ്...പിറവം ഫലം പ്രഖ്യാപിച്ചതോടെ ആദ്യം ശ്വാസം വിട്ടതും മൂപ്പരാണ്. ചീഫ് വിപ്പ് ഹാഫ് വീര്‍പ്പിടുംപോഴെക്കു ചാനലില്‍ ബ്രെയ്കിംഗ് ന്യൂസ്...കക്കൂസില്‍ പോയാല്‍ അത് എക്സ്ക്ലൂസീവ്.. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന മാലിന്യ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പീസി ജോര്‍ജ് എന്ന് ഗമണ്ടന്‍ ചര്‍ച്ച. ഹോ എന്തായിരുന്നു പുകില്.. ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റപ്പോഴും ആരോ പറഞ്ഞു അതിനു പിന്നില്‍ പീ സി ജോര്‍ജ് ആണെന്ന്..
ഇന്ത്യാവിഷന്‍ എന്ന ചാനലും, വാരാന്ത്യ വക്കീലും, മറ്റു ചില ഇടതു മാധ്യമപ്രവര്‍ത്തകരും കൂടി തിരക്കഥ തയ്യാറാക്കി നടത്തിയ നാടകമാണ് പിറവത്തെ ജനങ്ങള്‍ നാലും കൂട്ടി പൊളിച്ചെറിഞ്ഞത്. ശെല്‍വരാജ് എന്ന ഉറച്ച കമ്മ്യുണിസ്റ്റ്‌കാരനെ എം എല്‍ എ സ്ഥാനം പോലും വലിച്ചെറിഞ്ഞു പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത് പണമാണെങ്കില്‍ , പിറവത്തെ ഇടതു സ്ഥാനാര്‍ഥി എം ജെ ജേകബും അങ്ങനെ കോടികള്‍ കണ്ടു മയങ്ങി വീഴില്ലെന്നാരു കണ്ടു.. ഈ സംശയം പിറവത്തെ ജനങ്ങള്‍ക്കുണ്ടാക്കിയെന്നതാണ് ഇന്ത്യാവിഷന്‍ കൊണ്ട് വന്ന ആരോപണത്തിന്റെ അനന്തരഫലം. ആരോപണങ്ങളെ എല്ലാം അവഗണിച്ചു വികസനവും, കരുതലും എന്ന മുദ്രാവാക്യവുമായി ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയതും ശ്രദ്ധേയമായി.
കേരളത്തിലെ സാധാരണക്കാരന്റെ പള്‍സറിഞ്ഞാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ജനസമ്പര്‍ക്ക പരിപാടികളുമായി നടന്ന് ചെരുപ്പ് തേഞ്ഞ ആദ്യത്തെ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. സ്മാര്‍ട്ട് സിറ്റി, കൊച്ചിയില്‍ മെട്രോ, കോഴിക്കോട്ട് മോണോ, കാസര്‍ഗോഡ്, മലപ്പുറം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട്ട് ഐ ഐ ടി, കോട്ടയത്ത് ഐ ഐ എസ് ടി. ക്ഷേമ പെന്‍ഷനുകളുടെ തുക വര്‍ദ്ധിപ്പിച്ചതിനു പുറമെ ഉമ്മന്‍ ചാണ്ടി കൊണ്ട് വന്ന നിരവധി പാക്കേജുകള്‍ വേറെയും.. . ചെങ്ങറ പാക്കേജ് , മൂലമ്പള്ളി പാക്കേജ്, എന്‍ഡോസള്‍ഫാന്‍ പാക്കേജ്, ആദിവാസി പാക്കേജ്, അധ്യാപക പാക്കേജ്...അങ്ങനെ നീളുന്നു ജനോപകാരപ്രദമായ പാക്കേജുകള്‍ . ജന സമ്പര്‍ക്ക യാത്രയിലൂടെ കേരളം മുഴവന്‍ ഓടി നടന്ന് പരാതികള്‍ സ്വീകരിച്ച മുഖ്യമന്ത്രി തന്റെ ഓഫീസിന്റെ പ്രവര്‍ത്തനം നേരിട്ട് കാണാവുന്ന തരത്തില്‍ സുതാര്യവുമാക്കി. മുഖ്യമന്ത്രി വില്ലേജ് ഓഫീസറുടെ പണിയെടുക്കുന്നു എന്ന് ആക്ഷേപിക്കുന്നവര്‍ കഴിഞ്ഞ അഞ്ചു വര്ഷം ഒരു വില്ലേജ് ഓഫീസറുടെ പോലും പണിയെടുക്കാനോ, പണിയെടുപ്പിക്കാനോ ശ്രമിക്കാത്തതിന്റെ ബാക്കിപത്രമാണ് ഉമ്മന്‍ ചാണ്ടിക്ക് മുമ്പില്‍ പരാതികളായി പ്രത്യക്ഷപ്പെട്ടത്. കേരളത്തില്‍ ഒരു ഭരണമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ വിജയം. ഈ വിജയത്തിലാണ് പിറവത്തെ വിജയം പിറവി കൊള്ളുന്നതും.
ശിഷ്ടം : പണ്ട് അര്‍ജന്റീനക്കെതിരെ ഫുട്ബാള്‍ മല്‍സരത്തിനു തയാറെടുത്ത ഇന്ത്യന്‍ ടീമിനെ പോലെയാണ് ഇപ്പോള്‍ ഇടതു ക്യാമ്പ്. നെയ്യാറ്റിന്‍കരയെന്നു കേള്‍ക്കുമ്പോഴേക്കു എല്ലാവരും ബോധം കെടുന്നു..ഇടക്ക് ബോധം വരുമ്പോഴൊക്കെ നേതാക്കള്‍ പരസ്പരം ചോദിക്കുന്നു, "കഴിഞ്ഞോ..." പാര്‍ട്ടി ചാനലില്‍ കുറച്ചു കാലത്തേക്ക് നെയ്യിന്റെ പരസ്യവും, ആറ്റിന്‍കരയോരത്ത്..എന്ന് തുടങ്ങുന്ന പാട്ടും കൊടുക്കേണ്ടെന്ന് അവൈലബ്ള്‍ പി ബി :) :)




