അശ്ലീലച്ചുവയുള്ള അംഗവിക്ഷേപങ്ങള്‍ കൊണ്ടും, അര്‍ത്ഥഗര്‍ഭങ്ങളായ പരിഹാസങ്ങള്‍ കൊണ്ടും, പേരെടുത്തുള്ള ആക്ഷേപങ്ങള്‍ കൊണ്ടും പണ്ടേ പേര് കെട്ടവരാണ് നമ്മുടെ കമ്മ്യുണിസ്റ്റ് കോമഡിസ്റ്റുകള്‍ .ഏറനാടനെന്നോ, മലനാടനെന്നോ, കുട്ടനാടനെന്നോ വ്യത്യാസമില്ലാതെ വായില്‍ തോന്നുന്നതെന്തും കോതക്ക് പാട്ട് എന്നത് പോലെ കേരളം എത്രയോ കേട്ട് തഴമ്പിച്ചതാണ് ഈ കമ്മ്യുണിസ്റ്റ് 'തമാശകള്‍ ' , കൊലച്ചിരി മാത്രം പരിചയമുള്ള പാര്‍ട്ടി സഖാക്കള്‍ക്ക് ഇപ്പോഴാണ് ഇത്തരം ഇമ്മിണി ബല്ല്യ തമാശകളെ കുറിച്ച് വെളിപാടുണ്ടായത്. സക്രാത്തിന്റെ ഹാലില്‍ കിടക്കുന്ന പാര്‍ട്ടിയെ നയിക്കാന്‍ വീണ്ടും ഭാഗ്യം ലഭിച്ച പിണറായി വിജയന് ഇതൊരു ചരിത്രനിയോഗമായിരിക്കാം. പിണറായിയിലെ പാറപ്പുറത്തു നിന്നും തീപ്പന്തമായി ഉയര്‍ന്നു വന്ന പാര്‍ട്ടി, പിണറായിയോടെ തന്നെ ഒരു കരിന്തിരിയായി കെട്ടടങ്ങുമോയെന്ന ഭീതി പങ്കുവെക്കുന്നുണ്ട് പല കമ്മ്യുണിസ്റ്റ് ചിന്തകരും.. പാര്‍ട്ടി തീപന്തമായതല്ല, തീപന്തം പാര്‍ട്ടിയായതാണ് എന്ന് കേരളം സംശയിച്ചു പോകുന്ന കൊലകളും, കൊലവെറികളുമാണ് ഇന്നത്തെ പാര്‍ട്ടിയുടെ ഊര്‍ജ്ജം. പാര്‍ട്ടി തന്നെ സ്റ്റേറ്റും, പാര്‍ട്ടി തന്നെ നിയമവും, പാര്‍ട്ടി തന്നെ കോടതിയും, പാര്‍ട്ടി തന്നെ ആരാച്ചാരുമാകുന്ന ഈ ആസുരകാലത്ത് കേട്ടതും, കണ്ടതുമെല്ലാം തമാശകളായി സെക്രെട്ടറിയുടെ പാര്‍ട്ടിക്ക്, അല്ലെങ്കില്‍ പാര്‍ട്ടിയുടെ സെക്രെട്ടറിക്ക് തോന്നുന്നുവെങ്കില്‍ നമ്മളും ചിരിക്കുക തന്നെ, അല്ലെങ്കില്‍ അരിവാള്‍ കഴുത്തില്‍ വെച്ച് ഇക്കിളിപ്പെടുത്തി ചിരിപ്പിക്കാന്‍ പാര്‍ട്ടിക്ക് ക്വട്ടേഷന്‍ കൊടുക്കേണ്ടി വരും..ങ്ങ് ഹാ ഹ ഹാ
പാര്‍ട്ടി ഗ്രാമങ്ങളിലെ പാര്‍ട്ടി നിയമങ്ങള്‍ക്ക് മുകളില്‍ പറന്ന രണ്ടു ശലഭങ്ങളെ അറുകൊല ചെയ്തതോടെ തുടങ്ങിയ ഈ ദുര്‍ഗതി പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയത്തിന്റെ കെട്ടുകാഴ്ചകളിലേക്ക് ഒരു ഫ്ലാഷ്ബാക്കായി പരിണമിക്കുകയാണിന്ന്, കണ്ണൂര്‍ അരിയിലെ ശുക്കൂര്‍ എന്ന ഇളംതളിരിനെ പാര്‍ട്ടിക്കോടതിയില്‍ വിചാരണ നടത്തി വധശിക്ഷ നടപ്പാക്കിയവര്‍ , ആ മുറിവുണങ്ങും മുമ്പാണ് ഒഞ്ചിയത്തിന്റെ വിപ്ലവമുഖം പോലും വികൃതമാക്കി, സഖാവ് ചന്ദ്രശേഖരനെ വെട്ടി നുറുക്കിയത്. ഗുജറാത്ത് വംശഹത്യയുടെ ഭീതിപ്പെടുത്തുന്ന ചിത്രമായി കുത്തുബുധീന്‍ അന്‍സാരി ഇന്നും നമ്മുടെ മനസ്സുകളിലുണ്ട്. ജീവന് വേണ്ടി യാചിക്കുന്ന ആ മുസ്ലിം യുവാവിന്റെ ചിത്രം കേരളത്തിലെ തെരുവോരങ്ങളില്‍ വോട്ടിനു വേണ്ടി ദുരുപയോഗം ചെയ്തവരാണ് ഈ നാട്ടിലെ കമ്മ്യുണിസ്റ്റുകള്‍ . കലാപകാരികള്‍ മരണം വിധിച്ചിടത്തു നിന്നും കുത്ത്ബുധീന്‍ അന്‍സാരിക്ക് രക്ഷപ്പെടാന്‍ പോലും സാധിച്ചത് ജീവന് വേണ്ടിയുള്ള ദൈന്യമായ ആ യാചനയിലൂടെയായിരുന്നു. മണിക്കൂറുകളോളം പാര്‍ട്ടി മാടമ്പികള്‍ക്ക് മുമ്പില്‍ ജീവന് വേണ്ടി യാചിച്ച അരിയില്‍ ശുക്കൂറിനോടും, സഖാവ് ചന്ദ്രശേഖരനോടും സംഘപരിവാരത്തിന്റെ ശത്രുദയപോലും കാണിക്കാത്ത ഈ നികൃഷ്ടജീവികള്‍ പ്രതിനിധീകരിക്കുന്നത് ഫ്യൂഡലിസത്തെയല്ലേ....
ശുക്കൂര്‍ , ചന്ദ്രശേഖരന്‍ വധങ്ങളോടെ കേരളീയ മനസ്സാക്ഷി ഈ ഫ്യൂഡലിസ്റ്റ്, പൈശാചിക പ്രതിരൂപങ്ങളെ തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഈ അസഹ്യതയാണ് സഖാവ് ടി കെ ഹംസയെ ഏറനാടന്‍ തമാശക്ക് പ്രേരിപ്പിച്ചതും, പാര്‍ട്ടിയിലെ മുതിര്‍ന്ന സഖാവ് വീ എസ് അച്ചുതാനന്തന്‍, പാര്‍ട്ടി കുടുങ്ങുമ്പോഴൊക്കെ പിന്നില്‍ നിന്നും കോലിട്ടിളക്കുകയാണ് എന്ന ഹംസാക്കയുടെ ദ്വയാര്‍ത്ഥത്തിലുള്ള പ്രയോഗം പാര്‍ടിയിലെ ക്രീമിലെയറുകളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. ഏറെ കാലമായി മുഖപ്രസന്നതയോടെ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ മുഖം വീര്‍പ്പിച്ചു നടക്കുന്ന സംസ്ഥാന നേതാക്കള്‍ക്ക് ഇത് തന്നെയല്ലേ ഏറ്റവും വലിയ തമാശ, ഹംസാക്കയുടെ അച്ചുതാനന്തവധം ആട്ടക്കഥ കണ്ടു പാര്‍ട്ടി നേതാക്കള്‍ കൂട്ടച്ചിരി ചിരിക്കുമ്പോള്‍ പാര്‍ട്ടി സക്രാത്തിന്റെ ഹാലിലാണ് എന്ന ഹംസാക്കയുടെ വാദം എല്ലാവരും കൂടി സമ്മതിക്കുകയല്ലേ?
പ്രതിപക്ഷ ബഹുമാനമില്ലാത്ത പദപ്രയോഗങ്ങള്‍ ആളുകളുടെ കയ്യടി കിട്ടാന്‍ വേണ്ടി സ്ഥാനത്തും, അസ്ഥാനത്തും പ്രയോഗിക്കുന്നയാളാണ് സഖാവ് ഹംസാക്ക. റജീനയുടെ ഒക്കത്തുള്ള കുട്ടിയെ ചൂണ്ടി, കുഞ്ഞാലിക്കുട്ടിയുടെ മുഖത്തേക്ക് നോക്കാന്‍ പറഞ്ഞ ഹംസാക്കയെ അന്നൊരു രാഷ്ട്രീയ നേതാവും വിമര്‍ശിച്ചില്ല. മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചു നാക്കും നീട്ടി നടന്ന ഈ സഖാവ് ഒന്നുകില്‍ കുഞ്ഞാലികുട്ടിക്കു അരയുടെ താഴേക്ക് ഭ്രാന്ത്, അതല്ലെങ്കില്‍ റജീനക്ക് അരക്ക് മേലോട്ട് ഭ്രാന്ത് എന്നൊക്കെ പ്രസംഗിച്ചാണ് മലപ്പുറം ചുവപ്പിക്കാന്‍ വേണ്ടി ഓടി നടന്നത്. മുസ്ലിം ലീഗിന്റെ അര റാത്തല്‍ ഇറച്ചിക്ക് വേണ്ടി ഹംസാക്ക ദാഹിച്ചു നടന്ന ആ കാലം ആരും മറന്നു കാണില്ല. മഞ്ചേരിയെന്ന ലീഗിന്റെ മക്കയില്‍ വിജയക്കൊടി പാറിച്ചതോടെ പാര്‍ട്ടിയില്‍ വാഴ്ത്തപ്പെട്ടവനായ ഹംസ, പിന്നീട് കെ ടി ജലീലിനെ വീഴ്ത്തിയവനുമായി. യഹ്ജൂജും, മഹ്ജൂജും ഇറങ്ങിയത് പോലെ മലപ്പുറം മുഴുവന്‍ ചുവപ്പിക്കാന്‍ ഈ സഖാക്കള്‍ ഓടി നടക്കുമ്പോള്‍ ധാന്വന്തരം കുഴമ്പിട്ട് കാല്‍ തടവിക്കൊടുത്തവരില്‍ അന്ന് സഖാവ് വീ യെസ്സുമുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് മന്ത്രി ഗണേഷ്‌കുമാര്‍ സഖാവ് വീഎസ്സിനെ കാമഭ്രാന്തന്‍ എന്ന് വിളിച്ചു അധിക്ഷേപിച്ചപ്പോഴും ഹംസാക്ക അശ്ലീലച്ചുവയോടെ ഗണേഷിനെതിരെ സ്റ്റേജില്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ കണ്ടവരാണ് നമ്മള്‍ .
പട്ടുറുമാലില്‍ മാര്‍ക്കിടുക എന്നത് ഒരു ഗോമ്പറ്റീഷന്‍ ഐറ്റമല്ലെങ്കിലും പാര്‍ട്ടിയില്‍ നിന്നും ഒരുപാട് ഗപ്പ് കിട്ടിയയാളാണ് ഹംസാക്ക. അത് സഖാവ് വീ യെസ്സിനെയെങ്കിലും ബോധ്യപ്പെടുത്താനായി എന്നത് ഇമ്മിണി ബല്ല്യ തമാശ തന്നെയാണ്. ഹംസാക്കയുടെ വാമൊഴികള്‍ ഏറനാടന്‍ തമാശയായി പാര്‍ട്ടി സെക്രട്ടറി പ്രമോട്ട് ചെയ്തെങ്കിലും ഓണത്തിനിടക്കുള്ള പുട്ട് കച്ചവടം പോലെ പിന്നെ തമാശക്കാരുടെ ഒരു പൂരം തന്നെയായിരുന്നു പാര്‍ട്ടിയില്‍. അധികാര കേന്ദ്രങ്ങള്‍ക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന സഖാവ് ഹംസാക്കക്ക് ചാട്ടുളി പോലുള്ള മറുപടി നല്‍കി സഖാവ് വീ എസ് പറഞ്ഞത് കുട്ടനാടന്‍ തമാശയായി പ്രമോട്ട് ചെയ്യാവുന്നതാണ്. അശ്ലീലച്ചുവയുള്ള അംഗവിക്ഷേപങ്ങളും, പേരെടുത്തുള്ള ആക്ഷേപങ്ങളും വീ എസ്സിന്റെ പ്രസ്താവനകളെ പതിവ് ഹിറ്റാക്കുന്നതിനാല്‍ അത് മുഴുവന്‍ എഴുതി ചേര്‍ക്കാന്‍ ഒരു പോസ്റ്റ് തന്നെ മതിയാവുകയില്ലല്ലോ... ഏതായാലും വീ എസ് ഉറഞ്ഞു തുള്ളി ഹംസവധം ആടിയെങ്കിലും അതിനേക്കാള്‍ ബിഗ് ഹിറ്റ് കോമഡി ഇപ്പോള്‍ ഇടുക്കിയിലെ വെടിക്കെട്ടുകാരന്റെ ഉടുക്ക് കൊട്ട് തന്നെയാണ്. കോമഡിക്കാര്‍ ഇത്രയേറെ അരങ്ങു വാഴുന്ന ഈ പാര്‍ട്ടിയുടെ പേര് തന്നെ കോമഡി പാര്‍ട്ടി ഓഫ് ഇന്ത്യാ (മാര്‍ക്സിസ്റ്റ്) എന്നാക്കാന്‍ എത്രയും വേഗം അവൈലബിള്‍ പീ ബി ചേര്‍ന്നാല്‍ നന്നാവും.
പാര്‍ട്ടി ഒരുപാട് പേരെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ടെന്നും കൊല്ലേണ്ടവരെ, കൊല്ലുക തന്നെ ചെയ്യുമെന്നും, വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേയെന്നും മണിസഖാവ് മണിമണിയായി തന്നെ പറഞ്ഞു..സബാഷ്!! മണിസഖാവ് പറഞ്ഞതത്രെയും ചാനലുകളില്‍ നിന്നും വീണ്ടും വീണ്ടും, കണ്ടും കേട്ടും ആസ്വദിച്ചു..നാട്ടില്‍ വന്നതിനു ശേഷം കുടുംബത്തോടൊപ്പം ആസ്വദിച്ച നല്ലൊരു ഫാമിലി എന്റര്‍ടെയിനര്‍ ..ചിരിച്ചു ചിരിച്ചു കണ്ണില്‍ നിന്നും വെള്ളം വന്നു
പോയി...അവസാനം കരയാന്‍ കണ്ണിലും വെള്ളല്ല്യാ, കുടിക്കാന്‍ കിണറ്റിലും
വെള്ളല്ല്യായെന്ന അവസ്ഥയിലുമായി.
വെള്ളം തീരെ കിട്ടാത്ത ഈ ചുടു വേനലില്‍
ഇത്തരം തമാശകള്‍ നിരോധിക്കാനാണ് ഉമ്മന്‍ചാണ്ടിസാര്‍ ഇന്നലെ തന്നെ
വാളെടുത്തിരിക്കുന്നത്. എന്തോ, എന്തരോ പാര്‍ട്ടി സെക്രട്ടറി ഒരു സാദാ തമാശയായി പോലും പ്രമോട്ട് ചെയ്തു കണ്ടില്ല, പകരം മണി സഖാവിനെ തള്ളിപ്പറഞെങ്കിലും മണി പറഞ്ഞ കാര്യങ്ങളെ ചെമ്പട്ടില്‍ പൊതിഞ്ഞു മൂടാനാണ് പാര്‍ട്ടി സെക്രട്ടറിയുടെ ശ്രമം. ഏതായാലും മണിസഖാവ് പറഞ്ഞതിലെ വെടിക്കെട്ടുകാരനെ ഇതോടെ മനസ്സിലായി, പക്ഷെ വെടിക്കെട്ടുകാരന്റെ പട്ടിയെന്നു പറഞ്ഞത് ആരെപറ്റിയാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല, ഈ ഹൊറര്‍ കോമഡി ചിത്രം തീരുന്നതിനു മുമ്പ് തന്നെ അത് മനസ്സിലാകുമെന്ന പ്രതീക്ഷയാണുള്ളത് , കണ്ട് കിട്ടുന്നവര്‍ സഹായിക്കണേ...
പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി, ഏരിയാ കമ്മിറ്റി സെക്രട്ടറിമാരും, അംഗങ്ങളും വരെ കൊലപാതകത്തിലെ ആസൂത്രകരായി പോലീസ് പിടിയിലായതോടെ പാര്‍ട്ടി പ്രതിരോധത്തിലാണ്. വേണമെങ്കില്‍ ഒഴിവു വന്ന ലോക്കല്‍ , ഏരിയാ കമ്മിറ്റി സ്ഥാനങ്ങളിലേക്ക് ആളെ ആവശ്യമുണ്ട് എന്നൊരു പത്രപ്പരസ്യം കൊടുക്കാവുന്നതാണ്. ഗുണ്ടായിസവും, ക്വട്ടെഷന്‍ പരിചയവും, കൂടെ കൊലക്കേസ് പ്രതികള്‍ക്ക് മുന്‍ഗണന എന്നും കൂടി നല്‍കാവുന്നതാണ്. സംസ്ഥാന കമ്മിറ്റിയിലേക്ക് ആളെയെടുക്കുന്നെങ്കില്‍ കോമഡിരംഗത്തെ മുന്‍പരിചയം എന്ന് പ്രത്യേകം പരാമര്‍ശിച്ചാല്‍ നന്നാവും..ഹല്ലാ പിന്നെ
വേണമെങ്കില്‍ പോലീസ്‌സ്റ്റേഷനിലും ബോംബുണ്ടാക്കും എന്ന് പറഞ്ഞവരും, പോലീസ് സ്റ്റേഷനില്‍ കയറിചെന്ന് തുടയുഴിഞ്ഞും, മസില്‍ കാണിച്ചും പാര്‍ട്ടി പ്രവര്‍ത്തകരെ ഇറക്കി കൊണ്ടുവന്നവരും ഒന്നും സീ എച്ച് അശോകനടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി സ്റ്റേഷന്‍ കയറികണ്ടില്ല.. ഇവരോക്കെയിപ്പോള്‍ നോണ്‍റീച്ചബ്ള്‍ ആയതോടെ കിനാലൂരിലെ കളിയിലെ പ്രധാന ഡിഫണ്ടര്‍ സഖാവ് എളമരം കരീം തന്നേ മൈതനത്തിറങ്ങി സെന്റര്‍ഫോര്‍വേര്‍ഡ് കളിക്കുകയാണിപ്പോള്‍ . പന്ത് കാലു കൊണ്ട് തൊടാതെയും, ഫൌള്‍ ചെയ്യാതെയും വെറുതെ ഓടിനടക്കുന്ന കരീം സഖാവ് പോലീസ് ടീമിന്റെ ഫൗള്‍ നന്നായി നോട്ട് ചെയ്ത് അവസാനം സന്തോഷ് ട്രോഫിയിലെ പോലെ സെല്‍ഫ് ഗോള്‍ അടിച്ചു കളി തോല്പിക്കുമോ എന്നാണു എന്റെ പേടി..
ഒരഞ്ചുമിനിട്ട് പോലും അശോകനുമായി സംസാരിക്കാന്‍ പാര്‍ട്ടിയുടെ എം എല്‍ എ മാരെ പോലീസ് അനുവദിച്ചില്ല എന്ന് വിലപിക്കുകയാണ് കരീം സഖാവ്. ഒരീച്ച കയ്യില്‍ വന്നിരുന്നാല്‍ പോലും അതിനെ കൊല്ലാതെ ഊതി പറപ്പിക്കുന്ന ആളാണത്രേ സഖാവ് അശോകന്‍. കരീം സഖാവ് ഈച്ചയെ കുറിച്ചു പറഞ്ഞപ്പോഴാണ് ചൈനയില്‍ ഈയിടെ നടപ്പാക്കിയ ഈച്ച നിയമം ഓര്‍മ്മയില്‍ വന്നത്. കമ്മ്യുണിസ്റ്റ് ചൈനയിലെ പൊതുകക്കൂസുകളില്‍ ഇനിമുതല്‍ രണ്ടിലേറെ ഈച്ചകളെ കാണാന്‍ പാടില്ലത്രേ. ഈച്ചയെ കൊല്ലാന്‍ തോക്കെടുക്കാനാണ് കമ്മ്യുണിസ്റ്റ് ചൈനയുടെ പുതിയ ആഹ്വാനം, വിപ്ലവം വരുന്നത് തോക്കിന്‍ കുഴലിലൂടെയാണല്ലോ... പാര്‍ട്ടിയറിയാതെ ഒരീച്ചയും പറക്കാന്‍ പാടില്ലെന്ന അലിഖിത നിയമങ്ങളും, പാര്‍ട്ടി ഗ്രാമങ്ങളും കണ്ട് ഈ കേരളീയ മാതൃക ചൈനീസ് കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ സ്വീകരിച്ചതാകാനേ തരമുള്ളൂ. പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി ചൈനയില്‍ പോയതോടെയാണ് ഈ ഈച്ച നിയമം അവിടെ പ്രാബല്യത്തില്‍ വന്നതെന്ന് ആരും ചേര്‍ത്തു വായിക്കരുത്.